തൃശൂര്‍: കൊടകര കേസില്‍ ധര്‍മ്മരാജനെ തള്ളി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. കൊടകരയില്‍ കവര്‍ച്ച ചെയ്തത് ബി.ജെ.പിയുടെ പണമല്ലെന്നാണ് സുരേന്ദ്രന് നല്‍കിയിരിക്കുന്ന മൊഴി. സംഭവത്തിന് ശേഷം മകന്റെ ഫോണിലൂടെ ധര്‍മ്മരാജനുമായി സംസാരിച്ചിരുന്നെന്നും കവര്‍ച്ചയെക്കുറിച്ച് അറിഞ്ഞപ്പോള്‍ പരാതി നല്കാന് നിര്‍ദ്ദേശിച്ചതായും സുരേന്ദ്രന് മൊഴി നല്കി. എന്നാല്‍ സംഭവത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ‘വിശ്വാസം വരുന്നില്ല’ എന്നു സുരേന്ദ്രന് പറഞ്ഞതായാണ് ധര്‍മ്മരാജന്റെ മൊഴി.
ധര്‍മ്മരാജനെ ആറുവര്‍ഷമായി അറിയാമെന്നും കവര്‍ച്ചയ്ക്ക് ശേഷം ധര്മ്മരാജന് തന്റെ വീട്ടില്‍ വന്നിരുന്നതായും സുരേന്ദ്രന്റെ മൊഴിയിലുണ്ട്. ഇലക്ഷന് കഴിയുന്ന വരെ കാത്തിരിക്കാന്‍ പറഞ്ഞിട്ടില്ലെന്നും സുരേന്ദ്രന് പറയുന്നു. തന്റെ വീടിനടുത്തുള്ള ഒരു അഭിഭാഷകനെ കാണാന്‍ എത്തിയപ്പോഴാണ് തന്റെ വീട്ടിലും ധര്മ്മരാജന് എത്തിയതെന്നാണ് സുരേന്ദ്രന് പോലീസിനോട് പറഞ്ഞിരിക്കുന്നത്. വീട്ടില്‍ വന്നപ്പോള്‍ പണം കവര്‍ച്ച ചെയ്തതുമായി ബന്ധപ്പെട്ട് കേസ് കൊടുത്തിരുന്നോ എന്ന് ധര്‍മ്മരാജനോട് താന്‍ ചോദിച്ചുിരുന്നെന്നും കെ.സുരേന്ദ്രന് പോലീസിന് നല്‍കിയിരിക്കുന്ന മൊഴിയില്‍ പറയുന്നു.
കോന്നിയില്‍ തന്റെ പ്രചാരണത്തിന് ധര്മ്മരാജന് എത്തിയിരുന്നോ എന്ന് ചോദ്യത്തിന് എത്തിയിട്ടുണ്ടാകാമെന്നാണ് സുരേന്ദ്രന് നല്കിയ മറുപടി. ധര്മ്മരാജന് തിരഞ്ഞെടുപ്പ് സാമഗ്രഹികളുടെ വിതരണച്ചുമതല ഉണ്ടായിരുന്നതായും സുരേന്ദ്രന് പറഞ്ഞെങ്കിലും എവിടെയൊക്കെയാണ് ധര്മ്മരാജന് തിരഞ്ഞെടുപ്പ് സാമഗ്രഹികള്‍ എത്തിച്ചതെന്ന് അറിയില്ലെന്നുമാണ് സുരേന്ദ്രന് പറയുന്നത്.
കൊടകരയില്‍ കവര്‍ച്ച നടന്നതിന് പിന്നാലെ ബി.ജെ.പി. നേതാക്കളായ കാശിനാഥനും സുജയ്സേനനും ധര്മ്മരാജന് വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു. ഇക്കാര്യം തനിക്ക് അറിയാമെന്നാണ് ഇത് സംബന്ധിച്ച ചോദ്യത്തിന് സുരേന്ദ്രന് നല്കിയ മറുപടി. എന്നാല്‍ ധര്‍മ്മരാജന്റെ പണമിടപാടുകളുമായി ബി.ജെ.പിയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന കാര്യത്തില്‍ സുരേന്ദ്രന് ഉറച്ചുനിന്നു. ഈ മാസം 14-നാണ് കൊടകര കേസില്‍ കെ.സുരേന്ദ്രനെ പോലീസ് ചോദ്യം ചെയ്തത്.
Content Highlights: K Surendran suspends Dharmarajan’s claim on BJP’s involvement on kodakara case