ഗ്രൂപ്പ് സ്റ്റേജിൽ മൂന്ന് മത്സരങ്ങൾ ജയിച്ച ഏക ടീമായാണ് ജപ്പാൻ ക്വാർട്ടറിൽ എത്തിയത്
ടോക്കിയോ: ടോക്കിയോ ഒളിംപിക്സിലെ പുരുഷ വിഭാഗം ഫുട്ബോളിൽ ക്വാർട്ടറിൽ കടക്കാതെ അർജന്റീന, ഫ്രാൻസ്, ജർമ്മനി ടീമുകൾ പുറത്തായി. ഗ്രൂപ്പ് സ്റ്റേജിലാണ് മൂന്ന് വലിയ ടീമുകളും പുറത്തായത്.
അർജന്റീന അവസാന മത്സരത്തിൽ സ്പെയിനോട് സമനില വഴങ്ങിയെങ്കിലും ക്വാർട്ടറിൽ കടക്കാൻ അത് മതിയാവില്ലായിരുന്നു. 66-ാം മിനിറ്റില്‍ മൈക്കൽ മെറീനോയിലൂടെ സ്പെയ്നിനാണ് ആദ്യ ഗോൾ നേടിയത്. 87-ാം മിനിറ്റിലായിരുന്നു ടോമസ് ബെല്‍മോന്റെ ഹെഡറിലൂടെ അര്‍ജന്റീന സമനിലപിടിച്ചത്. അതുകൊണ്ട് തന്നെ അടുത്ത ഒരു ഗോളിലൂടെ ജയം നേടി ക്വാർട്ടറിൽ കടക്കാന്‍ അർജന്റീനക്ക് കഴിയാതെയായി.
ഗ്രൂപ്പ് സിയിൽ അർജന്റീനയോട് തോറ്റ ഈജിപ്റ്റാണ് ഓസ്ട്രേലിയക്ക് എതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ജയിച്ചു ക്വാർട്ടറിൽ കടന്നത്. യാസർ റയാൻ, അമർ ഹംദി എന്നിവരാണ് ഈജിപ്റ്റിന് വേണ്ടി രണ്ടു ഗോളുകൾ നേടിയത്. ഗ്രൂപ്പ് ഡിയിൽ നിന്നും സൗദി അറേബ്യക്ക് എതിരെ 3-1 നു ജയിച്ചു വന്ന നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിനെയാണ് ഈജിപ്റ്റ് ക്വാർട്ടറിൽ നേരിടുക.
അവസാന മത്സരത്തിൽ ഐവറി കോസ്റ്റിനോട് സമനില വഴങ്ങിയ 2016ലെ വെള്ളി മെഡൽ ജേതാക്കളായ ജർമ്മനിക്ക് ഇത്തവണ നേരത്തെ നാട്ടിലേക്ക് തിരിക്കേണ്ടി വന്നു. ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി ഐവറി കോസ്റ്റ് ക്വാർട്ടറിൽ കടക്കുകയും ചെയ്തു. 67-ാം മിനിറ്റിൽ ഡി. ബെഞ്ചമിൻ ഹെൻറിച്സ് സെൽഫ് ഗോളാണ് ഐവറി കോസ്റ്റിനു ലീഡ് സമ്മാനിച്ചത്. 73-ാം മിനിറ്റില്‍ ല്യുവെനിലൂടെ ജര്‍മനി സമനില നേടിയെങ്കിലും വിജയഗോള്‍ കണ്ടെത്താനായില്ല. ഫൈനലിൽ സ്പെയിൻ ആണ് ഐവറി കോസ്റ്റിന്റെ എതിരാളി.
ജപ്പാനോട് 4-0ന് വലിയ തോൽവി ഏറ്റുവാങ്ങിയാണ് ഫ്രാൻസ് പുറത്തായത്. ഗ്രൂപ്പ് സ്റ്റേജിൽ മൂന്ന് മത്സരങ്ങൾ ജയിച്ച ഏക ടീമായാണ് ജപ്പാൻ ക്വാർട്ടറിൽ എത്തിയത്. 11 ഗോളുകൾ വഴങ്ങിയ ഫ്രാൻസാണ് നാല് ഗ്രൂപ്പുകളിൽ നിന്നും ഏറ്റവും കൂടുതൽ ഗോളുകൾ ഗ്രൂപ്സ്റ്റേജിൽ വഴങ്ങിയ ടീം.
ഗ്രൂപ്പ് എയിൽ നിന്നും ദക്ഷിണാഫ്രിക്കയെ 3-0നു തോൽപ്പിച്ച് മെക്സിക്കോ ക്വാർട്ടറിൽ ഇടം നേടി. ഹോണ്ടുറാസിനെ 6-0ന് തകർത്ത ദക്ഷിണ കൊറിയയെയാണ് മെക്സിക്കോ ക്വാർട്ടറിൽ നേരിടുക. റൊമാനിയ്ക്ക് എതിരെ സമനില നേടി ന്യൂസിലാൻഡും ക്വാർട്ടർ ഉറപ്പിച്ചു. ജപ്പാനാണ് എതിരാളികൾ.