നാലംഗ റിലേ ടീമിൽ മൂന്ന് പേർ മലയാളികളാണ്, ഏറ്റവും വേഗത്തിൽ ഫിനിഷ് ചെയ്തതും മലയാളി താരം
ടോക്യോ ഒളിമ്പിക്സില്‍ പുരുഷന്മാരുടെ 4×400 മീറ്റര്‍ റിലേയില്‍ ഏഷ്യന്‍ റെക്കോഡ് തിരുത്തിക്കുറിച്ചിരിക്കുകയാണ് ഇന്ത്യൻ ടീം. രണ്ടാം ഹീറ്റ്സിൽ മത്സരിച്ച ഇന്ത്യ 3:00.25 സെക്കന്റില്‍ ഫിനിഷിങ് ലൈന്‍ തൊട്ടത്. നാലംഗ റിലേ ടീമിൽ മൂന്ന് പേർ മലയാളികളാണ്.
2018 ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഖത്തറിന്റെ ഏഷ്യൻ റെക്കോഡാണ് ഇന്ത്യ തകർത്തത്. 3: 00.56 എന്ന സമയത്തിനായിരുന്നു അന്ന് ഖത്തറിന്റെ ഫിനിഷ്.
മുഹമ്മദ് അനസ് യഹിയ, നോഹ നിര്‍മല്‍ ടോം, ആരോക്യ രാജീവ്, അമോജ് ജേക്കബ് എന്നിവരാണ് ടോക്യോയിൽ 4×400 മീറ്റര്‍ റിലേയിൽ ഇന്ത്യക്കായി ട്രാക്കിലിറങ്ങിയത്. മുഹമ്മദ് അനസ്, നോഹ നിര്‍മല്‍ ടോം, അമോജ് ജേക്കബ് എന്നിവരാണ് മലയാളി താരങ്ങള്‍.
അവസാന ലെഗ് ഓടിയ അമോജ് ജേക്കബാണ് റിലേയിൽ ഇന്ത്യൻ റിലേ ടീമിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. 44.68 സെക്കൻഡിലാണ് അമോജിന്റെ ഫിനിഷ്. 44.84 സെക്കൻഡിൽ ഫിനിഷ് ചെയ്ത രാജീവ് ആരോക്കിയയിൽ നിന്ന് ബാറ്റൺ ഏറ്റുവാങ്ങിയ അമോജിന് രണ്ട് എതിരാളികളെ മറികടന്ന് ടീമിനെ ആറാം സ്ഥാനത്തുനിന്ന് നാലാം സ്ഥാനത്തെത്തിക്കാനും കഴിഞ്ഞു.
Read More: ‘ഞങ്ങൾ രാജ്യത്തിനായാണ് കളിക്കുന്നത്; ജാതീയ പരാമർശങ്ങൾ സംഭവിക്കാൻ പാടില്ലാത്തത്:’ വന്ദന കട്ടാരിയ
ദേശീയ റെക്കോർഡ് ഉടമയായാണ് യഹിയ. ടോക്യോയിൽ 45.60 സെക്കൻഡിൽ യഹിയ ഫിനിഷ് ചെയ്തു. 45.0 സെക്കൻഡിലാണ് നോഹ നിര്‍മല്‍ ടോമിന്റെ ഫിനിഷ്.
ഏഷ്യൻ റെക്കോർഡ് തകർത്തെങ്കിലും ഇന്ത്യക്ക് അവസാന റൗണ്ടിലേക്ക് യോഗ്യത നേടാനായില്ല. രണ്ടാം ഹീറ്റ്സിൽ നാലാമതായി ഫിനിഷ് ചെയ്ത ഇന്ത്യ ഓവറോൾ ഫിനിഷിങ്ങിൽ ഒമ്പതാം സ്ഥാനത്തായതോടെ എട്ട് ടീമുകളുള്ള അവസാന റൗണ്ടിൽ പ്രവേശിക്കാതെ പുറത്താവുകയായിരുന്നു.
Read More: Tokyo Olympics 2020: പൊരുതി വീണു; വനിതാ ഹോക്കിയിൽ വെങ്കലമില്ലാതെ മടക്കം
രണ്ട് ഹീറ്റ്സുകളിലും നിന്നായി ആദ്യ മൂന്ന് സ്ഥാനക്കാരും അടുത്ത രണ്ട് വേഗമേറിയവരുമാണ് ഫൈനലിന് യോഗ്യത നേടുന്നത്.
ജൂണിൽ നടന്ന ദേശീയ അന്തർസംസ്ഥാന ചാമ്പ്യൻഷിപ്പിൽ നേടിയ 3: 01.89 എന്ന സമയത്തിന്റെ അടിസ്ഥാനത്തിലാണ് റിലേ ടീം ഒളിമ്പിക്സിന് യോഗ്യത നേടിയത്. അത് ലോക അത്ലറ്റിക്സ് പട്ടികയിൽ പതിമൂന്നാം സ്ഥാനത്തെത്താനും ടീമിന്റെ അന്തർസംസ്ഥാന ചാമ്പ്യൻഷിപ്പിലെ പ്രകടനത്തിന് കഴിഞ്ഞു.
Web Title: 4x400m relay team indian breaks asian record amoj jacob muhammed anas yahiya tom noah nirmal rajiv arokia