തിരുവനന്തപുരം: ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ കോവിഡ് 19 ചികിത്സാ പ്രോട്ടോകോൾ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആദ്യ പ്രോട്ടോകോളിന് ശേഷം ഇത് മൂന്നാം തവണയാണ് സംസ്ഥാനത്തെ ചികിത്സാ പ്രോട്ടോകോൾ പുതുക്കുന്നത്. ഓരോ കാലത്തുമുള്ള വൈറസിന്റെ സ്വഭാവവും അതനുസരിച്ചുള്ള വിദഗ്ധ ചികിത്സയും ഉറപ്പാക്കാനാണ് ചികിത്സ പ്രോട്ടോകോൾ പുതുക്കിയിട്ടുള്ളത്. മൂന്നാം തരംഗം കൂടി മുന്നിൽ കണ്ട് മരണനിരക്ക് ഇനിയും കുറയ്ക്കുക എന്ന ലക്ഷ്യം കൂടി ഈ ചികിത്സാ പ്രോട്ടോകോളിനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
നേരിയത് (മൈൽഡ്), മിതമായത് (മോഡറേറ്റ്), ഗുരുതരമായത് (സിവിയർ) എന്നിങ്ങനെ എ, ബി, സി മൂന്ന് വിഭാഗങ്ങളായി തരം തിരിച്ചാണ് കോവിഡ് രോഗികൾക്ക് വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തുന്നത്. നേരിയ രോഗ ലക്ഷണങ്ങളുള്ളവർക്ക് നിരീക്ഷണം മാത്രം മതി. അവർക്ക് ആന്റിബയോട്ടിക്കുകളോ, വിറ്റാമിൻ ഗുളികകളോ ഒന്നും തന്നെ നൽകേണ്ടതില്ല. എന്നാൽ കൃത്യമായ നിരീക്ഷണവും ഐസൊലേഷനും ഉറപ്പ് വരുത്തണം. അവർക്ക് അപായ സൂചനകളുണ്ടെങ്കിൽ (റെഡ് ഫ്ളാഗ്) നേരത്തെ തന്നെ കണ്ടുപിടിക്കാനുള്ള ഗൈഡ് ലൈൻ പുറത്തിറക്കിയിരുന്നു. ഇത് കൃത്യമായി പാലിക്കണം. എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കേണ്ടതാണ്.
രോഗ സ്വഭാവമനുസരിച്ച് അഞ്ച് തരത്തിലുള്ള പരിചരണമാണ് ഉറപ്പ് വരുത്തുന്നത്. രോഗലക്ഷണമില്ലാത്തവർക്ക് ഹോം കെയർ ഐസൊലേഷൻ മാത്രം മതിയാകും. എന്നാൽ വീട്ടിൽ ഐസോലേഷന് സൗകര്യമില്ലാത്തവരെ ഡി.സി.സി.കളിൽ പാർപ്പിക്കേണ്ടതാണ്. കാറ്റഗറി എയിലെ രോഗികളെ സി.എഫ്.എൽ.ടി.സി.കളിലേക്കും കാറ്റഗറി ബിയിലെ രോഗികളെ സി.എസ്.ടി.എൽ.സി. എന്നിവിടങ്ങളിലും കാറ്റഗറി സിയിലുള്ള ഗുരുതര രോഗികളെ കോവിഡ് ആശുപത്രികളിലുമായിരിക്കും ചികിത്സിക്കുക.
ഗർഭിണികളെ മരണത്തിൽ നിന്നും സംരക്ഷിക്കാൻ പ്രത്യേക ക്രിട്ടിക്കൽ കെയർ മാർഗ നിർദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രമേഹ രോഗികളിലെ കോവിഡ് മരണനിരക്ക് കുറയ്ക്കാൻ പ്രമേഹ രോഗ നിയന്ത്രണത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്.
കുട്ടികളുടെ ക്രിട്ടിക്കൽ കെയർ, ഇൻഫെക്ഷൻ മാനേജ്മെന്റ്, പ്രായപൂർത്തിയായവരുടെ ക്രിട്ടിക്കൽ കെയർ, ശ്വാസതടസമുള്ള രോഗികൾക്കുള്ള വിദഗ്ധ ചികിത്സ, ആസ്പർഗില്ലോസിസ്, മ്യൂകോർമൈക്കോസിസ് ചികിത്സ എന്നിവയും പുതിയ പ്രോട്ടോകോളിൽ വിശദമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
Content Highlights;Kerala revised the Covid19 treatment protocol