Gokul Murali | Samayam Malayalam | Updated: 24 Jul 2021, 10:50:00 PM
വിവിധ ഫണ്ടുകളുപയോഗിച്ച് 25 കോടി രൂപ ചിലവില്‍ 50 ആരോഗ്യ സ്ഥാപനങ്ങളില്‍ നടപ്പിലാക്കിയതും ആരംഭിക്കുന്നതുമായ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ
വിവിധ ഫണ്ടുകളുപയോഗിച്ച് 25 കോടി രൂപ ചിലവില്‍ 50 ആരോഗ്യ സ്ഥാപനങ്ങളില്‍ നടപ്പിലാക്കിയതും ആരംഭിക്കുന്നതുമായ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ നിര്‍മ്മാണം പൂര്‍ത്തിയായ കുടുംബാരോഗ്യ കേന്ദ്രങ്ങളുണ്ട്, ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് പുതുതായി നിര്‍മ്മിച്ച കെട്ടിടങ്ങളുണ്ട്, താലൂക്കാശുപത്രികളിലും ജനറല്‍ ആശുപത്രികളിലും ആരംഭിക്കുന്ന പുതിയ പദ്ധതികളുണ്ട്. ആര്‍ദ്രം മിഷന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുക എന്നതാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 886 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്താനാണ് തീരുമാനിച്ചത്. ഇതില്‍ 474 എണ്ണം പൂര്‍ത്തീകരിച്ചിരുന്നു. ബാക്കിയുള്ളവയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ആറ് സ്ഥാപനങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റിയത്.
ആലപ്പുഴ കടമ്പൂര്, പാണാവള്ളി, പാലക്കാട് തേങ്കുറുശി, മലപ്പുറം വാഴക്കാട്, കോഴിക്കോട് കണ്ണാടിക്കല്‍, വയനാട് മൂപ്പൈനാട് എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങളാണവ. ഏറ്റവും നല്ല പ്രാഥമികചികിത്സ ഉറപ്പാക്കാന്‍ ഇവയിലൂടെ സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കാരണം, അത്രമേല്‍ മികച്ച സൗകര്യങ്ങളാണ് ഇവയോരോന്നിലും ഒരുക്കിയിരിക്കുന്നത്. ഇതില്‍ വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തെ മുഖ്യമന്ത്രി പ്രത്യേകം പരാമര്‍ശിച്ചു.
രണ്ടര കോടി രൂപ ചിലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 28 ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകള്‍ കൂടി ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ 1,603 ആരോഗ്യ സബ് സെന്ററുകളെ നേരത്തെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി ഉയര്‍ത്തിയിരുന്നു. സബ് സെന്ററുകള്‍ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളായി മാറുന്നതോടെ കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങളാണ് പൊതുജനങ്ങള്‍ക്ക് ലഭ്യമാകാന്‍ പോകുന്നത്.
വയനാട് ജില്ലയിലെ ആദിവാസി സമൂഹത്തിന് പ്രത്യേക പരിഗണന നല്കുന്ന ചില പദ്ധതികളുമുണ്ട്. ഗര്‍ഭിണികളായ ആദിവാസി സ്ത്രീകളെ കുടുംബ സമേതം താമസിപ്പിച്ച് അവര്‍ക്ക് പ്രസവ ശുശ്രൂഷ നല്‍കുന്നതിനായി 6.14 ലക്ഷത്തിലേറെ രൂപ വീതം ചിലവഴിച്ച് ബത്തേരിയിലും വൈത്തിരിയിലും നിര്‍മ്മിച്ച ആന്റിനേറ്റല്‍ ട്രൈബല്‍ ഹോം, 20 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച മാനന്തവാടി ടി.ബി. സെല്‍ എന്നിവയാണവ. ആദിവാസി സമൂഹത്തോടുള്ള ഈ സര്‍ക്കാരിന്റെ പ്രത്യേകമായ കരുതല്‍ വെളിവാക്കുന്നവയാണ് ഈ പദ്ധതികളെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇവയോടൊപ്പം മൂന്നു ജില്ലകളിലായി പൂര്‍ത്തിയാക്കിയ മറ്റ് ചില പദ്ധതികള്‍ കൂടി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലയിലെ ടിബി, എയ്ഡ്സ് കണ്ട്രോള് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ജില്ലാ ടി.ബി. ആന്‍ഡ് എയ്ഡ്സ് കണ്ട്രോള് ഓഫീസിനായി 72 ലക്ഷം രൂപ ചിലവഴിച്ച് പുതിയ കെട്ടിടം നിര്‍മ്മിച്ചിട്ടുണ്ട്. പുതിയൊരു ഡിജിറ്റല്‍ എക്സ്റേ മെഷീന് കൂടി ഇവിടെ സ്ഥാപിച്ചു.
സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമായി ഒരുക്കിയിട്ടുള്ള ഏറ്റവും വലിയ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രമാണ് തൃശൂര്‍ മതിലകത്ത് സജ്ജമായിരിക്കുന്നത്. ട്രാന്‍സ് ഗ്ലോബല്‍ ഡ്രൈ പോര്‍ട്ട് ട്രസ്റ്റുമായി സഹകരിച്ചാണ് നാനൂറോളം രോഗികള്‍ക്ക് കഴിയാന്‍ സൗകര്യമുള്ള സെന്റര്‍ ഒരുക്കിയത്.
പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ 25 ലക്ഷം രൂപ ഉപയോഗിച്ച് പൂര്‍ത്തീകരിച്ച ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രം, പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ ഓക്സിജന്‍ ജനറേറ്റര്‍, തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഐസിയു, 15 നവജാതശിശു പുനരുത്തേജന യൂണിറ്റുകള്‍, പീരുമേട് താലൂക്ക് ആശുപത്രിയിലെ കേന്ദ്രീകൃത ഓക്സിജന്‍ വിതരണ ശ്യംഖല, പുതുക്കാട് താലൂക്ക് ആശുപത്രിയിലെ ആദ്യ ഘട്ട ഇ ഹെല്‍ത്ത് പദ്ധതി, 21 ലക്ഷം രൂപ ചിലവില്‍ സജ്ജമാക്കിയ അടൂര്‍ ജനറല്‍ ആശുപത്രിയിലെ എസ്എന്‍സി (സ്പെഷ്യല്‍ ന്യൂബോണ്‍ കെയര്‍) യൂണിറ്റ്, 15 നവജാതശിശു പുനരുത്തേജന യൂണിറ്റുകള്‍, കേന്ദ്രീകൃത ഓക്സിജന്‍ സംവിധാനം, ഒന്നേകാല്‍ കോടി രൂപ ചിലവില്‍ പൂര്‍ത്തിയാക്കിയ ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ വികസന പ്രവര്‍ത്തനങ്ങള്‍, 60 ലക്ഷം രൂപ ചിലവില്‍ സജ്ജമാക്കിയ കോട്ടയം ജില്ലാ നഴ്സിംഗ് സ്കൂളിലെ സ്കില്‍ ലാബ്, 10 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച കൊല്ലം ഗവ. വിക്ടോറിയ ആശുപത്രിയിലെ ഹൈ ഡിപ്പന്റന്‍സി യൂണിറ്റ് എന്നിവയും ഉദ്ഘാടനം നിര്‍വഹിച്ചു.
ഇവയോടൊപ്പം ഒന്നേമുക്കാല്‍ കോടി രൂപ ചിലവഴിച്ച് നിര്‍മ്മിക്കുന്ന ഇടമറുക് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഒ.പി. ബ്ലോക്കിന്റെ ശിലാസ്ഥാപനം, നാലുകോടിയോളം രൂപ ചിലവഴിച്ച് നിര്‍മ്മിക്കുന്ന എറണാകുളം ഇടപ്പള്ളി റീജിയണല്‍ വാക്സിന് സ്റ്റോറിന്റെ നിര്‍മാണോദ്ഘാടനം എന്നിവയും ഉദ്ഘാടനം ചെയ്യുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kerala cm pinarayi vijayan inaugurates 50 projects in health institutions
Malayalam News from malayalam.samayam.com, TIL Network