തൃശ്ശൂര്‍: 300 കോടിയുടെ ക്രമക്കേടും 100 കോടിയുടെ തട്ടിപ്പും നടന്ന കരുവന്നൂര്‍ സഹകരണബാങ്കില്‍ റബ്കോ മൊത്തവ്യാപാരവിതരണത്തിന്റെ മറവിലും കോടികള്‍ കവര്‍ന്നു.
റബ്കോ ഉത്പന്നങ്ങളുടെ ജില്ലയിലെ മൊത്തവ്യാപാരം നടത്തിയിരുന്നത് ബാങ്കിന്റെ സൂപ്പര്‍ മാര്‍ക്കറ്റ് വഴിയാണ്. ഇവിടെനിന്ന് ചില്ലറവ്യാപാരികള്‍ക്ക് വിതരണംചെയ്ത ഇനങ്ങളുടെ പണം പിരിച്ചാണ് തട്ടിപ്പ്. വ്യാപാരികളില്‍നിന്ന് പരമാവധി തുക പണമായി വാങ്ങുകയായിരുന്നു. ഇത് ബാങ്കില്‍ വരവുവെച്ചിരുന്നില്ല. വ്യാപാരികള്‍ക്ക് നല്കിയ രസീതുകളില്‍ മിക്കവയും വ്യാജമായിരുന്നു. ബാങ്ക് തട്ടിപ്പ് സംബന്ധിച്ച അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
ബാങ്ക് കടക്കെണിയിലായതോടെ, റബ്കോ ഉത്പന്നങ്ങളുടെ ഇടപാട് നടത്തിയ വ്യാപാരികളോട് പത്തുവര്‍ഷത്തെ ഇടപാടുരേഖകള്‍ ആവശ്യപ്പെടുകയാണ്. സമര്‍പ്പിക്കാനാകാത്തവര്‍ക്ക് ലക്ഷങ്ങളുടെ കുടിശ്ശിക നോട്ടീസ് അയയ്ക്കുന്നുണ്ട്. വടക്കാഞ്ചേരി ഓട്ടുപാറ ബസ് സ്റ്റാന്‍ഡിലെ ദുബായ് ഫര്‍ണിച്ചര്‍ സ്ഥാപന ഉടമ ഉമ്മര്‍ഹാജിക്ക് 3,89,350 രൂപ കുടിശ്ശികയുണ്ടെന്നു കാണിച്ച് നോട്ടീസ് കിട്ടി.
റബ്കോയുടെ കമ്മിഷന് ഏജന്റ് ആയി പ്രവര്‍ത്തിച്ചിരുന്ന അനന്തുപറമ്പില്‍ ബിജോയ് മാത്രം സഹകരണബാങ്കില്‍നിന്ന് 35,65,62,577 രൂപ തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു. ഇതിനു പുറമേ ബാങ്ക് മാനേജര്‍ ബിജുവും ബിജോയിയും ചേര്‍ന്ന് 2,02,53,437 രൂപയും തട്ടിയെടുത്തിട്ടുണ്ട്. റബ്കോ ഉത്പന്നങ്ങള്‍ വാങ്ങിയ വ്യാപാരികള്‍ തിരിച്ചടയ്ക്കാനുണ്ടെന്നു കാണിച്ച് നല്കിയ കണക്കും കിട്ടാനുള്ള യഥാര്‍ത്ഥതുകയും തമ്മില്‍ 13,05,833 രൂപയുടെ വ്യത്യാസമുണ്ട്.
ഇല്ലാത്ത 14 സ്ഥാപനങ്ങളുടെ പേരില്‍ റബ്കോ ഉത്പന്നങ്ങള്‍ വിറ്റുവെന്ന് കാണിച്ച് 34,34,100 രൂപ തട്ടിയതായി കണ്ടെത്തിയിട്ടുണ്ട്
Content Highlights:Karuvannur Bank Fraud: crores were looted under the guise of Rubco deal