പേരാവൂര്‍ (കണ്ണൂര്‍): കോളയാട് ആര്യപ്പറമ്പ് സെയ്ന്റ് മേരീസ് എസ്റ്റേറ്റിലെ താമസ സ്ഥലത്ത് അന്യസംസ്ഥാനക്കാരിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. ജാർഖണ്ഡ് സ്വദേശിനി മമ്ത കുമാരി (20)യുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് യുവതിയോടൊപ്പം കഴിഞ്ഞുവന്നിരുന്ന ജാര്‍ഖണ്ഡ് സ്വദേശിയും എസ്റ്റേറ്റിലെ തൊഴിലാളിയുമായ യോഗീന്ദ്രയെ (28) പേരാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ജാര്‍ഖണ്ഡ് ഗുംല ജില്ലയിലെ ഗാഗ്ര സ്വദേശിനിയായ മമ്തകുമാരിയെ ജൂലായ് 15 നാണ് കിടപ്പ് മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. യോഗീന്ദ്രയുടെ നിരന്തരമുളള പീഡനവും ക്രൂരമര്ദനവുമാണ് മരണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. ഭാര്യയും ഒരു കുട്ടിയുമുള്ള യോഗീന്ദ്ര ഭാര്യ മരിച്ചതിനു ശേഷമാണ് മമ്തയുമായി പ്രണയത്തിലാകുന്നത്. വീട്ടുകാര്‍ എതിര്‍ത്തപ്പോള്‍ മമ്ത രണ്ടു മാസം മുന്‍പ് യോഗീന്ദ്രക്കൊപ്പം ആര്യപ്പറമ്പിലേക്ക് വരികയായിരുന്നു.
തൊഴിലിടത്തില്‍ നിന്ന് ഡെങ്കിപ്പനി ബാധിച്ച മമ്ത കണ്ണൂര്‍ മെഡിക്കല്‍ കേളേജില്‍ ഒരാഴ്ചയിലധികം ചികിത്സയില്‍ കഴിഞ്ഞിരുന്നു. മമ്തക്ക് ദീര്‍ഘനാള്‍ വിശ്രമം വേണമെന്ന് പറഞ്ഞാണ് ആശുപതി അധികൃതര്‍ ഡിസ്ചാര്‍ജ് അനുവദിച്ചത്. എന്നാല്‍ എഴുന്നേല്ക്കാന് പോലുമാവാത്ത മമ്തയെ യോഗീന്ദ്ര ശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിച്ചതാണ് മരണത്തിന് കാരണമായത്.
മര്‍ദനത്തില്‍ നിലത്ത് വീണ് തലച്ചോറില്‍ രക്തം കട്ടപിടിച്ചതും വാരിയെല്ലിലെ പൊട്ടലും നിരന്തരമായ മര്‍ദനം മൂലം കാലുകളിലുണ്ടായ ആഴത്തിലുള്ള മുറിവുമാണ് മരണത്തിന് കാരണമായത്. ദൃക്സാക്ഷികളാരും ഇല്ലാത്ത സംഭവത്തില്‍ ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, പിന്നീട് കൊലക്കുറ്റം കൂടി ചേര്‍ക്കുകയായിരുന്നു. പേരാവൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എം.എന്‍. ബിജോയ്, എസ്.ഐ. കൃഷ്ണന്, എ. എസ്.ഐ. വിനയകുമാര്‍, സീനിയര്‍ സി. പി.ഒ. ഇ.എ. റംല, സി.പി.ഒ. ഷൗക്കത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Content Highlights: Boy friend who killed Jharkhand woman arrested