സമ്പൂര്‍ണ വാക്സിനേഷൻ ഡിസംബറിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന പ്രഖ്യാപനം വിഴുങ്ങി കേന്ദ്രസര്‍ക്കാര്‍. എന്നാണ് രാജ്യത്തെ വാക്സിനേഷൻ പൂര്‍ത്തിയാകുന്നതെന്ന് പറയാനാകില്ലെന്ന് പാര്‍ലമെന്റില്‍ സര്‍ക്കാര്‍. കടുത്ത വിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി
കൊവിഡ് വാക്സിനേഷൻ ഇന്ത്യയിൽ എന്ന് പൂർത്തിയാകും? Photo: ANI/File
ഈ വര്‍ഷം അവസാനത്തോടെ എല്ലാവര്ക്കും വാക്സിന് നല്‍കുമെന്നായിരുന്നു മുൻ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്റെ പ്രഖ്യാപനങ്ങളിലൊന്ന്.
2021 ജൂലൈ 20 ലെ കണക്കനുസരിച്ച് മൊത്തം 32.64 കോടി ആളുകള്‍ക്ക് വാക്സിന് ലഭിച്ചിട്ടുണ്ട്. ഇതില്‍ 8.55 കോടി ആളുകളും രണ്ട് ഡോസ് ഷെഡ്യൂളും പൂര്‍ത്തിയാക്കിയവരാണെന്നും മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. 2021 ഡിസംബറിന് മുമ്പ് 100.6 കോടി ഡോസുകള്‍ വിതരണം ചെയ്യാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും ആരോഗ്യ സഹമന്ത്രി അറിയിച്ചു.
കൂടാതെ 2021 ജൂലൈ 20 ലെ കണക്കനുസരിച്ച് കൊവിഡ് -19 വാക്സിനുകള്‍ വാങ്ങുന്നതിനായി 35,000 കോടി രൂപ ബജറ്റില്‍ നിന്നും 8071.09 കോടി രൂപ ചെലവഴിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി.
വാക്സിന് ഡോസുകളുടെ മൊത്തം ലഭ്യതയെ കുറിച്ചുള്ള വിവരങ്ങള്‍ 15 ദിവസം മുൻപേ നല്‍കുന്നുണ്ട്. വാക്സിന്റെ ആവശ്യകത അനുസരിച്ച് ഓരോ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അറിയിക്കാവുന്നതാണ്. 15 ദിവസം മുമ്പേ വിവരങ്ങള്‍ ലഭിക്കുന്നതിനാല്‍ സമയത്ത് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും വാക്സിനേഷന് ലഭ്യത ഉറപ്പുവരുത്താന്‍ സാധിക്കും. കഴിഞ്ഞ മാസം മുതലാണ് 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന് വിതരണം ആരംഭിച്ചത്.
പ്രതിപക്ഷ ആരോപണങ്ങള്‍
2021 ഡിസംബറോടെ എല്ലാ മുതിര്‍ന്നവര്‍ക്കുമുള്ള വാക്സിന് വിതരണം പൂര്‍ത്തിയാക്കുമോ എന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധിയുടേയും തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മാല റോയിയുടേയും ചോദ്യത്തിന് മറുപടിയായിട്ടാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ഈ വിശദീകരണം.
ഇതിന് പുറമെ രാജ്യത്ത് വാക്സിന് വിതരണം എന്ന് തീരുമെന്ന് കൃത്യമായി പറയാന്‍ സാധിക്കില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രസ്താവനയെ പരിഹസിച്ച് രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.
