പേരാവൂര്‍: കുമ്മായം നല്കേണ്ടതിന് പകരം ഗുണനിലവാരം കുറഞ്ഞ ഡോളോമേറ്റ് നല്കി കൃഷി ഓഫീസര്‍ കര്‍ഷകരെ വഞ്ചിച്ചതായി ആക്ഷേപം. പേരാവൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡിലുള്ള വളയങ്ങാട് പാടശേഖരത്തിലെ കര്‍ഷകരാണ് വഞ്ചിക്കപ്പെട്ടത്. നെല്‍കൃഷിക്ക് വേണ്ടി പേരാവൂര്‍ കൃഷിഭവന്റെ താത്കാലിക ചുമതല വഹിക്കുന്ന കൃഷി ഓഫീസറാണ് എറണാകുളത്ത് നിന്ന് നാലേ മുക്കാല്‍ ടണ്‍ ഡോളോമേറ്റ് കുമ്മായത്തിന് പകരമായി നേരിട്ട് വാങ്ങി നല്‍കിയതെന്ന് കര്‍ഷകര്‍ പറയുന്നു . ഇതാവട്ടെ ഉപയോഗിക്കാന്‍ പോലും പറ്റാത്ത ഗുണനിലവാരം കുറഞ്ഞതും.
പേരാവൂരിലെ ബയോ ഇന്‍പുട്ട് സെന്റര്‍ വഴി കണ്ണൂര്‍ ജില്ലയിലെ തന്നെ ചാലോട് നിന്നാണ് സ്ഥിരമായി കര്‍ഷകര്‍ക്കുള്ള കുമ്മായം കൃഷിഭവന് വാങ്ങി നല്‍കുന്നത്. വിലയുടെ 75 ശതമാനം സര്‍ക്കാരും 25 ശതമാനം ഗുണഭോക്താക്കളുമാണ് നല്‍കേണ്ടത്. എന്നാല്‍, ഇത്തവണ കൃഷി ഓഫീസര്‍ നേരിട്ട് ആലുവയിലെ കാവേരി ഫെര്‍ട്ടിലൈസര്‍ ഇന്റസ്ട്രീസില്‍ നിന്ന് ഗുണമേന്മയില്ലാത്ത ഡോളോമേറ്റ് വാങ്ങി നല്‍കുകയായിരുന്നുവെന്നാണ് കര്‍ഷകരുടെ ആക്ഷേപം . കര്‍ഷകര്‍ പരാതിപ്പെട്ടപ്പോള്‍, സാമ്പിള്‍ പരിശോധനക്കയക്കുകയും ചെയ്തു. സര്‍ക്കാര്‍ നിഷ്ക്കര്ക്കിച്ചതിലും മേലെ ന്യൂട്രലൈസിംങ്ങ് വാല്യു ( 121%) ഉണ്ടെന്ന പരിശോധന ഫലം കൃഷി ഓഫീസര്‍ കര്‍ഷകര്‍ക്ക് നല്‍കുകയും ചെയ്തു. എന്നാല്‍, സംശയം തോന്നിയ കര്‍ഷകര്‍ തങ്ങള്‍ക്ക് ലഭിച്ച ഡോളോമേറ്റില് നിന്ന് ശേഖരിച്ച സാമ്പിള്‍ പടന്നക്കാട്ടെ സെന്ററില്‍ അയച്ചപ്പോള്‍ വാല്യു 89% എന്നാണ് റിസള്‍ട്ട് ലഭിച്ചത്.
കര്‍ഷകര്‍ക്ക് നല്കിയ ഡോളോമേറ്റില് നിന്നുള്ള സാമ്പിളിന് പകരം വേറെ ഗുണമേന്മയുള്ള ഡോളോമേറ്റാണ് കൃഷി ഓഫീസര്‍ പരിശോധനക്കയച്ച് റിസള്‍ട്ട് വാങ്ങി നല്‍കിയതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. നെല്‍ക്കൃഷിക്ക് അനുയോജ്യമല്ലാത്ത മഗ്നീഷ്യം കലര്‍ന്ന ഡോളോമേറ്റ് മിശ്രിതമാണ് കര്‍ഷകര്‍ക്ക് കുമ്മായമെന്ന പേരില്‍ നല്കി വഞ്ചിച്ചത്. ന്യൂട്രലൈസിംങ്ങ് വാല്യു 110 ശതമാനത്തില്‍ കുറഞ്ഞാല്‍ നെല്‍കൃഷിക്ക് ഉപയോഗിക്കാന്‍ പറ്റില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
കുമ്മായത്തിന് പകരം ഗുണനിലവാരമില്ലാത്ത ഡോളോമേറ്റ് നല്കി കൃഷി ഓഫീസര്‍ സാമ്പത്തിക അഴിമതി നടത്തിയെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്.കോവിഡ് പ്രതിസന്ധിക്കിടയില്‍ നിത്യ ജീവിതം പോലും വഴിമുട്ടിയ കര്‍ഷകര്‍ക്ക് ഇരുട്ടടിയായി കൃഷി ഓഫീസറുടെ നടപടി.
കണ്ണൂര്‍ ജില്ലയിലെ തന്നെ മികച്ച പാടശേഖരങ്ങളിലൊന്നാണ് പേരാവൂര്‍ പഞ്ചായത്തിലെ വളയങ്ങാട് പാട ശേഖരം.
Content Highlights: peravoor farmers complaint against agricultural officer