കൊച്ചി: മെട്രോ ജനകീയ യാത്രാക്കേസില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു. നിയമവിരുദ്ധമായി കൂട്ടംചേര്‍ന്നെന്നും മെട്രോയ്ക്ക് നാശനഷ്ടം വരുത്തി എന്നുമായിരുന്നു കേസ്. കേസില്‍ മുപ്പതു പ്രതികളായിരുന്നു ഉണ്ടായിരുന്നത്. കൊച്ചിയിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.
മെട്രോയിലെ ജനകീയ യാത്രയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ എടുത്തിരിക്കുന്ന കേസ് നിലനില്‍ക്കില്ലെന്നാണ് കൊച്ചിയിലെ പ്രത്യേക കോടതി കണ്ടെത്തിയിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വി.ഡി. സതീശനും അടക്കമുള്ള അന്നത്തെ എം.എല്‍.എമാരും മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ്, യു.ഡി.എഫ്. നേതാക്കളും ഉള്‍പ്പെടെ മുപ്പതു പ്രതികളെയുമാണ് കോടതി വെറുതെവിട്ടിരിക്കുന്നത്.
ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വി.ഡി. സതീശന് എന്നിവരെ കൂടാതെ എം.എം. ഹസ്സന്, ആര്യാടന് മുഹമ്മദ്, അന്‍വര്‍ സാദത്ത്, കെ. ബാബു, ഹൈബി ഈഡന്, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, പി.ടി. തോമസ്, ബെന്നി ബെഹനാന്, കെ.പി. ധനപാലന്, വി.കെ. ഇബ്രാഹിംകുഞ്ഞ്,അനൂപ് ജേക്കബ് തുടങ്ങിയവരാണ് പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്.
കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങിന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ക്ഷണിച്ചില്ലെന്ന് ആരോപിച്ചായിരുന്നു, ഉദ്ഘാടനത്തിന്റെ അടുത്തദിവസം ജനകീയ മെട്രോ യാത്ര സംഘടിപ്പിച്ചത്. ആലുവയില്‍നിന്ന് പാലാരിവട്ടത്തേക്കായിരുന്നു ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ്, യു.ഡി.എഫ്. നേതാക്കള്‍ ജനകീയ യാത്ര നടത്തിയത്. നിരവധി പ്രവര്‍ത്തകരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
അന്യായമായി സംഘം ചേരുകയും മെട്രോയ്ക്ക് നാശനഷ്ടം വരുത്തുകയും ചെയ്തു എന്ന് ആരോപിച്ചായിരുന്നു കേസ് കേസ്. ഈ കേസ് ആണ് എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും എതിരായ കേസുകള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതി റദ്ദാക്കിയിരിക്കുന്നത്.