ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് വിവാദമായ സംഭവം
മാനദണ്ഡങ്ങൾ ലംഘിച്ചതിനെ ചോദ്യം ചെയ്യുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്
കസബ: ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് ആലത്തൂർ എം.പി. രമ്യ ഹരിദാസും സംഘവും ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സംഭവത്തിൽ ആറു പേർക്കെതിരേ കസബ പോലീസ് കേസെടുത്തു. രമ്യ ഹരിദാസ്, മുൻ എം.എൽ.എ. വി.ടി.ബൽറാം എന്നിവരുൾപ്പടെ ആറു പേർക്കെതിരേയാണ് കേസ്. ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചത് ചോദ്യം ചെയ്ത യുവാവും പാലക്കാട് യുവമോർച്ച ജില്ല പ്രസിഡന്റും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
എന്നാൽ ഭക്ഷണം കഴിക്കാനല്ല, പാഴ്സൽ വാങ്ങാനെത്തിയതാണെന്നാണ് രമ്യ ഹരിദാസ് നൽകിയ വിശദീകരണം. പാഴ്സൽ വാങ്ങാനെത്തിയ തന്റെ കൈയിൽ കയറി യുവാവ് പിടിച്ചതിനെ തുടർന്നാണ് പ്രവർത്തകർ അങ്ങനെ പെരുമാറിയതെന്നും രമ്യ ഹരിദാസ് പറഞ്ഞിരുന്നു. സംഭവത്തിൽ നേതാക്കളുമായി സംസാരിച്ച് പോലീസിൽ പരാതി നൽകുമെന്നും അവർ അറിയിച്ചിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച് തങ്ങൾക്ക് പരാതി ലഭിച്ചില്ലെന്ന് പോലീസ് അറിയിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് വിവാദമായ സംഭവം. രമ്യ ഹരിദാസ് ഉൾപ്പടെയുളളവർ പാലക്കാട് നഗരത്തോട് ചേർന്നുളള അപ്ടൗൺ ഹോട്ടലിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഭക്ഷണം കഴിക്കാനെത്തിയതായാണ് പരാതി. ഇവർ ഹോട്ടലിൽ ഇരിക്കുന്ന ദൃശ്യങ്ങൾ യുട്യൂബറായ യുവാവ് പുറത്തുവിട്ടിരുന്നു.
എം.പിയായ രമ്യ ഹരിദാസ് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ യുവാവ് ചോദ്യം ചെയ്യുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതോടെ രമ്യ ഹരിദാസും സംഘവും യുവാവിനെതിരേ തിരിയുകയും മർദിക്കുകയുമായിരുന്നുവെന്നാണ് യുവാവിന്റെ പരാതി.
സംഭവത്തെ തുടർന്ന് യുവാവ് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് കസബ പോലീസിൽ പരാതി നൽകി. ലോക്ഡൗൺ ലംഘനം നടത്തിയതിന് ഹോട്ടലിനെതിരേ കസബ പോലീസ് കേസെടുത്തു. യുവമോർച്ച ജില്ലാ പ്രസിഡന്റും പോലീസിന് പരാതി നൽകി.
ഈ രണ്ടു പരാതികളും പരിഗണിച്ചു കൊണ്ടാണ് രമ്യ ഹരിദാസ് എംപി, വി.ടി. ബൽറാം എന്നിവരുൾപ്പടെയുളളവർക്കെതിരേ കേസെടുത്തിരിക്കുന്നത്. ലോക്ഡൗൺ ലംഘനം നടത്തിയ സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്.
Content Highlights:Lockdown Violation: Police files case against six congress workers including V T Balram