എട്ടുപേർക്ക് കോവിഡ് പരിശോധനയിൽ നെഗറ്റീവ് ഫലം ലഭിച്ചെങ്കിലും ഇവരെ ഐസൊലേഷനിലേക്ക് മാറ്റിയിരിക്കുകയാണ്
ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ രണ്ടാം ടി 20 മത്സരം സ്പിന്നർ ഓൾറൗണ്ടർ കൃണാൽ പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിച്ച ശേഷം ഒരുദിവസം നീട്ടിവച്ചിരിക്കുകയാണ്. ഇന്ത്യൻ സംഘത്തിൽ കൃണാൽ പാണ്ഡ്യയുമായി അടുത്ത് ഇടപഴകിയ കളിക്കാർ ഉൾപ്പെടെ എട്ടുപേർക്ക് കോവിഡ് പരിശോധനയിൽ നെഗറ്റീവ് ഫലം ലഭിച്ചെങ്കിലും ഇവരെ ഐസൊലേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.
ഐസൊലേഷനിലേക്ക് മാറ്റിയ കളിക്കാരെ ടി20 പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ പരിഗണിക്കില്ല. സ്റ്റാഫ് അംഗങ്ങളും വേദിയിലേക്ക് പോകില്ല.
ചൊവ്വാഴ്ച നടക്കേണ്ട മത്സരം ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം വ്യാഴാഴ്ച നടക്കും. ഒരു മത്സരം കഴിഞ്ഞ ശേഷം പരമ്പരയിൽ ഇന്ത്യ 1-0ന് ഇന്ത്യ മുന്നിലാണ്.
രണ്ടാം മത്സരം ജൂലൈ 28 ബുധനാഴ്ച നടക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
Read More: India vs Sri Lanka 2nd T20: ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20 മത്സരം മാറ്റി
ചൊവ്വാഴ്ചത്തെ മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പ് കൃണാൽ തൊണ്ടയിൽ പ്രശ്നമുള്ളതായി പരാതിപ്പെട്ടതെന്നാണ് വിവരം. തുടർന്ന് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്തിയപ്പോൾ അത് പോസിറ്റീവായി. പിന്നീട് മുഴുവൻ ടീമും ആർടി-പിസിആർ പരിശോധനകൾക്ക് വിധേയമായി. അവർക്കെല്ലാം നെഗറ്റീവ് ഫലങ്ങൾ ലഭിച്ചു.
“മത്സരത്തിന് മുന്നോടിയായി ചൊവ്വാഴ്ച രാവിലെ നടത്തിയ റാപ്പിഡ് ആന്റിജൻ ടെസ്റ്റിൽ ടീം ഇന്ത്യ ഓൾറൗണ്ടർ കൃണാൽ പാണ്ഡ്യക്ക് പോസിറ്റീവ് ഫലം ലഭിച്ചു. അടുത്ത സമ്പർക്കം പുലർത്തിയ എട്ട് പേരെ മെഡിക്കൽ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്,” ബിസിസിഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
“ടീമിൽ കൂടുതൽ രോഗബാധയുണ്ടോ എന്ന് അറിയാൻ മുഴുവൻ സംഘവും ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയമാകുന്നുണ്ട്,” പ്രസ്താവനയിൽ പറയുന്നു.
“എല്ലാം ശരിയാണെങ്കിൽ നാളെ കളിക്കും,” എന്നാണ് ശ്രീലങ്ക ക്രിക്കറ്റിലെ (എസ്എൽസി) ഒരു ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച അറിയിച്ചത്.
Read More: ഗ്രാമത്തിലെ ആദ്യ ഡോക്ടര്; ദീപ്തിയുടെ സ്വപ്നത്തിന് സച്ചിന്റെ കൈത്താങ്ങ്
എത്ര ദിവസമാണ് കൃണാലിന്റെ ഐസൊലേഷൻ എന്ന് ബിസിസിഐ സ്ഥിരീകരിച്ചിട്ടില്ല. പരമ്പരയ്ക്ക് ഇന്ത്യ 20 അംഗ ടീമിനെയും അഞ്ച് നെറ്റ് ബൗളർമാരെയുമാണ് അയച്ചത്. അതിനാൽ പകരക്കാർ ലഭ്യമാണ്.
അതേസമയം പൃഥ്വി ഷായും സൂര്യകുമാർ യാദവും ഇംഗ്ലണ്ടിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഭാഗമാവുന്നതിന് കൃണാലിന്റെ രോഗബാധ തടസ്സമായേക്കാം. ഇന്ത്യ ഇപ്പോഴും യുകെയുടെ കോവിഡ് റെഡ് ലിസ്റ്റിലാണ്. കൂടാതെ ക്വാറന്റൈൻ പ്രോട്ടോക്കോളും കർശനമാണ് യുകെയിൽ. പൃഥ്വി ഷായും സൂര്യകുമാർ യാദവും കൃണാലിനൊപ്പം ആദ്യ ടി 20 മത്സരം കളിക്കുകയും പിന്നീട് ഒരുമിച്ച് സമയം ചിലവഴിക്കുകയും ചെയ്തിരുന്നു.
ഇത് രണ്ടാം തവണയാണ് ഇന്ത്യയുടെ ശ്രീലങ്ക പര്യടനത്തിൽ മത്സരം മാറ്റിവയ്ക്കേണ്ടി വരുന്നത്. ജൂലൈ 13 ന് ആരംഭിക്കേണ്ട ഏകദിന പരമ്പര ശ്രീലങ്കൻ ക്യാമ്പിൽ വൈറസ് പടർന്നുപിടിച്ചതിനെത്തുടർന്ന് ജൂലൈ 18 ലേക്ക് നീട്ടിയിരുന്നു.
കോവിഡ് എങ്ങനെയാണ് ഇന്ത്യൻ ക്യാമ്പിലേക്ക് പ്രവേശിച്ചതെന്ന കാര്യം പരിശോധിച്ച് വരികയാണ്. ഇരു ടീമുകളും ഒരു ബയോ ബബിളിൽ നിന്നാണ് പ്രവർത്തിക്കുന്നത്, അവർക്ക് മാത്രമായി ഒരു ഹോട്ടൽ നൽകിയിട്ടുണ്ട്.
കാണികളില്ലാതെ അടച്ച സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. കൃണാൽ പാണ്ഡ്യക്ക് എങ്ങനെ കോവിഡ് ബാധിച്ചു എന്നത് ദുരൂഹമായി തുടരുന്നതായി എസ്എൽസിയുടെ ബയോ ബബിൾ പ്രോട്ടോക്കോളുകളുടെ ചുമതലയുള്ള അർജുന ഡി സിൽവ പറഞ്ഞു. ബയോ ബബിൾ തകർന്നതായി റിപ്പോർട്ടുകളില്ലെന്നും അദ്ദേഹം ഇഎസ്പിഎൻക്രിക്കിൻഫോയോട് പറഞ്ഞു.