കൊച്ചി: ടിപിആര്‍ മാനദണ്ഡം കണക്കാക്കി നാല് വിഭാഗങ്ങളായി തിരിച്ച് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിലെ അശാസ്ത്രീയത ചോദ്യംചെയ്ത് മരട് നഗരസഭ കോടതിയിലേക്ക്. കൗണ്‍സില്‍ യോഗത്തില്‍ കോടതിയില്‍ ഈ വിഷയം ഉന്നയിക്കാന്‍ തീരുമാനമായി. 33 അംഗ കൗണ്‍സില്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തിയ തീരുമാനത്തിന് 22 പേര് പിന്തുണ നല്കി. പ്രതിപക്ഷത്തെ 11 അംഗങ്ങളുടെ വിയോജിപ്പോടു കൂടി തീരുമാനം പാസായി.
ഇതിനുമുമ്പ് ഇതിലെ അശാസ്ത്രീയതയെ പറ്റി നഗരസഭ പാസാക്കിയ പ്രമേയം മുഖ്യമന്ത്രിക്കും വിവിധ മന്ത്രിമാര്‍ക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും നല്‍കിയിട്ടും തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിക്കാന്‍ നഗരസഭ തീരുമാനിച്ചത്. കോവിഡ് പരിശോധനയ്ക്കെത്തുന്നവരില്‍ നിന്നും രോഗബാധിതരായിട്ടുള്ളവരുടെ എണ്ണം കണ്ടെത്തി ഇത് ശരാശരി കണക്കായെടുത്ത് ലോക്ക്ഡൗണ്‍ തീരുമാനിക്കുന്ന സംവിധാനം തിരുത്തണമെന്നും രോഗികളുടെ എണ്ണം നോക്കി വേണം തീരുമാനമെടുക്കാനെന്നുമാണ് പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നത്.
മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായ കെ.കെ. രാഗേഷിനും ആരോഗ്യമന്ത്രിക്കും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ആരോഗ്യ വകുപ്പ് സെക്രട്ടറിക്കും പ്രമേയത്തിന്റ കോപ്പി കൈമാറിയിരുന്നു.
Content Highlights: Marad Corporation to go to Court regarding TPR based lockdown