തിരുവനന്തപുരം: മില്‍മയില്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി നിലവില്‍ വന്നതിന് ശേഷം ആദ്യമായി ഭരണം പിടിച്ച് ഇടതുപക്ഷം. ചെയര്‍മാനായി മലബാര്‍ മേഖലാ ക്ഷീരോത്പാദക യൂണിയന് ചെയര്മാന് കെ.എസ്. മണിയെ തിരഞ്ഞെടുത്തു. 1983ല്‍ ഭരണസമിതി നിലവില്‍ വന്നത് മുതല്‍ കോണ്‍ഗ്രസ് ആയിരുന്നു ക്ഷീരോത്പാദക സഹകരണസംഘം ഭരിച്ചിരുന്നത്.
എല്‍.ഡി.എഫിന് ഏഴ് വോട്ടുകള്‍ ലഭിച്ചപ്പോള്‍ യുഡിഎഫിന് അഞ്ച് വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട മൂന്ന് വോട്ടും മലബാര്‍ മേഖലയില്‍ നിന്നുമുള്ള നാല് വോട്ടുമാണ് എല്‍ഡിഎഫിന് ലഭിച്ചത്.
ഭരണം പിടിക്കുകയെന്നത് സി.പി.എമ്മിന്റെ ലക്ഷ്യമായിരുന്നു. ഇതിന്റെ ഭാഗമായി മലബാര്‍ മേഖല ക്ഷീരോത്പാദക യൂണിയനില്‍ ഭരണസമിതി പിരിച്ചുവിട്ട് ഉദ്യോഗസ്ഥഭരണം ഏര്‍പ്പെടുത്തി. തുടര്‍ന്ന് തിരഞ്ഞെടുപ്പില്‍ സി.പി.എം. പിടിച്ചെടുത്തു.
സമാനമായി കാലാവധി പൂര്‍ത്തിയാക്കാന്‍ അഞ്ചുദിവസം ബാക്കിനില്‍ക്കേ തിരുവനന്തപുരം മേഖലാ ക്ഷീരോത്പാദക യൂണിയന് ഭരണസമിതി ഓര്‍ഡിനന്‍സിലൂടെ പിരിച്ചുവിട്ടു. തുടര്‍ന്ന് സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് ഭരണവും നല്കി. ഈ സമിതിക്ക് വോട്ട് ചെയ്യാനുള്ള അവകാശവും നല്കി.
തിരഞ്ഞെടുപ്പ് നടത്തിയാല്‍ തിരുവനന്തപുരം മേഖല പിടിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്. 1983 മുതല്‍ 2019 വരെ 36 വര്‍ഷം കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണനായിരുന്നു മില്‍മ ചെയര്മാന്. കഴിഞ്ഞ രണ്ട് വര്‍ഷമായി പി.എ. ബാലന് മാസ്റ്റര്‍ ആയിരുന്നു ചെയര്മാന്.
Content Highlights: Milma have an LDF chairman for the first time in history