“ധാരാളം സ്നേഹത്തിനും പിന്തുണയ്ക്കും ഇടയിൽ ഇവിടെ തിരിച്ചെത്തിയതിൽ സന്തോഷമുണ്ട്,” വിമാനമിറങ്ങിയ ശേഷം അവർ ട്വീറ്റ് ചെയ്തു
Tokyo Olympics 2020: ടോക്കിയോ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യൻ വെയ്റ്റ് ലിഫ്റ്റർ മീരബായ് ചാനു തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങി.
ഫെയ്ഷ് ഷീൽഡും മാസ്കും ധരിച്ച് ചാനു ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് നടക്കുന്നതിന്റെ വീഡിയോ പറത്തുവന്നിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പമാണ് മീരബായ് ചാനു വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് വരുന്നത്.
“ധാരാളം സ്നേഹത്തിനും പിന്തുണയ്ക്കും ഇടയിൽ ഇവിടെ തിരിച്ചെത്തിയതിൽ സന്തോഷമുണ്ട്. വളരെയധികം നന്ദി,” വിമാനമിറങ്ങിയ ശേഷം അവർ ട്വീറ്റ് ചെയ്തു.
26 കാരിയായ താരത്തെ ‘ഭാരത് മാതാ കി ജയ്’ ചൊല്ലി അഭിവാദ്യം ചെയ്തുകൊണ്ട് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ സ്വാഗതം ചെയ്തു.
ആകെ 202 കിലോഗ്രാം (87 കിലോഗ്രാം + 115 കിലോഗ്രാം) ഉയർത്തിയാണ് മീരബായ് ചാനു ഭാരോദ്വോഹനത്തിൽ വെള്ളിമെഡൽ നേടിയത്. 2000ൽ ഈ ഇനത്തിൽ വെങ്കലം നേടിയ ഇന്ത്യയുടെ കർണം മല്ലേശ്വരിയേക്കാൾ മികച്ച പ്രകടനമാണ് ഇത്.
2016ലെ റിയോ ഒളിംപിക്സിൽ നേരിട്ട നിരാശയെയും ടോക്യോ ഒളിംപിക്സിലെ വെള്ളിമെഡൽ നേട്ടത്തോടെ ചാനു മറികടന്നു. അന്ന് 82 കിലോഗ്രാം വിഭാഗത്തിൽ ഫലപ്രദമായി ഭാരം ഉയർത്താനാവാതെ ചാനു പുറത്തുപോവുകയായിരുന്നു.
മുൻ ലോക ചാമ്പ്യനും കോമൺവെൽത്ത് ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവുമാണ് ചാനു. ഒളിംപിക് ഗെയിംസിന് മുമ്പ് മീരബായ് ചാനു യുഎസ്എയിൽ പരിശീലനം നടത്തിയിരുന്നു.