ദോഹ: 2022ലെ ഫിഫ ലോക കപ്പിനും 2023ല്‍ നടക്കുന്ന ഏഷ്യന്‍ കപ്പിനുമുള്ള യോഗ്യതാ മത്സരങ്ങള്‍ക്കായി ഖത്തറിലെത്തിയ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ ആദ്യ മത്സരം ഇന്ന് രാത്രി എട്ടിന് ദോഹ അല്‍ സദ്ദിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ അരങ്ങേറും. ആദ്യ റൗണ്ടിലെ തകര്‍പ്പന്‍ പ്രകടനം ഇന്ത്യ ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍. അതേസമയം, ലോക കപ്പ് യോഗ്യതാ മത്സരങ്ങളുടെ ആദ്യ റൗണ്ടില്‍ ഖത്തറിനെതിരെ ഇന്ത്യ പൊരുതി നേടിയ സമനില വലിയ അത്ഭുതമായിരുന്നുവെന്ന് ഇന്ത്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമാക്ക്. ഇന്ന് ഖത്തറിനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സരം കടുത്തതായിരിക്കുമെന്ന് കോച്ച്
ആദ്യ റൗണ്ടിലെ നേട്ടത്തില്‍ വളരെ അഭിമാനമുണ്ട്. ദോഹയില്‍ നടന്ന മത്സരത്തില്‍ ഏഷ്യന്‍ ചാമ്പ്യന്മാരെ ഇന്ത്യ സമനിലയില്‍ തളച്ചത് ഫുട്ബോള്‍ ലാകത്തെ തന്നെ അത്ഭുതപ്പെടുത്തി. എന്നാല്‍, അന്നത്തെ സാഹചര്യം വ്യത്യസ്തമായിരുന്നു. പത്തിലൊന്ന് കളികളില്‍ മാത്രമേ അങ്ങിനെ സംഭവിക്കൂ. ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ടീമാണ് ഖത്തര്‍. അതുകൊണ്ട് തന്നെ ഇത്തവണ മത്സരം ഏറെ കടുത്തതായിരിക്കുമെന്നും കോച്ച് സ്റ്റിമാക്ക് കൂട്ടിച്ചേര്‍ത്തു. ഖത്തറില്‍ വന്നിറങ്ങിയതു മുതല്‍ ഇവിടെയുള്ള ഇന്ത്യന്‍ സമൂഹം നല്കുന്ന പിന്തുണ വലിയ ഊര്‍ജമാണ് പകര്‍ന്നതെന്നും സ്റ്റിമാക് പറഞ്ഞു.
ഇന്ത്യയെ എഴുതിത്തള്ളാനാവില്ലെന്ന് ഖത്തറും
അതേസമയം, ഇന്ത്യക്കെതിരായ മത്സരം എളുപ്പമായിരിക്കുമന്ന് കരുതുന്നില്ലെന്ന് ഖത്തര്‍ കോച്ച് ഫെലിക്സ് സാഞ്ചസ് പറഞ്ഞു. കഴിഞ്ഞ മത്സരത്തില്‍ ഞങ്ങള്‍ മേധാവിത്വം പുലര്‍ത്തിയെങ്കിലും ഗോള്‍ സ്കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. ഞങ്ങളുടെ ചില നീക്കങ്ങള്‍ പാളിപ്പോയി. അത് പരിഹരിച്ചായിരിക്കും ഇത്തവണ കളത്തില്‍ ഇറങ്ങുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്തര്‍ സമയം ഇന്നു രാത്രി എട്ടിനാണ് (ഇന്ത്യന്‍ സമയം രാത്രി 10.30) ഖത്തറിനെതിരായ മത്സരം. ജൂണ്‍ ഏഴിന് വൈകീട്ട് അഞ്ചു മണിക്ക് ബംഗ്ലാദേശിനെതിരേയും ജൂണ്‍ 15ന് വൈകീട്ട് അഞ്ചു മണിക്ക് അഫ്ഗാനിസ്താനെതിരേയുമാണ് ഇന്ത്യയുടെ മറ്റ് രണ്ടു മത്സരങ്ങള്‍.
30 ശതമാനം കാണികളെ അനുവദിക്കും
നിയന്ത്രണങ്ങള്‍ക്കു വിധേയമായി കാണികളെ അനുവദിച്ചു കൊണ്ടായിരിക്കും ഇന്നത്തെ മല്‍സരമെന്ന് സംഘാടകര്‍ അറിയിച്ചു. സ്റ്റേഡിയത്തിന്റെ 30 ശതമാനം ശേഷിയിലാണ് കാണികളെ അനുവദിക്കുക. രണ്ടാം ഡോസ് വാക്സിനെടുത്ത് 14 ദിവസം കഴിഞ്ഞവര്‍ക്കും കഴിഞ്ഞ ഒന്‍പത് മാസത്തിനുള്ളില്‍ കൊവിഡ് മുക്തി നേടിയവര്‍ക്കുമാണ് മല്‍സരം നേരില്‍ കാണാന്‍ അവസരം. കൊവിഡ് ബാധിതനായി 14 ദിവസം കഴിഞ്ഞിരിക്കണമെന്ന വ്യവസ്ഥയോടെയാണ് കൊവിഡ് മുക്തരെ പ്രവേശിപ്പിക്കുക. എന്നാല്‍ ഇരു വിഭാഗങ്ങളിലെയും 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല. ഇഹ്തിറാസ് ആപ്പിലെ വിവരങ്ങള്‍ നോക്കിയായിരിക്കും പ്രവേശനം.
