സംസ്ഥാന ആരോഗ്യ സെക്രട്ടറിക്ക് കത്തയച്ചു
കേന്ദ്രസംഘം ഉടന്‍ കേരളത്തിലെത്തും
തിരുവനന്തപുരം: കേരളത്തിന്റെ കോവിഡ് പ്രതിരോധത്തില്‍ വന്‍വീഴ്ചയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്ത് ഓരോ ദിവസവും പുതിയതായി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ 50 ശതമാനത്തിലധികവും കേരളത്തിലാണെന്നും കേന്ദ്രം കുറ്റപ്പെടുത്തുന്നു. ഇളവുകള്‍ നല്കുന്നതില് സംസ്ഥാനം വലിയ ജാഗ്രത കാണിക്കണമെന്നും സംസ്ഥാന ആരോഗ്യ സെക്രട്ടറിക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് അയച്ച കത്തില്‍ പറയുന്നു.
അടുത്തിടെ നടന്ന ആഘോഷ പരിപാടികളില്‍ ഇളവ് അനുവദിച്ചത് കേരളത്തില്‍ തീവ്രവ്യാപനത്തിന് കാരണമായെന്നും ഭൂഷണ് കുറ്റപ്പെടുത്തി. കഴിഞ്ഞ ഒരു മാസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ കേരളത്തില്‍ വീണ്ടും കേസുകള്‍ കൂടുകയാണെന്നത് ആശങ്കയുണ്ടാക്കുന്നു.
ജൂലായ് അഞ്ചു മുതല്‍ ഒമ്പതു വരെ കേരളത്തിലെ കോവിഡ് സാഹചര്യം നിരീക്ഷിക്കാനെത്തിയ വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് കേന്ദ്രം കത്തയച്ചത്. നിലവിലെ സ്ഥിതി മനസ്സിലാക്കുവാന്‍ കേന്ദ്രത്തിന്റെ മറ്റൊരു സംഘം ഉടനെ കേരളത്തിലെത്തുമെന്നും ഭൂഷണ് വ്യക്തമാക്കി.
കേരളം കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരളത്തിലെ സജീവ കേസുകളില്‍ 95 ശതമാനവും വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. ഇതിനുള്ള മാനദണ്ഡം കൃത്യമായി പാലിക്കണമെന്നും കേന്ദ്രം നിര്‍ദേശിക്കുന്നു. കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ കേസുകള്‍ വര്‍ധിക്കുന്നതിന്റെ തോത് വളരെ കൂടുതലാണെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ജൂലായ് 10-19 വരെയുള്ള 10 ദിവസം കൊണ്ട് സംസ്ഥാനത്ത് 91,617 പുതിയ കോവിഡ് കേസുകളും 775 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും കത്തില്‍ വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ കോവിഡ് പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കുന്നില്ലെന്നും രോഗികളായ പലരും ആശുപത്രിയിലേക്ക് പോകാന്‍ മടിക്കുന്ന സ്ഥിതിയുണ്ടെന്നും കത്തില്‍ പറയുന്നു. ഇത്തരം രോഗികള്‍ക്ക് കൗണ്‍സലിങ്ങ് നല്‍കേണ്ടത് അത്യാവശ്യമാണെന്നാണ് കേന്ദ്ര നിര്‍ദേശം. സംസ്ഥാനത്ത് വാക്സിനേഷന് കൂടുതല്‍ വേഗത്തിലാക്കേണ്ടതുണ്ടെന്നും രാജേഷ് ഭൂഷണ് ചൂണ്ടിക്കാണിച്ചു.
Content Highlights: Kerala should do more to contain Covid spread says Union health secratary