കൊച്ചി: വാഹനമോടിക്കുമ്പോള്‍ ബ്ലൂടൂത്ത് വഴി ഫോണില്‍ സംസാരിക്കുന്നത് കുറ്റകരമാക്കാനുള്ള തീരുമാനത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. നടപടി ചോദ്യംചെയ്ത് കളമശ്ശേരി സ്വദേശിയായ ജിയാസ് ജമാല്‍ നല്കിയ ഹര്‍ജിയിലാണ് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, തീരുമാനം റദ്ദാക്കി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതി വിസമ്മതിച്ചു.
മോട്ടോര്‍ വാഹന നിയമത്തിലെ 184സി പ്രകാരമാണ് ബ്ലൂടൂത്തില്‍ സംസാരിക്കുന്നതിനെതിരേ നടപടി എടുക്കാന്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും തീരുമാനിച്ചത്. ഇക്കാര്യം ഡിജിപി ഉള്‍പ്പെടെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഹാന്‍ഡ് ഫ്രീ ഉപകരണങ്ങള്‍ ഈ വകുപ്പില്‍ വരില്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം.
‘184 സി അനുസരിച്ച് ആദ്യ തവണ പിഴയും കുറ്റം ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളും ഉണ്ടാകും. എന്നാല്‍, ഈ നിയമത്തില്‍ ഹാന്‍ഡ് ഹെല്‍ഡ് ഉപകരണങ്ങള്‍ എന്ന് പ്രത്യേകം പറയുന്നുണ്ട്. ഹാന്‍ഡ് ഫ്രീ ഉപകരണങ്ങള്‍ ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല. ഇല്ലാത്ത നിയമത്തിന്റെ പേരിലാണ് ജനങ്ങളെ ശിക്ഷിക്കാന്‍ ഒരുങ്ങുന്നത്’, ഹര്‍ജിക്കാരനു വേണ്ടി ഹാജരായ അഡ്വ. ഫിറോസ് ദേശികന്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
ബ്ലൂടൂത്ത് ഉപകരണങ്ങളുടെ ഉപയോഗം തടയാന്‍ പ്രത്യേകം നിയമം വേണ്ടിവരും. അങ്ങനെയെങ്കില്‍ വാഹനങ്ങളിലെ സ്റ്റീരിയോ ഉള്‍പ്പെടെ ഡ്രൈവറുടെ ശ്രദ്ധതിരിക്കുന്ന ഉപകരണമാണെന്ന് പറയാം. ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ഉപകരണങ്ങള്‍ ഉള്ള വാഹനം രജിസ്റ്റര്‍ ചെയ്ത് നല്കാന് പ്രശ്നമില്ല. എന്നാല്‍, പണം കൊടുത്ത് വാങ്ങിയ ആള് അത് ഉപയോഗിക്കുന്നതാണ് തെറ്റ്. ഇക്കാര്യവും കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് അഡ്വ. ഫിറോസ് കൂട്ടിച്ചേര്‍ത്തു.
അടുത്ത മാസം ഒന്‍പതിന് കേസ് വീണ്ടും പരിഗണിക്കും.
Content Highlights: High Court seek explanation From Kerala Government on Bluetooth usage while Driving