മത്സരം തല്‍സമയം കാണാന്‍ അവസരം
https://tickets.qfa.qa എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായിട്ടായിരുന്നു ടിക്കറ്റ് വിതരണം. 20 റിയാലാണ് ടിക്കറ്റ് വില. സ്വന്തം ടീമിന്റെ മല്‍സരമെന്ന നിലയില്‍ കൂടുതല്‍ ടിക്കറ്റുകള്‍ സ്വദേശികള്‍ സ്വന്തമാക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം, മല്‍സരത്തിന്റെ ലൈവ് സംപ്രേഷണം വിവിധ ചാനലുകളില്‍ കാണാന്‍ അവസരമൊരുക്കിയിട്ടുണ്ട്. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്കിലും, ഡിസ്നി-ഹോട്ട്സ്റ്റാറിലും കളി കാണാം. സ്റ്റാര്‍ സ്പോര്‍ട്സില്‍ മലയാളം കമന്ററി സഹിതമാണ് സംപ്രേഷണം.
ഇന്ത്യന്‍ ടീം പൂര്‍ണ സജ്ജം
കൊവിഡ് മുക്തനായി സുനില്‍ ഛെത്രി മടങ്ങിയെത്തിയത് ടീമിന് വലിയ പ്രചോദനമാണെന്നു കോച്ച് പറഞ്ഞു. എല്ലാ പരിശീലന സെഷനുകളിലും അദ്ദേഹം പങ്കെടുത്തിരുന്നു. ഒരു 25കാരന്റെ ചുറുചുറുക്കോടെയാണ് അദ്ദേഹം കളം നിറഞ്ഞുനില്ക്കുന്നത്. ഇത് ടീമിലെ യുവനിരയ്ക്ക് വലിയ ആവേശം പകരുന്നതായും ഇന്ത്യന്‍ കോച്ച് വ്യക്തമാക്കി. ഫിഫ ലോക കപ്പിനും 2023ല്‍ നടക്കുന്ന ഏഷ്യന്‍ കപ്പിനുമുള്ള യോഗ്യതാ മല്‍സരങ്ങള്‍ക്കായി മെയ് 19നാണ് മലയാളി താരങ്ങള്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ ടീം ദോഹയിലെത്തിയത്. ഗ്രൂപ്പ് ഇയിലെ അഞ്ച് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റുകളാണ് നിലവില്‍ ഇന്ത്യയ്ക്കുള്ളത്. ലോകകപ്പില്‍ മല്‍സരിക്കാമെന്ന പ്രതീക്ഷയില്ലെങ്കിലും 2023ല്‍ നടക്കുന്ന ഏഷ്യാ കപ്പിന് യോഗ്യത നേടാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ ടീം.
ഇന്ത്യന്‍ ഫുട്ബോള്‍ ടീം അംഗങ്ങള്‍
ഗോള്‍ കീപ്പര്‍മാര്‍: ഗുര്‍പ്രീത് സിംഗ് സന്ദു, അമരീന്ദര്‍ സിംഗ്, ധീരജ് സിംഗ്
പ്രതിരോധ നിര: ആകാശ് മിശ്ര, സന്ദേശ് ജിങ്കന്, പ്രീതം കോട്ടാല്‍, രാഹുല്‍ ഭെകെ, നരേന്ദര്‍ ഗെഹ്ലോട്ട്, ചിങ്കലെന്‍സന സിംഗ്, ആദില്‍ ഖാന്, സുഭാഷിഷ് ബോസ്
മധ്യനിര: ഉദന്ത സിംഗ്, ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ്, ലിസ്റ്റന്‍ കൊലാക്കോ, റൗളിന് ബോര്‍ഗസ്, ഗ്ലാന്‍ മാര്‍ട്ടിന്‍സ്, അനിരുദ്ധ താപ്പ, പ്രണോയ് ഹല്‍ദര്‍, സുരേഷ് സിംഗ്, ലാലെംഗ് മാവിയ റാല്‍ത്തെ, അബ്ദുല്‍ സഹല്‍, യാസിര്‍ മുഹമ്മദ്, ലല്യന്‍സുവാല ചാംഗ്തെ, ബിപിന്‍ സിംഗ്, ആശിഖ് കരുണിയന്.
മുന്നേറ്റനിര: ഇശാന് പണ്ടിറ്റ്, സുനില്‍ ഛെത്രി, മന്‍വീര്‍ സിംഗ്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : india vs qatar fifa world cup qualifiers 2022
Malayalam News from malayalam.samayam.com, TIL Network