ആദ്യ ഇന്നിങ്സിൽ പുൾ ഷോട്ടിന് ശ്രമിച്ചു 36 റൺസിൽ പുറത്തായതിനോട് പ്രതികരിക്കുകയായിരുന്നു രോഹിത്
നോട്ടിങ്ഹാം: പന്ത് തനിക്ക് കളിക്കാൻ സൗകര്യപ്രദമായ സ്ഥലത്താണെങ്കിൽ തന്റെ ഷോട്ടുകൾ കളിക്കുമെന്ന് രോഹിത് ശർമ്മ. ഇംഗ്ലണ്ടിനെതിരെയുള്ള ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ പുൾ ഷോട്ടിന് ശ്രമിച്ചു 36 റൺസിൽ പുറത്തായതിനോട് പ്രതികരിക്കുകയായിരുന്നു രോഹിത്.
ഇംഗ്ലണ്ട് പേസർ ഒലി റോബിൻസണിന്റെ പന്ത് രോഹിത് തന്റെ ട്രേഡ്മാർക് പുൾഷോട്ടിലൂടെ അതിർത്തി കടത്താൻ ശ്രമിച്ചപ്പോഴാണ് സാം കറന്റെ കയ്യിലെത്തിയതും പുറത്തായതും.
“നിങ്ങൾ പറഞ്ഞപോലെ അത് എന്റെ ഷോട്ടാണ്, എനിക്ക് എന്റെ ഷോട്ടുകൾ കളിക്കണം, മത്സരത്തിന്റെ ആദ്യ മണിക്കൂറിൽ നമ്മൾ കണ്ടതുപോലെ മോശം പന്തുകൾ ഒന്നും ഞങ്ങൾക്ക് ലഭിച്ചില്ല, ബോളർമാർ വളരെ അച്ചടക്കം പാലിച്ചു.” മഴമൂലം നിർത്തിവച്ച രണ്ടാം ദിനത്തിനു ശേഷം നടന്ന വാർത്താസമ്മേളനത്തിൽ രോഹിത് പറഞ്ഞു.
“അതുകൊണ്ട് കിട്ടുന്ന അവസരം ഉപയോഗിക്കണം. ബോൾ അവിടെയാണെങ്കിൽ അടിക്കണം. തീർച്ചയായും മത്സരം കഴിയാറാകുമ്പോൾ പുറത്താകുന്നതിൽ വിഷമമുണ്ടാകും, പുറത്തായതിൽ എനിക്ക് അതാണ് തോന്നുന്നത്” രോഹിത് കൂട്ടിച്ചർത്തു.
രണ്ടാം ദിനം അവസാനിച്ചപ്പോൾ ഇന്ത്യ 125/4 എന്ന നിലയിലാണ്. പേസർ ജെയിംസ് ആൻഡേഴ്സണിന്റെ സ്പെലാണ് (2/15) ഇന്ത്യൻ വിക്കറ്റുകൾ പിഴുതത്. ഇന്ത്യ ഇപ്പോൾ ഇംഗ്ലണ്ട് സ്കോറിനേക്കാൾ 58 റൺസ് പിന്നിലാണ്. ആദ്യ ദിനം 183 റൺസിന് ഇംഗ്ലണ്ട് ഓൾഔട്ട് ആയിരുന്നു.
“പക്ഷേ നിങ്ങൾ നിങ്ങളുടെ ഷോട്ടുകൾ തയ്യാറായിരിക്കണം, കാരണം അവരുടെ ബോളർമാർ നല്ല അച്ചടക്കം പുലർത്തുന്നുണ്ടായിരുന്നു, അവസരം കിട്ടുന്നത് കുറവായിരുന്നു. അതുകൊണ്ട് നിങ്ങളുടെ സ്ഥലത്ത് പന്ത് വരുമ്പോൾ ആ പന്ത് അടിച്ചകറ്റണം, ഞാനും രാഹുലും ബാറ്റ് ചെയ്തപ്പോൾ അതാണ് ചെയ്തുകൊണ്ടിരുന്നത്.”
Also read: India vs England First Test Day 2: വില്ലനായി മഴ; രണ്ടാം ദിനത്തിലെ കളി ഉപേക്ഷിച്ചു
ഒന്ന് രണ്ട് ഷോട്ടുകൾ കളിക്കണമെന്ന് തോന്നിയാൽ ഞങ്ങൾ അത് കളിക്കും, ആ സമയത്ത് പുറത്തായാൽ ശരിയാണ് വിഷമമുണ്ടാകും, പക്ഷേ നിങ്ങൾക്ക് അറിയാം അങ്ങനെ പുറത്താവാനും ആവാതിരിക്കാനുമുള്ള സാധ്യത ചെറുതാണെന്ന്, ഫീൽഡറുടെ അടുത്ത് നിന്ന് ഒരു അഞ്ചടി വ്യത്യാസത്തിലാണ് പന്തെങ്കിൽ അത് വേറെ രീതിയിലും അവസാനിക്കും.”
“നമ്മൾ പോസിറ്റീവായി ചിന്തിക്കണം, അതാണ് എന്റെ മനസ്ഥിതി. അത് ലഞ്ച് സമയം ആണെന്ന് എനിക്ക് അറിയാം. പക്ഷേ പന്ത് എന്റെ സ്ഥലത്താണെങ്കിൽ എനിക്ക് എന്റെ ഷോട്ടുകൾ കളിക്കണം,” രോഹിത് പറഞ്ഞു. പുറത്താകുന്നതിന് മുൻപ് രോഹിതും രാഹുലും ചേർന്ന് 97 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.