തിരുവനന്തപുരം: കേരളത്തിലെ പ്രതിപക്ഷ നേതാവിനും പാര്‍ട്ടി നേതൃത്വത്തിനുമെതിരേ കോൺഗ്രസ് ഹൈക്കമാന്‍ഡിന് പരാതി. സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ട വിഷയങ്ങള്‍ ഒരുപാടുണ്ടായിട്ടും നേതൃത്വം മൃദുസമീപനം സ്വീകരിച്ചുവെന്നാണ് കത്തില്‍ പറയുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന് എന്നിവരെ ലക്ഷ്യംവെച്ചാണ് കത്ത് അയച്ചിരിക്കുന്നത്.
ഗ്രൂപ്പ് നേതാക്കളുടെ അറിവോടെ അവരുമായി ചേര്‍ന്ന് നില്ക്കുന്ന ചില നേതാക്കളാണ് കത്തിന് പിന്നിലെന്നാണ് വിവരം.പുതിയ നേതൃത്വവും പ്രതിപക്ഷ നേതാവും നടത്തിയ ആദ്യ അഞ്ച് മാസത്തെ പ്രവര്‍ത്തനം വിലയിരുത്തിയാല്‍ പരാജയമാണെന്ന് കത്തില്‍ വ്യക്തമാക്കുന്നു.
മുട്ടില്‍ മരംമുറി കേസ്, മന്ത്രി എ.കെ ശശീന്ദ്രനെതിരായ പീഡനക്കേസ് ഒത്തുതീര്‍പ്പ് ആരോപണം, കോവിഡ് പ്രതിരോധത്തിലെ വീഴ്ചകള്‍ തുടങ്ങിയ വിഷയങ്ങളിലൊന്നും സര്‍ക്കാരിനെ നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിരോധത്തിലാക്കാന്‍ കഴിഞ്ഞില്ലെന്നാണ് പരാതി.
പാര്‍ട്ടിയില്‍ ഒരുതരത്തിലുള്ള കൂടിയാലോചനയും നടക്കുന്നില്ല. സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ സഭയ്ക്ക് അകത്തും പുറത്തും ഏകോപിപ്പിക്കുന്നതിന് പാര്‍ട്ടിയും പ്രതിപക്ഷവും ഒരുമിച്ച് നില്ക്കുന്നില്ല. മാധ്യമങ്ങളില്‍ വന്ന് പ്രസ്താവന നടത്തി മടങ്ങുക എന്നതിനപ്പുറം ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
പാര്‍ട്ടിക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താന്‍ കഴിയാതിരുന്നതോടെയാണ് നേതൃമാറ്റമെന്ന തീരുമാനത്തിലേക്ക് ഹൈക്കമാന്‍ഡ് എത്തിയത്. വി.ഡി സതീശനും, കെ സുധാകരനുമെതിരേ പടപ്പുറപ്പാട് ആരംഭിക്കുന്നതിന്റെ സൂചനയായിട്ട് വേണം കത്തിനെ കാണാന്‍.
Content Highlights: letter to High Command complaining the performance of opposition