കോഴിക്കോട്: മുസ്ലിം ലീഗിന്റെ മുഖപത്രമായ ‘ചന്ദ്രിക’യിലെ പ്രശ്നം പരിഹരിക്കാൻ മുഈനലിയെ സംസ്ഥാന അധ്യക്ഷന് ഹൈദരലി ശിഹാബ് തങ്ങൾ ഏൽപിച്ചതിന്റെ കത്ത് പുറത്ത്. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനം വിവാദമായ സാഹചര്യത്തിലാണ് കത്ത് പുറത്ത് വന്നത്. മാർച്ച് അഞ്ചാം തീയതിയിൽ ഹൈദരലി തങ്ങളുടെ ലെറ്റർ പാഡിൽ ഇറങ്ങിയ കത്താണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ചന്ദ്രികയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുഈനലിയെ നിയോഗിച്ചിട്ടുണ്ട്. സമീറും മാനേജ്മെന്റും ആലോചിച്ച് ഈ മാസം തന്നെ പ്രശ്നത്തിന് പരിഹാരം കാണമെന്നും ബാധ്യതകൾ തീർക്കണമെന്നുമാണ് കത്തിൽ പറയുന്നത്.
ചന്ദ്രികയിലെ പണമിടപാടുമായി ബന്ധപ്പെട്ട് കെ.ടി. ജലീൽ ഉന്നയിച്ച ആരോപണമായിരുന്നു നിലവിലെ വിവാദങ്ങൾക്കെല്ലാം കാരണമായത്. തുടർന്ന് ഇന്നലെ മാനേജ്മെന്റ് വക്കീൽ തന്നെ വാർത്താസമ്മേളനം വിളിച്ചിരുന്നു. ഇതിൽ മുഈനലി ഇരിക്കുകയും കുഞ്ഞാലിക്കുട്ടിക്കും പാർട്ടിക്കുമെതിരേ ആരോപണമുന്നയിച്ചതും തുടർന്ന് നടന്ന പ്രശ്നങ്ങളും വലിയ വിവാദമായിരുന്നു. ഒരാവശ്യവുമില്ലാതെയാണ് മുഈനലി തങ്ങൾ വാർത്താസമ്മേളനത്തിൽ ഇരുന്നതെന്നായിരുന്നു പറഞ്ഞിരുന്നത്. തുടർന്നാണ് കത്ത് പുറത്ത് വന്നത്.