ഒളിമ്പിക്സിൽ എട്ട് സ്വർണ മെഡലുകൾ നേടിയ സമ്പന്നമായ ചരിത്രമുണ്ട് ഇന്ത്യൻ ഹോക്കിക്ക്
ഒളിംപിക്സ് ഹോക്കിയിൽ എട്ട് തവണ ചാമ്പ്യൻമാരായ ഇന്ത്യക്ക് 41 വർഷത്തെ ഇടവേളക്ക് ശേഷമുള്ള സെമി ഫൈനൻ പ്രവേശനം ഒരു മത്സരം മാത്രം അകലെ. ഞായറാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ബ്രിട്ടണെ പരാജയപ്പെടുത്തിയാൽ അവസാന അങ്കത്തിനായി ഏറ്റുമുട്ടുന്ന നാല് ടീമുകളിലൊന്നായി ഇന്ത്യൻ പുരുഷ ഹോക്കി ടീമിന് മാറാം.
ഇന്ത്യൻ ഹോക്കിക്ക് ഒളിമ്പിക്സിൽ സമ്പന്നമായ ചരിത്രമുണ്ട്. അഭൂതപൂർവമായി എട്ട് സ്വർണ മെഡലുകൾ ഇന്ത്യൻ ഹോക്കിക്ക് ഒളിംപിക്സിൽ നേടാൻ കഴിഞ്ഞു. 1980ലെ മോസ്കോ ഗെയിംസ് വരെ ഇന്ത്യയുടെ മുന്നേറ്റം തുടർന്നു. എന്നാൽ അതിന് ശേഷം ഇന്ത്യൻ ഹോക്കി ഒരു പിന്നോട്ട് പോക്കിന് സക്ഷ്യം വഹിച്ചു.
1980ന് ശേഷം 1984 ലോസ് ആഞ്ചലസ് ഒളിംപിക്സിലാണ് താരതമ്യേന ഭേദപ്പെട്ട സ്ഥാനം ഇന്ത്യൻ ഹോക്കി ടീമിന് ലഭിച്ചത്. അന്ന് അഞ്ചാം സ്ഥാനമായിരുന്നു ഇന്ത്യൻ ഹോക്കി ടീമിന്.
2008 ബീജിംഗ് ഗെയിംസിൽ യോഗ്യത നേടുന്നതിൽ പരാജയപ്പെട്ട ഇന്ത്യൻ ഹോക്കി ടീം 2016 റിയോ ഒളിമ്പിക്സിൽ പോയിന്റ് നിലയിലെ ഏറ്റവും അവസാന സ്ഥാനക്കാരായി ഫിനിഷ് ചെയ്തു. ഹോക്കി എന്ന കായിക വിനോദത്തിൽ ഇന്ത്യ മോശം അവസ്ഥയിൽ നിന്ന് വളരെ മോശം അവസ്ഥയിലേക്ക് എത്തിയ സാഹചര്യമായിരുന്നു ആ രണ്ട് ഒളിംപിക്സിലും പ്രകടമായത്.
എന്നാൽ കഴിഞ്ഞ അഞ്ച് വർഷം ഇന്ത്യയുടെ പ്രകടനത്തിൽ കാര്യമായ പുരോഗതി കൈവരിക്കാനായി. ഇത് ഇന്ത്യയെ ലോക റാങ്കിംഗിൽ മൂന്നാം സ്ഥാനത്തേക്ക് എത്തിച്ചു.
മുൻ ഓസ്ട്രേലിയൻ താരം ഗ്രഹാം റീഡ് രണ്ട് വർഷം മുമ്പ് പരിശീലക സ്ഥാനം ഏറ്റെടുത്തതോടെ ഇന്ത്യൻ കളിക്കാർക്കിടയിൽ ആത്മവിശ്വാസം കൊണ്ടുവരാൻ കഴിഞ്ഞു. ലോക ഹോക്കിക്ക് ആവശ്യമായ കഴിവുകൾ ഉണ്ടായിരുന്നിട്ടും സമ്മർദ്ദത്തിൽ പെടുന്നതിനാൽ മുൻപ് അവർക്ക് പലപ്പോഴും ആത്മവിശ്വാസം നഷ്ടപ്പെട്ടിരുന്നു.
ഓസ്ട്രേലിയയ്ക്കെതിരായ 1-7 തോൽവി ഒഴിച്ച് നിർത്തിയാൽ ഇത്തവണത്തെ ഒളിംപിംക്സിൽ ഇന്ത്യൻ ടീം ഇതുവരെ മികച്ച പ്രകടനം നടത്തി. അഞ്ച് മത്സരങ്ങളിൽ നാല് വിജയങ്ങൾ നേടി. ഓസ്ട്രേലിയക്ക് പിറകിൽ പൂൾ എയിൽ രണ്ടാം സ്ഥാനം നേടി.
ക്വാർട്ടറിൽ ഇന്ത്യയുടെ എതിരാളികളായ ഗ്രേറ്റ് ബ്രിട്ടൻ രണ്ട് വിജയവും രണ്ട് തോൽവിയും ഒരു സമനിലയുമായി പൂൾ ബിയിൽ മൂന്നാം സ്ഥാനക്കാരായാണ് ക്വാർട്ടറിലെത്തിയത്.
