T20 World Cup 2024 Final: രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ കരുത്തുറ്റ ടീമുമായാണ് ഇത്തവണ ഇന്ത്യ ടി 20 ലോകകപ്പ് മത്സരങ്ങളിൽ ഇറങ്ങിയത്. ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യൻ നിര എതിരാളികൾക്ക് ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട്
T20 World Cup 2024 Final: ട്വന്റി ട്വന്റി ലോകകപ്പിൽ പരാജയം അറിയാതെ ഫൈനലിൽ എത്തുന്ന ആദ്യ രണ്ടു ടീമുകളാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും. അതിനാൽതന്നെ ഫൈനൽ മത്സരം തീപാറുമെന്ന് ഉറപ്പാണ്. സെമിയിൽ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഫൈനലിനിറങ്ങുന്നത്. തുടർച്ചയായ എട്ടു മത്സരങ്ങൾ വിജയിച്ച ആത്മവിശ്വാസത്തിലാണ് ആദ്യമായി ലോകകപ്പ് ഫൈനൽ കളിക്കുന്ന ദക്ഷിണാഫ്രിക്ക.
രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ കരുത്തുറ്റ ടീമുമായാണ് ഇത്തവണ ഇന്ത്യ ടി 20 ലോകകപ്പ് മത്സരങ്ങളിൽ ഇറങ്ങിയത്. ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യൻ നിര എതിരാളികൾക്ക് ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട്. സെമിഫൈനലിലെ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ പ്രകടനം ടീമിന് ഫൈനലിൽ ആത്മവിശ്വാസം കൂട്ടുന്നുണ്ട്.
സാധ്യത ഇലവൻ
ഇന്ത്യ: രോഹിത് ശർമ്മ (ക്യാപ്റ്റൻ), വിരാട് കോഹ്ലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.
ദക്ഷിണാഫ്രിക്ക: ക്വിന്റൺ ഡി കോക്ക്, റീസ ഹെൻഡ്രിക്സ്, എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്സ്, ഹെൻഡ്രിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, മാർകോ ജാൻസൻ, കേശവ് മഹാരാജ്, കാഗിസോ റബാദെ, എൻറിച്ച് നോർട്യ, തബരേസ് ഷംസി.
മത്സരം എപ്പോൾ
ടി 20 ലോകകപ്പിന്റെ ഫൈനൽ ബാർബഡോസിലെ കെൻസിംഗ്ടൺ ഓവൽ സ്റ്റേഡിയത്തിലാണ് നടക്കുക. ജൂൺ 29ന് പ്രാദേശിക സമയം രാവിലെ 10.30ന് (ഇന്ത്യൻ സമയം രാത്രി 8 മണി) നടക്കും. ഡിസ്നി + ഹോട്ട്സ്റ്റാറിൽ മത്സരങ്ങൾ സൗജന്യമായി ലൈവ് സ്ട്രീം ചെയ്യാനും കഴിയും.
മഴ സാധ്യത
ബാർബഡോസിൽ ഇന്നു ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. മഴ പെയ്യാനുള്ള സാധ്യത 30 ശതമാനമാണ്. മഴ കണക്കിലെടുത്ത് മത്സരത്തിന് അധിക സമയം ഏർപ്പെടുത്തിയിട്ടുണ്ട്. ടി20 ലോകകപ്പ് 2024 ഫൈനലിന് റിസർവ് ദിനമുണ്ട്. ഇന്നു മത്സരം നടന്നില്ലെങ്കിൽ നാളത്തേക്കു മാറ്റും. മത്സരം തുടങ്ങി ഓവർ പൂർത്തിയാക്കാൻ കഴിയാതെ വന്നാൽ ഇന്നത്തെ മത്സരത്തിന്റെ തുടർച്ചയായിട്ടാണ് നാളെ മത്സരം നടക്കുക. റിസർവ് ഡേയായ നാളെയും മത്സരം നടക്കാതെ വന്നാൽ ഇരുടീമുകളെയും ജേതാക്കളായി പ്രഖ്യാപിക്കും.