പച്ചമാങ്ങ കൊണ്ടും മാമ്പഴം കൊണ്ടും നിരവധി വിഭവങ്ങള്‍ ഉണ്ടാക്കാറുണ്ട്. ആ കൂട്ടത്തിലേക്ക് ഒരു വെറൈറ്റി വിഭവം എത്തിയിരിക്കുകയാണ്. പച്ചമാങ്ങ് ഗ്രേറ്റ് ചെയ്തത് ചേര്‍ത്ത് തയ്യാറാക്കുന്ന ഈ റൈസിന് പ്രത്യേക രുചിയും മണവുമാണ്. ഇതോടൊപ്പം കഴിക്കാവുന്ന വിഭവമാണ് പൊട്ടറ്റോ ഗാര്‍ലിക് ഫ്രൈ. വെള്ളുത്തുള്ളിയുടെ രുചിയും മണവും നിറഞ്ഞ് നില്ക്കുന്ന ഈ വിഭവം നാവില്‍ കപ്പലോടിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല
മാംഗോ റൈസ്
- പച്ചമാങ്ങ ഗ്രേറ്റ് ചെയ്തത് – 1 കപ്പ്
- ചോറ് – 2 കപ്പ്
- പച്ചമുളക് – 1
- കറിവേപ്പില – 1 തണ്ട്
- മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
- കായപ്പൊടി – ഒരു നുള്ള്
- തേങ്ങ ചിരകിയത് – 2 ടേബിള്‍സ്പൂണ്‍
- കടലപ്പരിപ്പ് – 1 ടീസ്പൂണ്‍
- ഉഴുന്ന് – 1 ടീസ്പൂണ്‍
- നിലക്കടല (കപ്പലണ്ടി) – 2 ടേബിള്‍സ്പൂണ്‍
- വറ്റല്‍മുളക് – 2
- മല്ലിയില – 1 ടേബിള്‍സ്പൂണ്‍
- കടുക് – 1/2 ടീസ്പൂണ്‍
- എണ്ണ – 1 ടേബിള്‍സ്പൂണ്‍
- ഉപ്പ് – പാകത്തിന്
എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു അതിലേക്ക് കടലപ്പരിപ്പ്, ഉഴുന്ന്, നിലക്കടല വറ്റല്‍മുളക് എന്നിവ മൂപ്പിക്കുക. അതിലേക്ക് കറിവേപ്പില അരിഞ്ഞ പച്ചമുളക് എന്നിവ ചേര്‍ത്ത് കൊടുക്കുക.
ഗ്രേറ്റ് ചെയ്ത് വച്ച മാങ്ങ കൂടി ചേര്‍ത്ത് വഴറ്റുക.
അതിലേക്ക് ഒരു നുള്ള് കായപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് കൊടുക്കുക.
മാങ്ങ വെന്ത് ചുരുങ്ങി വരുമ്പോള്‍ വേവിച്ചു വച്ച ചോറ് ചേര്‍ത്ത്, ചോറ് ഉടഞ്ഞു പോകാത്ത രീതിയില്‍ പതുക്കെ ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പ് കൂടെ ചേര്‍ത്ത് കൊടുക്കുക.
അല്പസമയം ചെറുതീയില്‍ വച്ച് ചോറില്‍ കൂട്ട് നന്നായി പിടിച്ചു വരുമ്പോള്‍ ചിരകിയ തേങ്ങ ചേര്‍ത്ത് യോജിപ്പിക്കുക. മേലെ അരിഞ്ഞ മല്ലിയില കൂടെ തൂവി കൊടുക്കുക
പൊട്ടറ്റോ ഗാര്‍ലിക് ഫ്രൈ
- ഉരുളക്കിഴങ്ങ് – 1 വലുത്
- വെളുത്തുള്ളി ചതച്ചത് – 1 ടേബിള്‍സ്പൂണ്‍
- കുരുമുളക് പൊടി – 1 ടീസ്പൂണ്‍
- മുളക്പൊടി – 3/4 ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
- കായപ്പൊടി – ഒരു നുള്ള്
- ജീരകപ്പൊടി – 1/4 ടീസ്പൂണ്‍
- ഉപ്പ് – പാകത്തിന്
- എണ്ണ – 2 ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി ചതച്ചത്, കുരുമുളക്പൊടി, മുളക്പൊടി, മഞ്ഞള്‍പ്പൊടി, ജീരകപ്പൊടി, കായപ്പൊടി, ഉപ്പ് എന്നിവ വട്ടത്തില്‍ നേരിയതായി മുറിച്ച ഉരുളക്കിഴങ്ങില്‍ പുരട്ടി വച്ച ശേഷം പാനില്‍ എണ്ണയൊഴിച്ചു ചെറുതീയില്‍ വച്ചു വറുത്തെടുക്കുക.
Content Highlights: lunch box recipes