കോഴിക്കോട്: ചോർന്നൊലിക്കുന്ന വീടിന്റെ പണി തീർത്ത് കുടുംബത്തോടൊപ്പം ഒരു ദിവസമെങ്കിൽ ഒരു ദിവസം സമാധാനത്തോടെ കഴിയണം. പതിനഞ്ച് വർഷത്തോളം പഴക്കമുള്ള വീടെന്ന സ്വപ്നത്തിലേക്ക് കാലെടുത്ത് വെക്കാൻ ഇനി മണിക്കൂറുകൾ മാത്രമേയുള്ളൂവെന്ന ചിന്തയിൽ അന്ന് എയർ ഇന്ത്യാ വിമാനത്തിന്റെ മൂന്നിലെ മൂന്നാമത്തെ സീറ്റിൽ ദുബായ് എയർപോർട്ടിൽ നിന്ന് സ്ഥാനമുറപ്പിച്ചതൊക്കെ അഷ്റഫ് ഓർത്തെടുക്കുന്നുണ്ട്. പക്ഷെ ആ ആഗസ്ത് ഏഴിന്റെ രാത്രിയെ കുറിച്ച് കല്ലാച്ചി ഈയ്യങ്കോട്ടെ 37 കാരനായ അഷ്റഫ് മൂടോറക്ക് പിന്നീട് ഓർമ വന്നത് അത് കഴിഞ്ഞ് 12 ദിവസത്തിന് ശേഷം ബേബി മെമ്മോറിയിൽ ആശുപത്രിയിൽ വെച്ചാണ്. കരിപ്പൂർ വിമാനാപകടം അഷ്റഫിന് നഷ്ടപ്പെടുത്തിയത് തന്റെ പതിനഞ്ച് വർഷത്തെ കഠിനാധ്വാനവും ജോലിയും ജീവിതവുമാണ്.
കരിപ്പൂർ വിമാനാപകടം നടന്നിട്ട് ആഗസ്ത് ഏഴാം തീയതി ഒരു വർഷം പിന്നിടുമ്പോൾ അപകടം മൂലം നീളം കുറഞ്ഞുപോയ തന്റെ ഒരു കാലിനെ നോക്കി കല്ലാച്ചി ഈയങ്കോട്ടെ വീട്ടിൽ കിടന്ന് ആ ദിവസത്തെ ഓർത്തെടുക്കാൻ ശ്രമിക്കുന്നു അഷ്റഫ്. ഇതുവരെ പത്തോളം ഓപ്പറേഷനുകൾ കഴിഞ്ഞു. പക്ഷെ കാൽ പാദം നിലത്ത് കുത്താൻ കഴിയാത്ത അവസ്ഥയിലാണ്. ഇതോടെ പ്രാഥമിക കർമങ്ങൾക്ക് പോലും പോവാൻ സ്ട്രക്ചറിന്റെ സഹായം വേണ്ടി വന്നു.
ഒറ്റ നിമിഷംകൊണ്ട് തന്റെ ജീവിതവും സ്വപ്നവും ഇല്ലാതായിപ്പോയത് പോലും അപകടം നടന്ന് പന്ത്രണ്ട് ദിവസത്തിന് ശേഷം മാത്രമാണ് താൻ അറിഞ്ഞതെന്ന് പറയുന്നു അഷ്റഫ്. വിമാനം രണ്ടായി പിളർന്നതും താൻ ആ വിമാനത്തിലാണ് യാത്ര ചെയ്തിരുന്നത് എന്നതും എന്തിന് നാട്ടിലാണെന്ന് പോലും അറിയുന്നത് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെച്ച്. അപ്പോഴക്കും ആറോളം ഓപ്പറേഷൻ കഴിഞ്ഞ് പോയിരുന്നു അതിന് ശേഷമാണ് ഓർമ പോലും തിരിച്ച് കിട്ടയത്.
നിലവിൽ ആസ്റ്റർ മിംസിലാണ് ചികിത്സ തുടരുന്നത്. എയർ ഇന്ത്യയുടെ ഇൻഷൂറൻസ് തുകയിൽ ചികിത്സ മുടങ്ങാതെ കഴിഞ്ഞെങ്കിലും സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും വാഗ്ദാനം ചെയ്ത സാഹയങ്ങളെല്ലാം പാഴ്വാക്ക് മാത്രമായി മാറി. രണ്ട് ലക്ഷം രൂപയായിരുന്നു സർക്കാർ പ്രഖ്യാപിച്ചത് . അത് പ്രഖ്യാപനത്തിലൊതുങ്ങി.
ഷാർജയിൽ സ്വദേശിയുടെ റെസ്റ്റോറന്റ് മേൽനോട്ടക്കാരനായി നല്ല നിലയിൽ പോയിക്കൊണ്ടിരുന്ന സമയത്തായിരുന്നു തനിക്ക് ദുരന്തം സംഭവിച്ചതെന്ന് ഓർക്കുന്നു അഷ്റഫ്. മൂന്നുമാസത്തെ ലീവിനെത്തി വീടിന്റെ പണി തീർക്കണം കുറച്ചു ദിവസം കുടുംബത്തോടൊപ്പം എല്ലാം മറന്ന് കഴിയണം. ആ സ്വപ്നങ്ങൾ ബാക്കിയാക്കിയത് ആശുപത്രി ജീവിതമായിപ്പോയി. ജോലിയും വിസയും പോയി. ഇനി ഡ്രൈവർ ജോലിയെങ്കിലും എടുത്ത് ജീവിക്കാമെന്ന് കരുതിയാൽ അപകടം മൂലം നീളം കുറഞ്ഞുപോയ കാല് കൊണ്ട് അതും സാധിക്കില്ല. എന്ത് ചെയ്യണമെന്നറിയില്ലെന്ന് പറഞ്ഞ് സങ്കടപ്പെടുന്നു ഈ കുടുംബം.
ഭാര്യയും ഉമ്മയും രണ്ട് മക്കളുമാണ് അഷ്റഫിനുള്ളത്. ഒരാൾ എട്ടാംക്ലാസിലും മറ്റേയാൾ ഒന്നാംക്ലാസിലും പഠിക്കുന്നു. ഫീസ് കൊടുത്തൊക്കെ നല്ല രീതിയിൽ പഠിപ്പിക്കണമെന്നൊക്കെ വിചാരിച്ചിരുന്നു. പക്ഷെ ജീവിതം ഇങ്ങനെയാക്കിയതോടെ കുട്ടികളെ മാറ്റി ചേർത്തു. ഒപ്പം കോവിഡും രൂക്ഷമായി. ജോലി ചെയ്തിടത്ത് ആളെ വേണ്ടതിനാൽ തൽക്കാലം വേറെ ആളെയെടുക്കുന്നുവെന്ന കത്താണ് ഷാർജയിൽ നിന്ന് അവസാനമായി ഈ യുവാവിന് ലഭിച്ചത്. ഇനി അങ്ങോട്ട് പോയാൽ പോലും നീളമില്ലാത്ത കാലും കൊണ്ട് എന്ത് ചെയ്യാനാണെന്ന് ചോദിക്കുന്നു അഷ്റഫ്. വിമാന അപകടം നടന്നിട്ട് ഒരു വർഷത്തോട് അടുക്കുകയാണ്. ഇനിയെങ്കിലും സർക്കാർ പ്രഖ്യാപിച്ച സഹായം ലഭിക്കാൻ എന്തെങ്കിലും ഇടപെടലുണ്ടാവണമെന്നാണ് അഷ്റഫ് പറയുന്നത്.