മുളങ്കുന്നത്തുകാവ്: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ കിടപ്പുരോഗികളില്‍ കോവിഡ് പടരുന്നു. വാര്‍ഡില്‍ കഴിയുന്ന 44 രോഗികള്‍ക്കും 37 കൂട്ടിരിപ്പുകാര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ആശുപത്രിയില്‍ ജോലി ചെയ്യുന്ന അമ്പതോളം നഴ്സുമാര്‍ കോവിഡ് ബാധിച്ച് നിലവില്‍ ചികിത്സയിലാണ്. കോവിഡ് പ്രോട്ടോക്കോളിന്റെ കാര്യത്തിലും ഡ്യൂട്ടി നിശ്ചിക്കുന്ന കാര്യത്തിലും ആശുപത്രിയില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നാണ് സൂചന. നഴ്സുമാരുള്‍പ്പടെയുള്ള ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് ഷിഫ്റ്റ് കൃത്യമായി നടപ്പിലാക്കാന്‍ കഴിയാത്തതാണ് രോഗം പടരാന്‍ കാരണമെന്നും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞയാഴ്ച ആശുപത്രിയിലെ 45 എം.ബി.ബി.എസ്. വിദ്യാര്‍ഥികള്‍ക്കും പത്തോളം പി.ജി. വിദ്യാര്‍ഥികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനുശേഷം വാര്‍ഡിലേക്കും വലിയതോതില്‍ കോവിഡ് പടരുകയായിരുന്നു. ഇവര്‍ പല വാര്‍ഡുകളിലായി ജോലി ചെയ്തിരുന്നുവെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്കുന്ന വിവരം.
തുടര്‍ന്ന്, മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ അടച്ചിടുകയും പരീക്ഷകള്‍ ഓണ്‍ലൈനാക്കുകയും ചെയ്തിരുന്നു. കോവിഡ് വ്യാപനം തടയുന്നത് അടിയന്തിരമായി നടപടികള്‍ സ്വീകരിക്കാനാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.
ഒരാഴ്ച കോവിഡ് ഡ്യൂട്ടിയെടുത്താന്‍ രണ്ടുദിവസത്തെ അവധിക്കുശേഷം വീണ്ടും കോവിഡ് ഡ്യൂട്ടിക്ക് കയറേണ്ട സ്ഥിതിയാണ് നഴ്സുമാര്‍ക്കുള്ളത്. ആശുപത്രിയില്‍ ചികിത്സയ്ക്കെത്തുന്നവര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. എന്നാല്‍, ആശുപത്രിയില്‍ ഡ്യൂട്ടി കഴിഞ്ഞ് തിരികെയെത്തുന്ന ജീവനക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലാത്തതാണ് കോവിഡ് പടരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
Content Highlights: Spreading Covid-19 at Thrissur Medical College