പി.ടി ഉഷയ്ക്ക് പുറമെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സേവാഗും നീരജിന് അഭിനന്ദനവുമായി എത്തി
Tokyo Olympics 2021: 1984 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സില്‍ 1/100 സെക്കന്റ് വ്യത്യാസത്തില്‍ വെങ്കല മെഡല്‍ നഷ്ടമായതിന്റെ വിഷമം ഇന്നും പയ്യോളി എക്സ്പ്രസിനുണ്ട്. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര അതിന് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് ട്രാക്കിലെ ഇതിഹാസമായ പി.ടി. ഉഷ. ട്വിറ്ററിലൂടെയാണ് ഉഷ നീരജില്‍ ഉള്ള തന്റെ പ്രതീക്ഷ പങ്കു വച്ചത്.
“37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1984 ല്‍ 1/100 സെക്കന്റ് വ്യത്യാസത്തില്‍ എനിക്ക് ഒളിംപിക് മെഡല്‍ നഷ്ടമായി. സാക്ഷാത്കരിക്കാത്ത ആ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ഇന്ത്യയുടെ അഭിമാനമായ നീരജ് ചോപ്രയ്ക്ക് കഴിയട്ടെ,” പി.ടി. ഉഷ ട്വിറ്ററില്‍ കുറിച്ചു.
ജാവലിന്‍ ത്രോയുടെ യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് എയിലാണ് നീരജ് ചോപ്ര മത്സരിച്ചത്. ആദ്യ ശ്രമത്തില്‍ തന്നെ താരം ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. 86.65 മീറ്ററെറിഞ്ഞാണ് നീരജ് മെഡല്‍ സാധ്യത ശക്തമാക്കിയത്. ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം 4.30 നാണ് ഫൈനല്‍.
പി.ടി ഉഷയ്ക്ക് പുറമെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സേവാഗും നീരജിന് അഭിനന്ദനവുമായി എത്തി. “എന്തൊരു മികച്ച തുടക്കമാണ് നീരജ് ചോപ്രയുടേത്. അദ്ദേഹം വരവറിയിച്ചു കഴിച്ചു. ആദ്യ ശ്രമത്തില്‍ തന്നെ ഫൈനലില്‍ ഇടം പിടിച്ചു, ഗ്രൂപ്പില്‍ ഒന്നമതും, അതിശയകരം,” സേവാഗ് ട്വിറ്ററിലെഴുതി.
Also Read: Tokyo Olympics: സ്വന്തം ഗ്രാമത്തില്‍ വെള്ളമില്ല, കറന്റില്ല; രവി കുമാറിന്റെ വിജയത്തിന് ഇരട്ടി മധുരം