തിരുവനന്തപുരം > തലയിൽ കുട്ടയുമായി ‘തിരക്കഥ വേണോ… തിരക്കഥ’ യെന്ന് വിളിച്ചു നടന്നയാളെ മലയാളികൾ സിനിമയിൽ കണ്ടിട്ടുണ്ട്. അന്നതൊരു ആക്ഷേപഹാസ്യമായിരുന്നെങ്കിലും കോവിഡ് സാഹചര്യം ക്രിയാത്മക ശേഷിയുള്ളവരെ അത്തരത്തിൽ ചിന്തിപ്പിച്ചു തുടങ്ങി. ഈ പ്രതിസന്ധിക്ക് പരിഹാരം കാണുകയാണ് തിരുവനന്തപുരം കിഴക്കേകോട്ട സ്വദേശി വിഗ്നേഷ് രാമസ്വാമിയുടെ പുതിയ സ്റ്റാർട്ടപ് ‘ക്യാൻവാസ്.സ്പേസ്’ ( https://canvas.space/).
കഥ, തിരക്കഥ, സാഹിത്യം, വര, ചിത്രം, പുസ്തകം, സ്റ്റാൻഡപ് കോമഡി, ഫീച്ചർ എഴുത്തുകാർ, പോഡ്കാസ്റ്റേഴ്സ്, യുട്യൂബേഴ്സ്, പരസ്യ വാചകമെഴുത്ത് എന്നിങ്ങനെ സൃഷ്ടിപരമായ എല്ലാം ഇവിടെ പ്രദർശിപ്പിക്കാം. കൈമാറാനും വിൽക്കാനും അവസരവുമുണ്ട്. തിരക്കഥ കൈയിലുള്ളയാൾക്ക് സംവിധായകനെ കിട്ടും. കഥ തേടുന്നവർക്ക് അതും. സൃഷ്ടികൾ പൂർണമായും ഭാഗികമായും മറച്ചുവച്ച് ഇതിൽ പ്രദർശിപ്പിക്കാം.
ഒരു നോവൽ ‘ക്യാൻവാസി ’ൽ പോസ്റ്റ് ചെയ്താൽ അതിന്റെ അവസാന രണ്ട് അധ്യായം എഴുത്തുകാരന് വേണമെങ്കിൽ ലോക്ക് ചെയ്യാം. തുടർന്നും വായിക്കണമെങ്കിൽ നിശ്ചിത തുക അടയ്ക്കാനും വ്യവസ്ഥ ചെയ്യാം. അഭിരുചികളെ സാധ്യതകൾക്കനുസരിച്ച് വിൽക്കാനാകുന്ന ലോകത്തെ തന്നെ ആദ്യത്തെ അഭിനിവേശ സമ്പദ്വ്യവസ്ഥ (പാഷൻ എക്കോണമി) എന്ന ആശയത്തിനാണ് ഒരു മലയാളി തുടക്കമിട്ടിരിക്കുന്നത്. പഠന കാലത്തുതന്നെ വിഗ്നേഷ് ഈ സ്റ്റാർട്ടപ്പ് തുടങ്ങിയിരുന്നു. എന്നാൽ, കോവിഡും ലോക്ഡൗണും വീട്ടിലിരിപ്പും വേണ്ടിവന്നു എല്ലാവർക്കും ഈ യുവ സംരഭകനെ തിരിച്ചറിയാൻ.
ഇപ്പോൾ പലരും തേടിയെത്തുന്നു. തമിഴ് ഗാനരചയിതാവ് വൈരമുത്തുവിന്റെ മകനും എഴുത്തുകാരനായ മദൻ കർക്കി, അമേരിക്കയിലുള്ള കലാകാരൻ കെ കെ രാഘവ എന്നിവരാണ് പുതിയ സ്റ്റാർട്ടപ്പിൽ വിഗ്നേഷിനൊപ്പം കൂട്ടുചേർന്നത്. നേരത്തേ നാഷണൽ സ്കൂൾ ഓഫ് ജേണലിസം, നാഷണൽ സ്കൂൾ ഓഫ് ഡ്രാമ എന്നിവിടങ്ങളിൽ ഈ സ്റ്റാർട്ടപ്പ് വിജയകരമായി പരീക്ഷിച്ചിരുന്നു. രണ്ടായിരം പേർ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യ കൂടാതെ അമേരിക്ക, സിംഗപ്പുർ എന്നിവിടങ്ങളിലും ക്യാൻവാസ് പ്രവർത്തനത്തിലുണ്ടെന്ന് വിഗ്നേഷ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..