ആളുകളുടെ ജീവന് പണയത്തില്‍, ടൈം ലൈന്‍ ഇല്ലെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍, നട്ടെല്ല് ഇല്ലായ്മയുടെ എല്ലാം തികഞ്ഞ ഉദാഹരണം — രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
കൊവാക്സിനും കൊവിഷീൽഡിനും പുറമെ ഫൈസര്‍ വാക്സിനും രാജ്യത്ത് ലഭ്യമാക്കുന്നതില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ വ്യക്തമാക്കി. അമേരിക്കന്‍ കമ്പനിയാണ് ഫൈസര്‍. മൊഡേണ വാക്സിനും ജോണ്സണ് ആന്‍ഡ് ജോണ്സണ് വാക്സിനും ലാഭ്യമാക്കാനുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുതിര്‍ന്ന എല്ലാ പൗരന്മാര്ക്കും എത്രയും വേഗം തന്നെ വാക്സിന് നല്‍കുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും വാക്സിന് വിതരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് രാഷ്ടീയമില്ലെന്ന് പ്രാനമന്ത്രി പലവട്ടം ആവര്‍ത്തിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാക്സിനേഷനുമായി ബന്ധപ്പെട്ട് പാര്‍ട്ടികള്‍ ആശയക്കുഴപ്പം ഉണ്ടാക്കരുതെന്നും എല്ലാവരും ഒന്നിച്ചു നിന്നാല്‍ മാത്രമേ എത്രയും വേഗം സമ്പൂര്‍ണ്ണ വാക്സിന് എന്ന ലക്ഷ്യത്തിലേക്ക് എത്താനാകൂ എന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് കൊവിഡ് വാക്സിന് ക്ഷാമമുണ്ടെന്ന് കാണിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ബോധപൂര്‍വം ശ്രമം നടത്തുന്നുണ്ടെന്ന് നേരത്തെ പ്രധാനമന്ത്രി പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ‘കോമ’യിലാണെന്നും ബി.ജെ.പി അധികാരത്തില്‍ വന്നത് ഉള്‍ക്കൊള്ളാന്‍ അവര്‍ക്കായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
മൂന്നാം തരംഗത്തില്‍ എത്തിനില്‍ക്കുന്ന കൊവിഡിനെ നേരിടാന്‍ ബി.ജെ.പി നേതാക്കള്‍ തയാറാകണമെന്നും പ്രധനമന്ത്രി ആവശ്യപ്പെട്ടു. ഒരോ മണ്ഡലങ്ങളിലും വാക്സിന് വിതരണം ഉറപ്പുവരുത്താന്‍ എം.പിമാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഇന്ത്യയില്‍ വാക്സിന് വിതരണം ഫലം കണ്ടതായുള്ള ആശ്വാസകരമായ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ‘കൊവിഡിന്റെ ഏറ്റവും ഭയാനകമായ ഡെല്‍റ്റ വകഭേദം ബാധിച്ചവരില്‍ ഉള്‍പ്പെടെ മരണസാധ്യത ഗണ്യമായി കുറയ്ക്കാന്‍ വാക്സിനുകള്‍ക്ക് കഴിഞ്ഞു.’– ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ പഠനത്തില്‍ പറയുന്നു.
വാക്സിന് സ്വീകരിച്ചവരില്‍ 0.4 ശതമാനം ആളുകള്‍ മാത്രമാണ് മരണത്തിന് കീഴടങ്ങിയതെന്ന് പഠനം ചൂണ്ടികാണിക്കുന്നു.
വാക്സിന് സ്വീകരിക്കുന്നത് രോഗതീവ്രത കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു. എത്രയും വേഗത്തില്‍ സമ്പൂര്‍ണ്ണ വാക്സിനേഷന് എന്ന ദൗത്യം പൂര്‍ത്തിയാക്കുന്നത് കൊവിഡിന്റെ പുതിയതരംഗങ്ങളെ ചെറുക്കാന്‍ സഹായിക്കുമെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
കുട്ടികള്‍ക്ക് വാക്സിന്
സെപ്റ്റംബര്‍ മുതല്‍ രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്സിനേഷന് ആരംഭിക്കാനാകുമെന്നാണ് കരുതുന്നതെന്ന് ഡല്‍ഹി എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ അറിയിച്ചു. സൈഡസ് കാഡില ട്രയലുകള്‍ പൂര്‍ത്തിയാക്കിയതായും ഉപയോഗത്തിനുള്ള അനുമതിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാം തരംഗത്തം തുടങ്ങുമ്പോള്‍ കുട്ടികള്‍ക്കുള്ള വാക്സിന് വിതരണം ഇതുവരെ തുടങ്ങിയിട്ടില്ല എന്നത് നിലവില്‍ ആശങ്കകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
ചെറിയ തോതില്‍ മാത്രമാവും കുട്ടികളില്‍ കൊവിഡ് ബാധിക്കുക. എന്നാല്‍ അത് വീട്ടിലെ പ്രായമായവരിലേക്ക് വളരെ വേഗത്തില്‍ പകരും. ഈ സാഹചര്യത്തില്‍ രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാന്‍ കുട്ടികളുടെ വാക്സിനേഷന് സുപ്രധാനമാണെന്ന് ഡോ. ഗുലേറിയ പറഞ്ഞു.
****
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : india lagging behind in covid vaccination govt unsure of fixed timeline
Malayalam News from malayalam.samayam.com, TIL Network