കൊച്ചി: കിറ്റക്സിന്റെ കിഴക്കമ്പലത്തെ ഫാക്ടറിയില്‍ വീണ്ടും പരിശോധന. ഇത് 12ാം തവണയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കിറ്റെക്സില്‍ പരിശോധന നടക്കുന്നത്. ഭൂഗര്‍ഭ ജല അതോറിറ്റിയുടെ കൊച്ചി കാക്കനാട് ഓഫീസിലെ ഉദ്യോഗസ്ഥരാണ് ഇന്ന് രാവിലെ എത്തി പരിശോധന നടത്തിയത്.
ജില്ലാ വികസന സമിതി യോഗത്തില്‍ തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നതെന്നാണ് കിറ്റെക്സ് മാനേജ്മെന്റ് പ്രതികരിച്ചത്.
കിറ്റെക്സിലെ നിരന്തരമുള്ള പരിശോധനകളെ തുടര്‍ന്ന് കേരളത്തിലെ വ്യവസായം അവസാനിപ്പിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നുവെന്ന് കിറ്റക്സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അടിക്കടിയുള്ള മിന്നല്‍ പരിശോധനകള്‍ കിറ്റക്സില്‍ ഉണ്ടാകില്ലെന്ന വ്യവസായ മന്ത്രി പി.രാജീവിന്റെ ഉറപ്പ് നിലനില്‍ക്കെയാണ് ഇപ്പോള്‍ 12ാം തവണ പരിശോധന നടന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
മിന്നല്‍ പരിശോധനകള്‍ ഒഴിവാക്കി പരിശോധനകള്‍ക്ക് ഒരു ഏകജാലക സംവിധാനത്തിലൂടെ ക്രമീകരണമുണ്ടാക്കുന്ന രീതി സ്വീകരിക്കുമെന്നും, സ്ഥാപനങ്ങളിലെ അടിക്കടിയുള്ള മിന്നല്‍ പരിശോധന ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഈ ഉറപ്പ് നിലനില്‍ക്കുമ്പോഴാണ് വീണ്ടും പരിശോധന നടത്തിയതെന്നും കിറ്റക്സ് ആരോപിക്കുന്നു.
Content Highlights: Another raid in Kitex factory by state government today