കൊച്ചി: കൈക്കൂലി വാങ്ങുന്നവർക്കും അഴിമതിക്ക് കൂട്ടു നിൽക്കുന്നവർക്കുമെതിരേ മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജൻ. വിഷൻ ആൻഡ് മിഷൻ പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലയിലെ എംഎൽഎ മാരുമായുള്ള കൂടിക്കാഴ്ച്ചയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
റവന്യു ഓഫീസുകളിൽ ജനങ്ങൾ സമീപിക്കുമ്പോൾ അവരോട് സൗഹാർദപരമായ നിലപാടാണ് ഉദ്യോഗസ്ഥർ സ്വീകരിക്കേണ്ടത്. ഓരോ ഫയലിനും വിലയിട്ട് കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരുണ്ടെങ്കിൽ അവർക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. റവന്യു വകുപ്പിനെ ജനകീയവും കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിഷൻ ആൻഡ് മിഷൻ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
കഴിഞ്ഞ ദിവസം ഫോർട്ട് കൊച്ചി ആർഡിഒ ഓഫീസിലെ ജീവനക്കാരെ കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കൂട്ട സ്ഥലം മാറ്റം നടത്തിയിരുന്നു. ഈ നടപടിയിൽ മന്ത്രി പി.രാജീവും പ്രതിപക്ഷ നേതാവും റവന്യു മന്ത്രിയെ യോഗത്തിൽ അഭിനന്ദിച്ചു.
എംഎൽഎ മാർ അവതരിപ്പിച്ചതും സമർപ്പിച്ചതുമായ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ലാന്റ് റവന്യു കമ്മീഷണറേറ്റിൽ ഒരു പ്രത്യേക ഡാഷ് ബോർഡ് ഓപ്പൺ ചെയ്ത് അതിൽ രേഖപ്പെടുത്തും. 140 എംഎൽഎ മാർക്കും ഡാഷ് ബോർഡിൽ പ്രവേശിക്കാനാകും. എംഎൽഎ മാർ ഉന്നയിച്ച കാര്യങ്ങളിൽ സ്വീകരിച്ചിട്ടുള്ള നടപടികളും ഡാഷ് ബോർഡിൽ കാണാൻ സാധിക്കുമെന്നും റവന്യു വകുപ്പ് മന്ത്രി യോഗത്തിൽ അറിയിച്ചു.
റവന്യു മന്ത്രി കെ.രാജനു പുറമേ, വ്യവസായ നിയമ വകുപ്പ് മന്ത്രി പി.രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എംഎൽഎ മാരായ പി.ടി.തോമസ്, കെ.ബാബു, റോജി എം ജോൺ, എൽദോസ് കുന്നപ്പള്ളിൽ, പി.വി.ശ്രീനിജൻ, കെ.എൻ.ഉണ്ണികൃഷ്ണൻ, കെ.ജെ.മാക്സി, ആന്റണി ജോൺ, ടി.ജെ.വിനോദ്, മാത്യു കുഴൽനാടൻ, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, ജില്ലാ കളക്ടർ, സബ്ബ് കളക്ടർ, ലാന്റ് റവന്യു ഡെപ്യൂട്ടി കമ്മീഷണർ, സർവ്വേ, ഹൗസിംഗ്, സംസ്ഥാന നിർമ്മിതി കേന്ദ്ര, ഐഎൽഡിഎം ഡയറക്ടർമാരും യോഗത്തിൽ പങ്കെടുത്തു.
Content Highlights:Strict action will be taken against those who take bribes says Minister K Rajan