കൊച്ചി: കോവിഡ് പ്രോട്ടോക്കോളും വാരാന്ത്യ ലോക്ഡൗണും ലംഘിച്ച് കൊച്ചിയില്‍ ചേര്‍ന്ന ഐ.എന്‍.എല്‍. സെക്രട്ടേറിയേറ്റ് യോഗത്തില്‍ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് യോഗം ഉപേക്ഷിച്ചു.
സംഘര്‍ഷത്തെ തുടര്‍ന്ന് ഹോട്ടലില്‍ കുടുങ്ങിയ മന്ത്രിയെ പോലീസ് എത്തിയാണ് പുറത്തിറക്കിയത്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നടത്തിയ യോഗത്തില്‍ മന്ത്രി തന്നെ പങ്കെടുത്തത് വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. പാര്‍ട്ടി പ്രതിരോധത്തിലായ പി.എസ്.സി. അംഗത്വ വിവാദം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാനാണ് ഇന്ന് നേതൃയോഗം ചേര്‍ന്നത്.
ഇടതുമന്ത്രിസഭയിലെ ഏകാംഗകക്ഷിയാണ് ഐ.എന്‍.എല്‍. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും സംസ്ഥാന സമിതിയോഗവുമാണ് ഇന്ന് ചേരാന്‍ തീരുമാനിച്ചിരുന്നത്. ഇതില്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം പാതിവഴിയില്‍ പിരിച്ചുവിട്ട് മന്ത്രി തന്നെ പോലീസ് സഹായത്തോടെ രക്ഷപ്പെടുകയായിരുന്നു.
പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെതിരായ ഒരു വിഭാഗം പ്രവര്‍ത്തകരുടെ പ്രതിഷേധവും ചില പരാമര്‍ശങ്ങളുമാണ് സംഘര്‍ഷത്തിലേക്ക് കലാശിച്ചത്. സെക്രട്ടേറിയേറ്റ് യോഗം പിരിച്ചുവിട്ട് ഒരു വിഭാഗം നേതാക്കള്‍ പുറത്തിറങ്ങിയതിന് പിന്നാലെ കാസിമിനെ അനുകൂലിക്കുന്ന ആളുകളും പ്രതികൂലിക്കുന്ന ആളുകളും തെരുവില്‍ തല്ലുന്ന സാഹചര്യമുണ്ടായി. വലിയ പോലീസ് സന്നാഹം ഇടപെട്ടാണ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്. എന്നാല്‍ വീണ്ടും പ്രവര്‍ത്തകര്‍ എത്തിയതോടെ നൂറോളം പോലീസുകാര്‍ എത്തി സ്ഥിതിഗതികള്‍ ശാന്തമാക്കുകയായിരുന്നു.
ഏകപക്ഷീയമായ തീരുമാനങ്ങളാണ് എടുക്കുന്നത്, പാര്‍ട്ടി ഫോറങ്ങളില്‍ ആലോചിക്കുന്നില്ല, ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുന്നില്ല തുടങ്ങിയ ആരോപണങ്ങളാണ് കാസിം ഇരിക്കൂറിനെതിരെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഉന്നയിച്ചത്. മന്ത്രി ആര്‍ക്കൊപ്പമാണ് എന്ന ചോദ്യത്തിന് അത് അദ്ദേഹം തന്നെ പറയട്ടേ എന്ന നിലപാടായിരുന്നു പുറത്തെത്തിയ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. സംഘര്‍ഷം കനത്തതോടെ മന്ത്രിക്ക് ഹോട്ടലില്‍നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമുണ്ടായി. തുടര്‍ന്ന് പോലീസ് എത്തിയാണ് അദ്ദേഹത്തെ ഔദ്യോഗിക വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയത്.
content highlights: ruckus in inl leadership meeting held at kochi