തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ തിരുത്തല്‍ നടപടികള്‍ക്ക് ഒരുങ്ങി സി.പി.എം. തട്ടിപ്പില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് എതിരേ നടപടിയുണ്ടാകുമെന്നും സൂചന. കടുത്ത ആരോപണങ്ങളാണ് ഇവര്‍ക്കെതിരേ ഉയര്‍ന്നത്.
കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ വായപ്തട്ടിപ്പ് വിവരങ്ങളടങ്ങിയ ഓഡിറ്റ് റിപ്പോര്‍ട്ട് ലഭിച്ചിട്ടും അന്നത്തെ സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയായ ബേബി ജോണിന് കാര്യമായ നടപടി സ്വീകരിക്കാന്‍ കഴിഞ്ഞില്ല. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഗുരുതര വീഴ്ച ചൂണ്ടിക്കാണിച്ചിട്ടും യാതൊരു നടപടിയും എടുത്തില്ലെന്നാണ് ആരോപണം.
ബേബി ജോണ്‍ നിയോഗിച്ച പാര്‍ട്ടി അന്വേഷണ കമ്മീഷന് അംഗം പി.കെ ബിജുവിനും വീഴ്ച പറ്റി. നേതാക്കള്‍ക്കെതിരേ കടുത്ത വിമര്‍ശനമാണ് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ഉയര്‍ന്നത്. കരുവന്നൂരില്‍ ഗുരുതര പ്രശ്നങ്ങള്‍ കണ്ടിട്ടും അന്നത്തെ സഹകരണ മന്ത്രി എ.സി.മൊയ്തീന് നിശ്ബദനായിരുന്നു.
സഹകരണ മന്ത്രാലയ രൂപീകരണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ സമരം ചെയ്യാന്‍ പോലും കഴിയാത്ത വിധത്തില്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ് സി.പി.എം. എല്ലാം അറിയാമായിരുന്ന പി.കെ.ബിജു, ബേബി ജോണ്‍, എ.സി.മൊയ്തീന് എന്നീ നേതാക്കള്‍ക്ക് എതിരേ നടപടിയുണ്ടാകും.
സംസ്ഥാന ഘടകം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ തീരുമാനം ചര്‍ച്ചയ്ക്ക് എടുക്കുമ്പോള്‍ നേതാക്കള്‍ക്ക് എതിരായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. പലയിടങ്ങളിലും സഹകരണ ബാങ്ക് തട്ടിപ്പുകള്‍ നിലവില്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
Content Highlights: party leaders to face consequences in karuvanoor bank case