‘കോപ്പയിൽ കാനറികളുടെ കണ്ണീർ’; സെമി കാണാതെ ബ്രസീൽ പുറത്ത്
വമ്പന്‍ സേവുകളുമായി ഗോളി സെർജിയോ റോഷെ ഉറുഗ്വോയുടെ രക്ഷകനായപ്പോൾ യുറഗ്വായ് തൊടുത്ത ഒരു കിക്ക് മാത്രമാണ് ബ്രസീലിയൻ ഗോളി അലിസൺ ബക്കറിന് തടയായനായത്
ഖത്തർ ലോകകപ്പിന് സമാനമായി കോപ്പ അമേരിക്കയിലും ക്വാർട്ടർ പോലും കാണാതെ മുൻ ലോകചാമ്പ്യനമാരും ഹോട്ട് ഫേവറിറ്റുകളുമായ ബ്രസീല്‍ പുറത്ത്. യുറുഗ്വായ്ക്കെതിരായ ക്വാർട്ടർ ഫൈനലില്‍ ഷൂട്ടൗട്ടിലാണ് കാനറികളുടെ പുറത്താകൽ. ഷൂട്ടൗട്ടില്‍ 4-2 എന്ന വിജയത്തോടെ യുറുഗ്വായ് കോപ്പ അമേരിക്ക ഫുട്ബോളിന്റെ സെമി ഫൈനലിലേക്കെത്തി. സെമിയില്‍ കൊളംബിയയാണ് ഉറുഗ്വോയുടെ എതിരാളികള്‍.
നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍ നേടാതിരുന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. മത്സരത്തിന്റെ പല ഘട്ടങ്ങളിലും കളി കൈയ്യാങ്കളിയിലേക്കെത്തി. നിരവധി ഫൗളുകളാണ് ഇരു ടീമുകളും പരസ്പരം വഴങ്ങിയത്. ഷൂട്ടൗട്ടിൽ ബ്രസീലിന്‍റെ എഡര്‍ മിലിറ്റാവോ, ഡഗ്ലസ് ലൂയിസ് എന്നിവരുടെ കിക്കുകള്‍ പാഴായി. വമ്പന്‍ സേവുകളുമായി ഗോളി സെർജിയോ റോഷെ ഉറുഗ്വോയുടെ രക്ഷകനായപ്പോൾ യുറഗ്വായ് തൊടുത്ത ഒരു കിക്ക് മാത്രമാണ് ബ്രസീലിയൻ ഗോളി അലിസൺ ബക്കറിന് തടയായനായത്.
ഉറുഗ്വോയ്ക്കായി ആദ്യ കിക്കെടുത്ത സൂപ്പര്‍ താരം ഫെഡെ വാല്‍വര്‍ദെ ഗോളാക്കി. എന്നാല്‍ ബ്രസീലിന്‍റെ എഡര്‍ മിലിറ്റാവോയുടെ കിക്ക് ഉറുഗ്വോയന്‍ ഗോളി സെർജിയോ റോഷെ തടുത്തിട്ടു. ഉറുഗ്വോയ്ക്കായി റോഡ്രിഗോ ബെന്‍ടാന്‍കുറും ബ്രസീലിനായി ആന്‍ഡ്രിയാസ് പെരേരയും ഗോള്‍ നേടി. ഉറുഗ്വോയുടെ ഹോസ് മരിയ ഗിമനസിന്‍റെ ഷോട്ട് തടുത്ത് അലിസണ്‍ ബക്കര്‍ ബ്രസീലിനെ അൽപ്പ നേരത്തേക്ക് പ്രതീക്ഷയിലേക്കെത്തിച്ചെങ്കിലും തൊട്ടടുത്ത കിക്ക് വലയിലെത്തിച്ച് മാനുവല്‍ ഉഗാര്‍ട്ടെ ഉറുഗ്വേയെ കോപ്പയുടെ സെമിയിലേക്കെത്തിച്ചു.