ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മധ്യനിര ബാറ്റ്സ്മാനായാണ് രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്
നോട്ടിങ്ഹാം: ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട രണ്ട് വര്‍ഷത്തെ കാലയളവില്‍ ടീമിനായി എന്തും ചെയ്യാന്‍ തയാര്‍ എന്ന മാനസികാവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ് കെ.എല്‍. രാഹുല്‍.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മധ്യനിര ബാറ്റ്സ്മാനായാണ് രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഷുഭ്മാന്‍ ഗില്ലിന്റേയും, മായങ്ക് അഗര്‍വാളിന്റേയും പരുക്കുകള്‍ രാഹുലിന് അവസരം ഒരുക്കി.
“കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഞാന്‍ മനസിലാക്കിയത് എന്ത് ചെയ്യാനും തയാറായിരിക്കുക എന്നതാണ്. ടീമില്‍ പല റോളുകളും ഞാന്‍ ചെയ്യേണ്ടി വന്നു. അതെല്ലാം ഞാന്‍ ആസ്വദിക്കുന്നു. ഇതും അതുപോലൊരു അവസരമാണ്,” രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 183 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ രാഹുലിന്റെ മികവിലാണ് ബാറ്റിങ് തകര്‍ച്ചയില്‍ നിന്ന് പോലും കരകയറിയത്. 84 റണ്‍സെടുത്ത താരത്തിന്റെയും അര്‍ധ സെഞ്ചുറി നേടിയ ജഡേജയുടേയും പ്രകടനത്താല്‍ ഇന്ത്യ 95 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡും നേടി.
പല കളികള്‍ പല റോളുകളില്‍ എത്തുമ്പോഴുള്ള മാനസികാവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോഴും രാഹുലിന് കൃത്യമായ മറുപടി ഉണ്ടായിരുന്നു. “ടെസ്റ്റ് ക്രിക്കറ്റില്‍ പലപ്പോഴും ഞാന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്തിട്ടുണ്ട്. ഇത് ഒരു അവസരമായാണ് കാണുന്നത്, ഇത് പരമാവധി ഉപയോഗിക്കും,” രാഹുല്‍ പറഞ്ഞു.
Also Read: പന്ത് എന്റെ സ്ഥലത്താണോ, ഞാൻ ഷോട്ടുകൾ കളിച്ചിരിക്കും: രോഹിത് ശർമ്മ