തിരുവനന്തപുരം: പത്തനംതിട്ട ജില്ലയില്‍ കോവിഡ് വാക്സിന് രണ്ട് ഡോസുമെടുത്തിട്ടും വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന കേന്ദ്ര റിപ്പോര്‍ട്ടില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യഥാര്‍ത്ഥത്തില്‍ കേന്ദ്ര റിപ്പോര്‍ട്ട് വാക്സിനേഷന്റെ ഫലപ്രാപ്തിയെ സൂചിപ്പിക്കുന്നുവെന്നാണ് മന്ത്രി പറയുന്നത്.
ജില്ലയില്‍ രണ്ടാം ഡോസ് സ്വീകരിച്ച് 15 ദിവസം കഴിഞ്ഞ ശേഷം കോവിഡ് ബാധിച്ചവരുടെ എണ്ണം 258 ആണ്. ഇതില്‍ വെറും നാല് പേര് മാത്രമാണ് മരിച്ചതെന്നും അവരെല്ലാവരും 80 വയസ്സിന് മുകളില്‍ പ്രായമുള്ളവരും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരുമായിരുന്നു. ബാക്കിയുള്ള 254 പേര്‍ക്കും ഗുരുതരമായി കോവിഡ് ബാധിച്ചില്ല എന്നത് വാക്സിനേഷന്റെ ഫലപ്രാപ്തിയാണ് സൂചിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം വാക്സിനേഷന് സംബന്ധിച്ച് തെറ്റായ പ്രചാരണങ്ങളുണ്ടാകാതിരിക്കാന് മാധ്യമങ്ങളുടെ സഹകരണം വേണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രണ്ടാം ഡോസ് വാക്സിനെടുത്ത ശേഷം 5042 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 15 ദിവസം കഴിഞ്ഞ ശേഷം വൈറസ് ബാധിച്ചത് 258 പേര്‍ക്കാണ്. 15 ദിവസം കഴിഞ്ഞ ശേഷമാണ് വാക്സിന്റെ ഫലപ്രാപ്തി സംബന്ധിച്ച് കൃത്യമായി അറിയാന്‍ കഴിയുക.
വാക്സിനെടുത്തവരെ സംബന്ധിച്ച് രോഗം വരാനുള്ള സാധ്യത കുറവാണ് എന്നത് പോലെ രോഗം വന്നാല്‍ തന്നെ അത് ഗുരുതരമാകാനോ മരണം സംഭവിക്കാനോ ഉള്ള സാധ്യതയും കുറവാണെന്നും കേന്ദ്ര റിപ്പോര്‍ട്ട് അടിവരയിടുന്നുവെന്ന് മന്ത്രി പറഞ്ഞു.ബ്രേക് ത്രൂ ഇന്ഫെക്ഷന് കേരളത്തിലുണ്ടെന്നത് നേരത്തെ തന്നെ നിയമസഭയില്‍ പറഞ്ഞിട്ടുള്ളതാണെന്നും മന്ത്രി വ്യക്തമാക്കി.
പത്തനംതിട്ട ജില്ലയില്‍ ഒന്നാം ഡോസ് സ്വീകരിച്ച 14,000ല്‍ അധികം ആളുകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. വാക്സിന് വിതരണത്തില്‍ എന്തെങ്കിലും അപാകതയുണ്ടോ എന്ന് പരിശോധിക്കാനും കേരളത്തിലെ രോഗവ്യാപനം പഠിക്കാനെത്തിയ ആറംഗ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രം നിര്‍ദേശിച്ചിരുന്നു.
Content Highlights: Veena George on covid positive despite two shots of covid vaccination