കുവൈറ്റ് സിറ്റി> ആഗസ്റ്റ് ഒന്നു മുതൽ വിദേശികൾക്ക് പ്രവേശന വിലക്ക് ഉണ്ടാകില്ലെന്ന് കുവൈറ്റ് മന്ത്രിസഭായോഗം വ്യക്തമാക്കി. നേരത്തെ പ്രഖ്യാപിച്ചതാണെങ്കിലും അവസാനഘട്ടത്തിൽ അനശ്ചിതത്വമോ മാറ്റമോ ഉണ്ടാകുമോ എന്ന ആശങ്കയിൽ കഴിഞ്ഞിരുന്ന വിദേശികൾക്ക് ഇന്നലത്തെ മന്ത്രിസഭാ പ്രഖ്യാപനം ആശ്വാസം നൽകുന്നതാണ്.
കുവൈറ്റ് മന്ത്രിസഭാ പ്രഖ്യാപനത്തിനു ശേഷം ടിക്കറ്റ് എടുത്താൽ മതിയെന്ന് കഴിഞ്ഞ ദിവസം ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. അംഗീകൃത വാക്സിൻ രണ്ട് ഡോസ് എടുത്തിരിക്കണമെന്നും കുവൈറ്റിൽ ഇഖാമ ഉണ്ടായിരിക്കണമെന്നതുമാണ് നിബന്ധന.
യാത്രക്ക് 72 മണിക്കൂർ മുമ്പ് സമയപരിധിയിൽ പിസിആർ പരിശോധന നടത്തി കോവിഡ് മുക്തി തെളിയിക്കണം.
ഫൈസർ , മേഡേണ , ആസ്ട്രസെനക , ജോൺസൻ ആൻ്റെ ജോൺസൻ എന്നീ വാക്സിനുകളാണ് കുവൈറ്റ് അംഗീകരിച്ചിട്ടുള്ളത്. ജോൺസൻ ആൻ്റെ
ജോൺസൻ വാക്സിൻ ഒറ്റ ഡോസാണ് . ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവിഷീൽഡ് വാക്സിൻ ആസ്ട്രസെനക ആണ്. കുവൈറ്റിൽ മൂന്നുദിവസത്തെ ഹോം ക്വാറൻ്റൻ കാലയളവിൽ മറ്റൊരു പി സി ആർ ടെസ്റ്റുകൂടി എടുക്കണം. ഇതോടെ ഇന്ത്യക്കാരടക്കമുളള വിദേശികളുടെ കുവൈറ്റിലേക്കുള്ള തിരിച്ചുവരവ് സാധ്യമായി.
ചൊവ്വാഴ്ച മുതൽ വ്യാപാര സമയത്തിലെ നിയന്ത്രണവും ഉണ്ടാകില്ല. രാത്രി എട്ടുമണി മുതൽ പുലർച്ച അഞ്ചു മണിവരെ ഉണ്ടായിരുന്ന വ്യാപാര നിയന്ത്രണം നീക്കാനും
ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
സെപ്റ്റംബർ ഒന്നുമുതൽ വലിയ ഒത്തുകൂടൽ ഒഴികെ ഇതര സംഗമങ്ങൾക്കും അനുമതി നൽകുമെന്ന് അധികൃതർ അറിയിച്ചു. മന്ത്രിസഭയുടെ ഈ തീരുമാനങ്ങൾ കുവൈറ്റ്
സാധാരണ ജീവിതത്തിലേക്ക് വരുന്നതിൻ്റെ സൂചനയായി വിലയിരുത്താം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..