മാലിക്കിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച അഹമ്മദലി സുലൈമാനോളം തന്നെ പ്രാധാന്യമുള്ള കഥാപാത്രമാണ് ഫ്രെഡി. സ്കൂളിൽനിന്ന് പൊലീസിനെ ബോംബെറിഞ്ഞ പ്ലസ്ടു വിദ്യാർഥി. ഫ്രെഡിയെ അവതരിപ്പിച്ച സനൽ അമൻ ആരെന്നാണ് കൂടുതൽ പ്രേക്ഷകരും അന്വേഷിച്ചത്
മാലിക്കിൽ പ്രേക്ഷകന്റെ മനസ്സ് കവർന്നത് അലിയിക്ക മാത്രമല്ല, ഫ്രെഡി കൂടിയാണ്. ആദ്യമായി കണ്ട ആ മുഖം ഏവരും തെരഞ്ഞു, സനൽ അമൻ. കണ്ണൂർ നാറാത്ത് സ്വദേശി. ഒരു ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിൽ സ്കൂൾ വിദ്യാർഥിയായ പ്രതിനായകന്റെ വേഷം സംവിധായകൻ മഹേഷ് നാരായണൻ നൽകിയപ്പോൾ സനൽ അത് ഭദ്രമാക്കി. മാലിക്കിലേക്കുള്ള യാത്രയും ഫ്രെഡിയുടെ അനുഭവവും സനൽ പറയുന്നു.
ഫ്രെഡിയിലെത്തിയത്
നാടകമാണ് മാലിക്കിലേക്ക് എത്തിക്കുന്നത്. 2016ൽ ഞാൻ സംവിധാനം ചെയ്ത് അഭിനയിച്ച ‘ദി ലവർ’ എന്ന നാടകം കാണാൻ മഹേഷ് നാരായണൻ വന്നിരുന്നു. അന്ന് എന്നെ അഭിനന്ദിച്ചാണ് അദ്ദേഹം മടങ്ങിയത്. പിന്നീട് മൂന്നുവർഷം കഴിഞ്ഞ് അവിചാരിതമായിട്ടാണ് മാലിക്കിലേക്ക് വിളിക്കുന്നത്. ബിഗ് ബജറ്റ് സിനിമ, പ്രധാന കഥാപാത്രങ്ങളിലൊന്ന് എന്നേക്കാൾ ആത്മവിശ്വാസം മഹേഷേട്ടനായിരുന്നു. 33 വയസ്സുള്ള ഞാൻ ഒരു സ്കൂൾ വിദ്യാർഥിയെ അവതരിപ്പിച്ചാൽ പ്രേക്ഷകർ വിശ്വസിക്കുമോ എന്നാണ് ചിന്തിച്ചത്. എന്നാൽ മഹേഷേട്ടന് വിശ്വാസമായിരുന്നു. സിനിമയിലെ എന്റെ ഏറ്റവും പ്രധാന സീനായ ക്ലൈമാക്സായിരുന്നു ആദ്യം ചിത്രീകരിച്ചത്. ഫഹദിക്കായ്ക്കൊപ്പം ഇങ്ങനൊരു സീൻ, അതും ആദ്യ ഷോട്ട്. ഞങ്ങൾ തമ്മിലൊരു കോംബോ വർക്ക് ഔട്ടായി. അദ്ദേഹത്തിന്റെ കഴുത്തിൽ തോർത്ത് മുറുക്കുന്നതെല്ലാം പേടിച്ചാണ് ചെയ്തത്. പക്ഷേ നന്നായി ചെയ്യണമെന്ന് ഉറപ്പിച്ചിരുന്നു. ഫഹദിക്കയും ചെയ്യാൻ പറഞ്ഞു. കഴിഞ്ഞപ്പോൾ എല്ലാവർക്കും സന്തോഷം.
മുൻ സിനിമകൾ
റിലീസിനുശേഷമാണ് അതിന്റെ വ്യാപ്തി മനസ്സിലായത്. ഇതിനിടെ മൂന്ന് സിനിമ ചെയ്തിട്ടുണ്ടായിരുന്നു. സജിൻബാബു സംവിധാനം ചെയ്ത അസ്തമയം വരെ, സമാന്തര സിനിമകളായ ഏലി ഏലി ലാമ സബക്ത്താനി, പിക്സേലിയ എന്നിവയിൽ നായകവേഷം. ഇതെല്ലാം അത്ര ശ്രദ്ധ കിട്ടാതെ നിൽക്കുമ്പോഴാണ് മാലിക് വരുന്നത്. ഇപ്പോൾ ശുഭപ്രതീക്ഷയാണ്. തിയറ്റർ റിലീസായാണ് സിനിമ ചെയ്തത്. എങ്കിലും അതിനേക്കാൾ വലിയൊരു സ്വീകാര്യത ഒടിടിയിൽ ലഭിച്ചു. 250ഓളം രാജ്യത്തുള്ളവർ സിനിമ കണ്ടു. തിയറ്റർ തുറന്നാൽ റിലീസിന് ശ്രമിക്കുന്നുണ്ട്.
വേനൽത്തുമ്പി
ആറാം ക്ലാസ് തൊട്ട് ബാലസംഘത്തിന്റെ വേനൽത്തുമ്പി കലാജാഥയിലുണ്ട്. പിന്നെ ബാലസംഘം ഭാരവാഹിയായി. പരിശീലകനായി. എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും എല്ലാം കൂടുതലും കലാപ്രവർത്തനവുമായി ബന്ധപ്പെട്ടായിരുന്നു പ്രവർത്തനം. അതാണ് അഭിനയത്തിലെ അടിത്തറ. തൃശൂർ സ്കൂൾ ഓഫ് ഡ്രാമ, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി, ഡൽഹി നാഷണൽ സ്കൂൾ ഓഫ് ഡ്രാമ ഇവിടെയൊക്കെയുള്ള സംഘടനാപ്രവർത്തനത്തിലെ അനുഭവം നിർണായകമായി.
കുടുംബം
അച്ഛൻ എൻ അശോകൻ സിപിഐ എം നാറാത്ത് ലോക്കൽ സെക്രട്ടറിയാണ്. അമ്മ സതി. അനിയൻ അമൽ വിവാഹിതനാണ്. അഭിനയം തന്നെയാണ് ഭാവി. ഏത് വേഷമാണെങ്കിലും പരമാവധി നന്നായി ചെയ്യണം. കൂടുതൽ പേർ ബന്ധപ്പെടുന്നുണ്ട്. നാടകവും സിനിമയുമായി മുന്നോട്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..