കോഴിക്കോട്: ഒരു പൗരോഹിത്യസ്വീകരണച്ചടങ്ങ് ഇത്രമേല്‍ ഹൃദയസ്പര്‍ശിയായി മുമ്പൊരിക്കലും അവരനുഭവിച്ചിട്ടുണ്ടാകില്ല. ആര്‍ദ്രമായ സഹോദരസ്നേഹം തണലേകിയതുകൊണ്ടുമാത്രമാണ് തനിക്ക് പൗരോഹിത്യപട്ടം സഫലമായതെന്ന പുരോഹിതമൊഴി സദസ്സിലെ കണ്ണുകളെ ഈറനണിയിച്ചു.
പെരുമ്പാവൂര്‍ ഐമുറി ആട്ടൂകാരന് വീട്ടില്‍ ഫാദര്‍ നിഖില്‍ ജോണിന്റെ ആദ്യ ദിവ്യബലിയാണ് വിശ്വാസികളുടെ ഹൃദയത്തില്‍ തൊട്ടത്. ‘കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാന്‍ സാധിക്കുകയില്ലെന്ന’ ബൈബിള്‍ വചനം ജീവിതത്തില്‍ അന്വര്‍ഥമാക്കുന്നതായിരുന്നു ഫാദര്‍ നിഖിലിന്റെയും അനിയന് അഖിലിന്റെയും ജീവിതം. അഖില്‍ ജോണ്‍ വേണ്ടെന്നുവെച്ച സുഖസൗകര്യങ്ങളും സഹിച്ച ത്യാഗങ്ങളുമാണ് തന്റെ പൗരോഹിത്യമെന്ന് ഫാ. നിഖില്‍ പറഞ്ഞു. പൗരോഹിത്യസ്വീകരണച്ചടങ്ങിനിടെ നടത്തിയ ഈ ഉപകാരസ്മരണയാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലായത്. യൂട്യൂബില്‍ മാത്രം ഒരുലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടത്. റോഗേഷനിസ്റ്റ് ഓഫ് ദ് ഹാര്‍ട്ട് ഓഫ് ജീസസ് സഭാംഗവും ആലുവ അക്കാദമി അധ്യാപകനുമാണ് ഫാദര്‍ നിഖില്‍.
മാതാപിതാക്കളായ എ.ഒ. ജോണിയും മേരിയും മരിച്ചതോടെ അനാഥത്വത്തിന്റെ ഒറ്റപ്പെടലിലേക്ക് നീങ്ങിയ അഖില്‍, സാന്നിധ്യമാവശ്യപ്പെട്ട് തിരിച്ചുവിളിച്ചിരുന്നെങ്കില് വൈദികപട്ടത്തിലേക്ക് എത്തില്ലായിരുന്നുവെന്നാണ് യുവ വൈദികന് ഉപകാരസ്മരണയില്‍ പറഞ്ഞത്. ഒത്തിരി വേദനയിലും ബുദ്ധിമുട്ടിലും അഖില്‍ ഒറ്റയ്ക്കായിരുന്നു. തനിക്കുകൂടിവേണ്ടി അധ്വാനിച്ചതിന്റെ ഫലമാണ് അവന്റെ കൈയിലുള്ള തഴമ്പും തൊലിനിറത്തിലുള്ള ഇരുട്ടും -നിഖില്‍ പറഞ്ഞു.
പെരുമ്പാവൂര്‍ ഐമുറി ചേരാനെല്ലൂര്‍ ഗവ. സ്കൂളില്‍നിന്ന് പത്താം ക്ലാസ് കഴിഞ്ഞപ്പോഴാണ് മാനന്തവാടിയിലെ റോഗേറ്റ് ഭവനിലേക്ക് വൈദികപഠനത്തിന് നിഖില്‍ പോവുന്നത്. അടുത്തവര്‍ഷമാണ് പിതാവ് ജോണിയുടെ മരണം. വൈദികപട്ടത്തിലേക്ക് എത്തുന്നതിനുമുമ്പ് 2016-ല്‍ മാതാവും മരിച്ചു. അച്ഛന് മരിക്കുമ്പോള്‍ കുടുംബത്തിന് കുറേയേറെ കടങ്ങളുമുണ്ടായിരുന്നു. വീട്ടുകാര്യങ്ങള്‍ നടത്താനും കടംവീട്ടാനുമായി അമ്മ വീടുകളില്‍ ജോലിക്കുപോയി. ഒമ്പതില്‍ പഠിക്കുകയായിരുന്ന അഖില്‍ കോഴിക്കടയിലും കാറ്ററിങ് ജോലികള്‍ക്കും പോയി. അവധിക്ക് വീട്ടില്‍വന്ന ഫാ. നിഖിലും കാറ്ററിങ്ങിനും പോസ്റ്റര്‍ ഒട്ടിച്ചും ഇവര്‍ക്ക് സഹായമേകി. ഇവരുടെ കഷ്ടപ്പാടുകള്‍ കണ്ടറിഞ്ഞ് നന്മയുള്ള പലരും സഹായഹസ്തമേകി.
2016 ജൂണില്‍ അമ്മ കാന്‍സര്‍ ബാധിച്ച് മരിച്ചതോടെ അനിയന് ഒറ്റപ്പെട്ടു. എന്നാലും പരിഭവങ്ങളില്ലാതെ നിഖിലിന്റെ സ്വപ്നങ്ങള്ക്കുവേണ്ടിയും അഖില്‍ പ്രയത്നിച്ചു. അഖില്‍ ഇപ്പോള്‍ ഖത്തറില്‍ ഇലക്ട്രീഷ്യനാണ്. പൗരോഹിത്യച്ചടങ്ങിനുമുമ്പ് പുതിയവീട്ടിലേക്ക് താമസം മാറ്റണമെന്നതായിരുന്നു അഖിലിന്റെ ആഗ്രഹം. അതിനായി രാപകലില്ലാതെ ജോലിചെയ്തു. ഒരു അവശ്യഘട്ടത്തില്പോലും ചേട്ടനെ ബുദ്ധിമുട്ടിക്കാതെ വീടുപണി പൂര്‍ത്തിയാക്കി. പൗരോഹിത്യച്ചടങ്ങിന്റെ തലേദിവസം പുതിയ വീട്ടിലേക്ക് മാറി. ജനുവരി നാലിനുനടന്ന പൗരോഹിത്യച്ചടങ്ങിന്റെ വീഡിയോ ജൂലായ് അവസാനത്തോടെയാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.