മാസങ്ങളായി തുടരുന്ന കര്‍ഷക സമരത്തില്‍ മരണപ്പെട്ട കര്‍ഷകരുടെ എണ്ണം എത്രയാണെന്ന് അറിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. ഒരിടവേളയ്ക്ക് ശേഷം ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ വീണ്ടും സമരം നടത്തുകയാണ്.
കർഷക സമരനേതാക്കളിൽ ഒരാളായ രാകേഷ് തികായത്. Photo: BCCL
മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ നഷ്ടപരിഹാരം കൊടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നുമാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞത്. ‘സ്ത്രീകളേയും കുട്ടികളേയും പ്രായമായവരേയുമെല്ലാം കൊവിഡിന്റെയും ശൈത്യത്തിന്റെയും പശ്ചാത്തലത്തില്‍ തിരിച്ചു പോകാന്‍ അനുവദിച്ചിരുന്നു’ എന്നും അതിനാല്‍ പിന്നീടുണ്ടായ മരണങ്ങളെ സമരത്തിന്റെ ഭാഗമാകാനാകില്ലെന്നും തോമര്‍ അഭിപ്രായപ്പെടുന്നു
മണ്‍സൂണ്‍ സമ്മേളനം നടക്കുന്ന പാര്‍ലമെന്റിന് അകത്തും പുറത്തും കര്‍ഷകരെ പിന്തുണച്ചും കേന്ദ്രത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയും അകാലി ദളിന്റെ നേതൃത്വത്തില്‍ കനത്ത പ്രതിഷേധം നടക്കുന്നുണ്ട്. പൊലീസും നിയമവും സംസ്ഥാന പരിധിയിലായതിനാല്‍ അത്തരം കാര്യങ്ങളുടെ കണക്കുകള്‍ കേന്ദ്രത്തിന് സൂക്ഷിക്കേണ്ട കാര്യമില്ലെന്നും അതിനാല്‍ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് യാതൊരു തരത്തലുള്ള നഷ്ടപരിഹാരവും സര്‍ക്കാര്‍ പരിഗണനയിലില്ലെന്നും ഒരു കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പറഞ്ഞതായി ന്യൂസ് 18 ചാനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്
എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ് മരിച്ച ഓരോ കടുംബത്തിനും 5 ലക്ഷം വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
കണക്കുകളുടെ കഥ ഇങ്ങനെ
കഴിഞ്ഞ വര്‍ഷം നവംബറിലാണ് കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധിച്ച് ഡല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് കര്‍ഷക സമരം എത്തുന്നത്. എന്നാല്‍ അതിര്‍ത്തികളില്‍ തടഞ്ഞതോടെ സമരം അനിശ്ചിതകാലത്തേക്ക് തുടരാന്‍ കര്‍ഷകര്‍ തീരുമാനിച്ചു. ഡല്‍ഹി അതിര്‍ത്തിയിലെ ദേശിയ പാതകളില്‍ ട്രാക്ടറുകളും ട്രോളികളുമെല്ലാം നിരത്തി കുടിലുകള്‍ കെട്ടി സമരം തുടര്‍ന്നു. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടു. പതുക്കെ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധയാകര്‍ഷിച്ചു. അങ്ങനെ രണ്ട് ദിവസത്തിന് തുടങ്ങിയ സമരം ഇന്നിപ്പോള്‍ എട്ട് മാസങ്ങളോളം പിന്നിടുന്നു
റിപ്പബ്ലിക് ദിനത്തിലെ ചെങ്കോട്ട മാര്‍ച്ചിന് ശേഷം യു.എ.പി.എ അടക്കം ചുമത്തിയാണ് സര്‍ക്കാര്‍ ഇവരെ നേരിട്ടത്. കര്‍ഷക സംഘടനയായ സംയുക്ത് കിസാന്‍ മോര്‍ച്ചയുടെ കണക്ക് പ്രകാരം സമരം മൂന്ന് മാസം പിന്നിട്ടപ്പോള്‍ മരിച്ചത് 248 കര്‍ഷകരായിരുന്നു. അതില്‍ ഇരുന്നൂറോളം പേരും പഞ്ചാബില്‍ നിന്നുള്ളവരായിരുന്നു
ഇതേ കണക്ക് ആറ് മാസം സമരം പിന്നിട്ടപ്പോള്‍ മരിച്ചവര്‍ 477 ആയി. എല്ലാം ഡല്‍ഹി അതിര്‍ത്തിയിലെ സമരഭൂമിയില്‍ വെച്ച് തന്നെ. ഇതില്‍ 31 പേര് ബില്ലില്‍ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്തവരാണ്. ബാക്കി മരണങ്ങള് ഹൃദയാഘാതവും, അതിശൈത്യവും മൂലവും മറ്റ് അപതടങ്ങളിലുമാണ് സംഭവിച്ചത്. ഇതുവരെ ആത്മഹത്യ ചെയ്തവര്‍ 70.
ഇന്നിപ്പോള്‍ മഞ്ഞും കൊടും തണുപ്പും കാറ്റും മഴയും പൊള്ളുന്ന ചൂടും കടന്ന് എട്ട് മാസങ്ങള്‍. ജൂലൈ തുടക്കത്തില്‍ ശിരോമണി അകാലി ദള്‍ പുറത്തുവിട്ട കണക്ക് പ്രകാരം സമരമുഖത്ത് മരിച്ചു വീണ കര്‍ഷകരുടെ എണ്ണം 550 ആണ്. അത് ഇനിയും ഉയരാം. നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന ഉറച്ച നിലപാടില്‍ കേന്ദ്ര സര്‍ക്കാരും നിയമങ്ങള്‍ പിന്‍വലിക്കാതെ തിരിച്ചുപോകുന്ന പ്രശ്നമില്ലെന്ന് കര്‍ഷകരും പറയുന്നു.
‘രാജ്യത്തെ കോടിക്കണക്കിന് വരുന്ന കര്‍ഷകരെ രക്ഷിക്കാന്‍ ഈ നിയമങ്ങള്‍ പിന്‍വലിച്ചേ മതിയാകൂ. അതിനാണ് ഞങ്ങളിവിടെ വന്നിരിക്കുന്നത്. സര്‍ക്കാര്‍ നിലപാടുകള്‍ കോര്പ്പറേറ്റകളെ സംരക്ഷിക്കാനാണ്’ ഏറ്റവും വലിയ കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് തികായത് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സിനോട് പ്രതികരിച്ചു.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം കഴിയുന്നത് വരെ ദിവസവും 200 കര്‍ഷകര്‍ വെച്ച് ജന്തര്‍ മന്തറില്‍ പോയി പ്രതിഷേധിക്കുമെന്നാണ് മറ്റൊരു കര്‍ഷക നേതാവ് ബല്‍ബീര്‍ സിങ് രജെവാള്‍ പറഞ്ഞത്. കര്‍ഷകരില്‍ 80 ശതമാനവും പഞ്ചാബില്‍ നിന്നുള്ളവരാണ്. ബാക്കി ഹരിയാന, യുപി, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ളവരും. അടുത്ത വര്‍ഷം പഞ്ചാബിലും യുപിയിലും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട് എന്നതിനാല്‍ പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കും എന്നാണ് കര്‍ഷകരും വിശ്വസിക്കുന്നത്.
****
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : india farmers strike modi govt says no numbers on farmers death
Malayalam News from malayalam.samayam.com, TIL Network