Sumayya P | Samayam Malayalam | Updated: 03 Aug 2021, 09:20:44 AM
ക്ലിനിക്കല്‍ ട്രയലിന് വിധേയരായ കുട്ടികളില്‍ രാജകുടുംബത്തിലെ അംഗങ്ങളും ഉണ്ടായിരുന്നതായി മന്ത്രാലയം അറിയിച്ചു
പരീക്ഷണത്തിന് രാജ കുടുംബത്തിലെ കുട്ടികളും
കുട്ടികളില്‍ കൊവിഡ് ബാധ തടയാന്‍ വാക്സിന് എത്രത്തോളം ഫലപ്രദമാണെന്നും വാക്സിനെടുത്ത കുട്ടികള്‍ക്ക് രോഗബാധയുണ്ടായാല്‍ അതിന്റെ ലക്ഷണങ്ങള്‍ എത്രമാത്രം ഗുരുതരമാണെന്നും പരീക്ഷിച്ച് അറിയുന്നതിനു വേണ്ടിയായിരുന്നു യുഎഇ ആരോഗ്യ മന്ത്രാലയം മൂന്ന് വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികളില്‍ വാക്സിന് പരീക്ഷണം നടത്തിയത്. ഇങ്ങനെ ക്ലിനിക്കല്‍ ട്രയലിന് വിധേയരായ കുട്ടികളില്‍ രാജകുടുംബത്തിലെ അംഗങ്ങളും ഉണ്ടായിരുന്നതായി മന്ത്രാലയം അറിയിച്ചു. സ്വദേശികളുടെയും പ്രവാസികളുടെയും കുട്ടികള്‍ ഒരുപോലെ പരീക്ഷണത്തിന് വിധേയരാവാന്‍ സന്നദ്ധരായി രംഗത്തെത്തിയിരുന്നു.
ഈ കുട്ടികള്‍ രാജ്യത്തിന്റെ ഹീറോകള്‍
ക്ലിനിക്കല്‍ ട്രയലില്‍ പങ്കെടുത്ത കുട്ടികളെ രാജ്യത്തിന്റെ ഹീറോകളാണെന്നാണ് മന്ത്രാലയം വിശേഷിപ്പിച്ചത്. കൊവിഡ് വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യം സംഘടിപ്പിച്ച പരീക്ഷണത്തില്‍ രജിസ്റ്റര്‍ ചെയ്ത് ക്ലിനിക്കല്‍ ട്രയലില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ക്ലിനിക്കല്‍ ട്രയലിന് നേതൃത്വം നല്കിയ ശെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. നവാല്‍ അല്‍ കഅബി അറിയിച്ചു. രാജ്യത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ആരോഗ്യ സംവിധാനങ്ങളിലും ജനങ്ങള്‍ക്കുള്ള വിശ്വാസത്തെയാണ് ഇത് വ്യക്തമാക്കുന്നതെന്നും അവര്‍ അറിയിച്ചു.
യുഎഇയില്‍ നടന്നത് മൂന്നാം ഘട്ട പരീക്ഷണം
ജൂണ്‍ മൂന്നിന് മൂന്നിനും 17നും ഇടയില്‍ പ്രായമുള്ളവരില്‍ വാക്സിന് വിതരണം ചെയ്യാന്‍ ചൈന അംഗീകാരം നല്‍കിയിരുന്നു. ചൈനയില്‍ നടന്ന ഒന്നും രണ്ടും പരീക്ഷണത്തില്‍ കുട്ടികളില്‍ വാക്സിന് മികച്ച പ്രതിരോധ ശേഷി സൃഷ്ടിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. ഇതിനു ശേഷമാണ് ക്ലിനിക്കല്‍ ട്രയലിന്റെ മൂന്നാം ഘട്ടം യുഎഇയില്‍ വച്ച് നടത്തിയത്. 900 കുട്ടികളെ പങ്കെടുപ്പിച്ച് നടത്തിയ പരീക്ഷണം വലിയ വിജയമായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു.
കുട്ടികളില്‍ പരീക്ഷിച്ചത് സിനോഫാം
ക്ലിനിക്കല്‍ ട്രയല്‍ വേളയില്‍ ചൈനീസ് വാക്സിനായ സിനോഫാമാണ് കുട്ടികളില്‍ യുഎഇ ആരോഗ്യമന്ത്രാലയം ഉപയോഗിച്ചത്. സിനോഫാം വാക്സിന് ഹയാ വാക്സ് എന്ന പേരില്‍ യുഎഇ തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുന്നുമുണ്ട്. മൊത്തം ജനസംഖ്യയുടെ 70 ശതമാനത്തിലേറെ പേരും പൂര്‍ണമായി വാക്സിന് നേടിയ യുഎഇയില്‍ ഏറ്റവും വ്യാപകമായി വിതരണം ചെയ്യപ്പെട്ടതും സിനോഫാം ആയിരുന്നു. പിന്നീടാണ് ഫൈസര്‍ ബയോണ്‍ടെക്കും മൊഡേണ വാക്സിനും യുഎഇയില്‍ വിതരണത്തിനെത്തിയത്.
വാക്സിനെടുത്ത 16 കഴിഞ്ഞവര്‍ക്ക് സ്കൂളില്‍ പ്രവേശനം
അതേസമയം, കുട്ടികള്‍ക്കിടയിലെ വാക്സിനേഷന് സ്കൂള്‍ പ്രവേശനവുമായി ബന്ധമില്ലെന്ന് അധികൃതര്‍ അറിയിച്ചു. 16നു മുകളില്‍ പ്രായമുള്ളവരില്‍ വാക്സിന് എടുത്തവരുമായ വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് ആഗസ്റ്റ് 20 മുതല്‍ അബൂദാബിയില്‍ സ്്കൂള്‍, കോളേജ് ക്ലാസ്സുകളില്‍ നേരിട്ട് ഹാജരാകാന്‍ കഴിയുക. അതേസമയം, ആരോഗ്യപരമായ കാരണങ്ങളാല്‍ വാക്സിനേഷനില്‍ നിന്ന് ഇളവ് അനുവദിക്കപ്പെട്ടവര്‍ക്കും 15 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കും ഈ നിബന്ധന ബാധകമല്ല. എന്നാല്‍ ദുബായിലാവട്ടെ വിദ്യാര്‍ഥികള്‍ക്ക് വാക്സിനേഷന് നിര്‍ബന്ധമാക്കിയിട്ടില്ല. എന്നാല്‍ അടുത്ത കാലത്ത് വിദേശത്തു നിന്ന് വന്നവരാണെങ്കില്‍ കൊവിഡ് ടെസ്റ്റ് നടത്തി രോഗബാധയില്ലെന്ന് ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : sinopharm covid vaccine available for children ages 3 to 17 in uae
Malayalam News from malayalam.samayam.com, TIL Network