ന്യൂഡല്‍ഹി: സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകാത്തതിന് കാരണം ബക്രീദ് സമയത്ത് അനുവദിച്ച ഇളവുകളല്ലെന്ന് കേന്ദ്ര സംഘം. സംസ്ഥാനത്ത് കോവിഡ് രോഗികളില്‍ നടപ്പിലാക്കുന്ന ഹോം ഐസൊലേഷനില്‍ വന്ന വിഴ്ചയാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് ആറംഗ കേന്ദ്ര സംഘത്തിന്റെ വിലയിരുത്തല്‍.
കേരളത്തിലെ രോഗവ്യാപനം നിരീക്ഷിക്കാനെത്തിയ കേന്ദ്ര സംഘം ആരോഗ്യമന്ത്രാലയത്തിന് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി. കേരളത്തില്‍ കോവിഡ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാതിരുന്ന രോഗികള്‍ക്ക് വീടുകളിലാണ് ചികിത്സ നല്‍കിയിരുന്നത്. ഇത്തരം രോഗികളിലെ ഗാര്‍ഹിക നിരീക്ഷണം പാളിയതാണ് പ്രധാന പ്രശ്നമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹോം ഐസൊലേഷനില്‍ കഴിയുന്നവരും വീടുകളിലുള്ളവരും തമ്മില്‍ സാമൂഹിക അകലം പാലിക്കുന്നതില്‍ വീഴ്ചയുണ്ടായി എന്നാണ് കണ്ടെത്തല്‍. കേരളത്തിലെ വിവിധ ജില്ലകള്‍ സന്ദര്‍ശിച്ചും റിപ്പോര്‍ട്ട് തേടിയുമാണ് കേന്ദ്രസംഘം കഴിഞ്ഞ ദിവസം സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയത്.
അതേസമയം ഇളവുകളാണ് രോഗവ്യാപനം ഉയര്‍ത്തിയതെന്ന് ബിജെപി ഉള്‍പ്പെടെ ആരോപണമുന്നയിച്ചതിന് ഘടകവിരുദ്ധമായിട്ടാണ് കേന്ദ്രസംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.
അതേസമയം കേരളത്തില്‍ രോഗവ്യാപനം ഉയര്‍ന്ന സാഹചര്യത്തില്‍ ദേശീയ ദുരന്തര നിവാരണ നിയമപ്രകാരമുള്ള നിര്‍ദേശങ്ങള്‍ നല്‍കണോ വേണ്ടയോ എന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കും.
Content Highlights: Home Isolation floped and resulted in Kerala`s covid spike reports Central team