ഓസ്ട്രേലിയയ്ക്കെതിരായ തോൽവിക്ക് ശേഷം തുടർച്ചയായി മൂന്ന് വിജയങ്ങൾ നേടിയ ഇന്ത്യയുടെ ആത്മവിശ്വാസം ഉയരത്തിലായിരിക്കും എന്നതിൽ സംശയിക്കാനൊന്നുമില്ല.
റാങ്കിങ് പ്രകാരവും ലോക അഞ്ചാം നമ്പറായ ബ്രിട്ടണെതിരെ ഇന്ത്യക്ക് തന്നെയാണ് സാധ്യത.
ഗെയിമുകളിൽ നിരവധി സ്കോറിംഗ് അവസരങ്ങൾ സൃഷ്ടിച്ച ഇന്ത്യൻ മുന്നേറ്റ നിരയുടെ പ്രകടനം ശ്രദ്ധേയമാണ്. പക്ഷേ മൻദീപ് സിംഗിന്റെ നേതൃത്വത്തിലുള്ള മുന്നേറ്റനിര ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്.
ഓപ്പോസിഷൻ സർക്കിളിനുള്ളിലെ പെട്ടെന്നുള്ള റിഫ്ലെക്സുകൾക്ക് പേരുകേട്ട മൻദീപ്, പ്രത്യേകിച്ചും, ഇതുവരെ നിരാശയുണ്ടാക്കിയിരുന്നുവെങ്കിലും സിമ്രൻജീത് സിംഗ്, ഗുർജന്ത് സിംഗ് തുടങ്ങിയവർ അദ്ദേഹത്തെ പാളിച്ച നികത്താൻ ശ്രമിച്ചു.
ക്യാപ്റ്റൻ മൻപ്രീത് സിംഗ്, നീലകാനത ശർമ്മ എന്നിവരടങ്ങുന്ന മധ്യനിരയാണ് മത്സരത്തിൽ ഇതുവരെ ഇന്ത്യയുടെ ശക്തമായ മേഖല.
രൂപീന്ദർ പാൽ സിംഗ്, വൈസ് ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ്, അമിത് രോഹിദാസ്, വരുൺ കുമാർ എന്നിവർ അവസരത്തിനൊത്ത് ഉയർന്നാൽ ഇന്ത്യക്ക് ഏറ്റവും വലിയ കരുത്തായിരിക്കും.
എന്നാൽ പരിശീലകനായ റീഡിന് ആശങ്കയുണ്ടാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മേഖലയാണ് പരിചയസമ്പന്നനായ ഗോൾകീപ്പർ പി ആർ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ ബാക്ക്ലൈനാണ്.
ഓസ്ട്രേലിയയ്ക്കെതിരെ ഏഴ് ഗോളുകൾ വഴങ്ങിയ ശേഷം ശ്രീജേഷ് തന്റെ ഗെയിം പിന്നീട് മെച്ചപ്പെടുത്തി. ബിരേന്ദർ ലക്ര, രോഹിദാസ്, ഹർമൻപ്രീത്, രൂപീന്ദർ തുടങ്ങിയവരും ക്വാർട്ടറിൽ പോരാടേണ്ടതുണ്ട്.
ഓപ്പോസിഷൻ സർക്കിളിലെ കളികൾക്ക് അവസാന റൗണ്ടുകളിലേക്കെത്തുമ്പോൾ പ്രാധാന്യം നൽകേണ്ടതാണെന്ന് മുഖ്യ പരിശീലകൻ റീഡ് പറയുന്നു.
“… ഞായറാഴ്ച നമുക്ക് ആവശ്യമുള്ള ടെമ്പോയിൽ എത്താൻ ശ്രമിക്കുന്നു. രണ്ട് ഫീൽഡ് ഗോളുകൾ നേടുന്നത് നല്ലതാണ്, ധാരാളം അവസരങ്ങൾ ജപ്പാനെതിരെ സൃഷ്ടിച്ചു , പക്ഷേ സർക്കിളിലെ ആ ഫലങ്ങളിൽ ഞങ്ങൾ ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു,” ടീമിന്റെ അവസാന പൂൾ മത്സരത്തിന് ശേഷം അദ്ദേഹം പറഞ്ഞു.
ഒളിമ്പിക്സിൽ നേർക്കുനേർ റെക്കോർഡ് അനുസരിച്ച്, ഇന്ത്യയും ബ്രിട്ടണും തമ്മിൽ വ്യത്യാസമില്ല. ഇരു ടീമുകളും എട്ട് തവണ ഏറ്റുമുട്ടിയപ്പോൾ നാല് തവണ വീതം വിജയിച്ചു. ഈ മത്സരങ്ങളിൽ ഇന്ത്യ 18 ഗോൾ നേടുകയും 13 ഗോൾ വഴങ്ങുകയും ചെയ്തിരുന്നു.