ഐപിഎല്ലിൽ അവശേഷിക്കുന്ന 31 മത്സരങ്ങൾ, ദുബായ്, അബദാബി, ഷാർജ എന്നീ മൂന്ന് സ്റ്റേഡിയങ്ങളിലാണ് നടക്കുക
ബാംഗ്ലൂർ: കോവിഡ് വ്യാപനം മൂലം നിർത്തിവെച്ച ഐപിഎൽ സെപ്റ്റംബർ 19ന് യൂഎഎയിൽ പുനരാരംഭിക്കുന്നത് ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തോടെയാകുമെന്ന് അടുത്ത വൃത്തങ്ങൾ. ദുബായ് സ്റ്റേഡിയത്തിലായിരിക്കും മത്സരം.
ഐപിഎല്ലിൽ അവശേഷിക്കുന്ന 31 മത്സരങ്ങൾ, ദുബായ്, അബദാബി, ഷാർജ എന്നീ മൂന്ന് സ്റ്റേഡിയങ്ങളിലാണ് നടക്കുക. ഒക്ടോബർ 15ന് ദുബായിയിൽ ആണ് ഫൈനൽ. ആദ്യ ക്വാളിഫയർ മത്സരത്തിനും ദുബായ് ആണ് വേദിയാകുക. ഒക്ടോബർ 10 നാണ് മത്സരം. രണ്ടാം ക്വാളിഫയറും, എലിമിനേറ്റർ മത്സരവും ഒക്ടോബർ 11, 13 ദിവസങ്ങളിൽ ഷാർജയിലാണ് നടക്കുക.
2021 മേയ് നാലിനാണ് താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫുകൾക്കും കോവിഡ് സ്ഥിരീകരിച്ചതിനാൽ ബിസിസിഐ ഐപിഎൽ മാറ്റിവെച്ചത്.
മത്സരം നിർത്തിവെച്ചതിനു പിന്നാലെ ബിസിസിഐ പുറത്തിറക്കിയ പ്രസ്താവനയിൽ, കളിക്കാരുടെയും, ടീം അംഗങ്ങളുടെയും മറ്റു സംഘടകരുടെയും സുരക്ഷയെ മുൻനിർത്തിയാണ് ഐപിഎൽ നിർത്തിവെക്കാൻ ബിസിസിഐയും ഐപിഎൽ ഗവേർണിംഗ് കൗൺസിലും തീരുമാനിച്ചത് എന്ന് വ്യക്തമാക്കിയിരുന്നു.
മത്സരം പകുതി വഴിയിൽ നിർത്തിവെച്ചതിനെ തുടർന്ന് ബ്രോഡ്കാസ്റ്റിംഗ്, സ്പോൺസർഷിപ് എന്നീ വിഭാഗത്തിൽ ബിസിസിഐക്ക് ഏതാണ്ട് 2000 കോടി രൂപയുടെ നഷ്ടമുണ്ടായതായും റിപ്പേർട്ടുകൾ പുറത്തു വന്നിരുന്നു.
നേരത്തെ നടന്ന ബിസിസിഐയുടെ സ്പെഷ്യൽ ജനറൽ യോഗത്തിലാണ് ബാക്കി മത്സരങ്ങൾ യുഎഎയിൽ നടത്താൻ തീരുമാനമായത്. സെപ്റ്റംബർ – ഒക്ടോബർ സമയങ്ങളിലെ ഇന്ത്യയിലെ കാലവർഷം കണക്കിലെടുത്ത് ബാക്കി ഐപിഎൽ മത്സരങ്ങൾ യുഎഇയിൽ നടത്താൻ തീരുമാനിച്ചതായി ബിസിസിഐ പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.