നേരത്തെ ഇത് 15 സെക്കൻഡും 30 സെക്കൻഡും ആയിരുന്നു
ഇൻസ്റ്റഗ്രാം റീൽസ് വീഡിയോകളുടെ ദൈർഘ്യം ഇൻസ്റ്റഗ്രാം വർധിപ്പിച്ചു, ഇനി മുതൽ ഉപയോക്താക്കൾക്ക് കൂടുതൽ ദൈർഘ്യമുള്ള വീഡിയോകൾ ചെയ്യാൻ സാധിക്കുമെന്ന് കമ്പനി അറിയിച്ചു. ഇൻസ്റ്റഗ്രാമിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പുതിയ അപ്ഡേറ്റ് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
പുതിയ അപ്ഡേറ്റിലൂടെ ഇൻസ്റ്റഗ്രാം റീൽസുകളുടെ ദൈർഘ്യം 60 സെക്കൻഡ് ആയി ഉയർത്തി എന്നാണ് ട്വിറ്ററിലൂടെ കമ്പനി അറിയിച്ചത്. നേരത്തെ ഇത് 15 സെക്കൻഡും 30 സെക്കൻഡും ആയിരുന്നു. ഇൻസ്റ്റഗ്രാം റീൽസിന്റെ മുഖ്യ എതിരാളിയായ, ഇന്ത്യയിൽ നിരോധിക്കപ്പെട്ട ടിക്ടോക് ഈ അടുത്ത് വീഡിയോകളുടെ ദൈർഘ്യം മൂന്ന് മിനിറ്റായി വർദ്ധിപ്പിച്ചിരുന്നു.
കൗമാരക്കാരുടെ അക്കൗണ്ടുകൾക്ക് കൂടുതൽ സംരക്ഷണം ഉറപ്പാക്കുന്നതിന്, പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അക്കൗണ്ടുകൾ പ്രൈവറ്റ് അക്കൗണ്ടുകളാക്കുമെന്ന് ഇൻസ്റ്റഗ്രാം പ്രഖ്യാപിച്ചു. ഈ ആഴ്ച മുതൽ 18 വയസിൽ താഴെയുള്ളവർ അക്കൗണ്ട് തുടങ്ങുകയാണെങ്കിൽ അവ പ്രൈവറ്റ് അക്കൗണ്ടുകളായി മാത്രമേ തുടങ്ങാൻ സാധിക്കുകയുള്ളു.
കൗമാരക്കാരിലേക്ക് പരസ്യങ്ങൾ എത്തുന്നത് കുറക്കാനും ഇൻസ്റ്റഗ്രാം തീരുമാനിച്ചു. അടുത്ത കുറച്ചു ആഴ്ചകൾക്കുള്ളിൽ ഈ സംവിധാനം നിലവിൽ വരും. പതിനെട്ടിൽ താഴെയുള്ള കുട്ടികളുടെ പ്രായവും, ലിംഗവും, സ്ഥലവും അനുസരിച്ചു മാത്രമേ പരസ്യദാതാക്കളെ പരസ്യം നൽകാൻ ഇൻസ്റ്റഗ്രാം അനുവദിക്കുകയുള്ളു.
ഇതിനോടൊപ്പം ക്രിയേറ്റർമാർക്ക് റീൽസിലൂടെ പണം സമ്പാദിക്കാനുള്ള സംവിധാനം കൊണ്ടുവരാനും ഇൻസ്റ്റഗ്രാം ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഡെവലപ്പറായ അലെസ്സാൻഡ്രോ പല്ലുസിയാണ് ഈ വാർത്ത പുറത്തുവിട്ടത്. പണം ലഭിക്കുന്നതിനുള്ള “ബോണസസ്” എന്ന ഫീച്ചർ സാധാരണ ഉപയോക്താക്കൾക്കും ലഭിക്കും എന്ന് വ്യക്തമാക്കുന്ന ഒരു സ്ക്രീൻ ഷോട്ടാണ് അദ്ദേഹം പങ്കുവച്ചത്. ക്രിയേറ്റർമാർ അപ്ലോഡ് ചെയ്യുന്ന ഓരോ വീഡിയോക്കും പ്രതിഫലം ലഭിക്കുമെന്നാണ് സ്ക്രീൻഷോട്ടിൽ നിന്നും വ്യക്തമാകുന്നത്.
Also read: ‘ആര്‍ക്കൈവ്’ ചെയ്ത ചാറ്റുകള്‍ ഇനി മുന്നില്‍ കാണില്ല; പുതിയ ഫീച്ചറുമായി വാട്സാപ്പ്