ന്യൂഡല്‍ഹി: അസം-മിസോറം അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം. മിസോറമിലേക്കുളള നാലുട്രക്കുകള് അസമിലെ കചാര്‍ ജില്ലയില്‍ വെച്ച് നാട്ടുകാര്‍ തകര്‍ത്തു.
അസം-മിസോറം അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മിസോറമിലേക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാനിരോധനം അസം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ചരക്കുനീക്കത്തിനും അനുമതി നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നടപടികളെ കാറ്റില്‍ പറത്തിയാണ് ട്രക്കുകള്‍ക്ക് നേരെ നാട്ടുകാര്‍ തിരിഞ്ഞത്.
കരിംഗഞ്ചില്‍ നിന്ന് മുട്ടയുമായി മിസോറമിലേക്ക് പോവുകയായിരുന്നു ട്രക്കുകള്‍. വാഹനങ്ങള്‍ കചാര്‍ ജില്ലയില്‍ പ്രവേശിച്ചതോടെ പ്രദേശവാസികളില്‍ ചിലര്‍ വാഹനം തടഞ്ഞു. തുടര്‍ന്ന് ചരക്കുമായി എങ്ങോട്ടാണ് വാഹനം പോകുന്നതെന്നും അവര്‍ അന്വേഷിച്ചു. മിസോറമിലേക്കാണ് യാത്രയെന്ന് പറഞ്ഞതോടെയാണ് പ്രദേശവാസികള്‍ ട്രക്കുകള്‍ തകര്‍ത്തത്. വിവരമറിഞ്ഞ് പോലീസ് സംഭവസ്ഥലത്തെത്തിയതോടെയാണ് സ്ഥിതി ശാന്തമായത്.
ജൂലായ് 26ന് അസം-മിസോറം അതിര്‍ത്തിയില്‍ ഇരുസംസ്ഥാനങ്ങളുടെയും പോലീസ് സേനകള്‍ ഏറ്റുമുട്ടിയിരുന്നു. ഇതോടെ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. ഓഗസ്റ്റ് അഞ്ചിന് ഇരുസംസ്ഥാനങ്ങളിലേയും മന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുകയും അതിര്‍ത്തിയില്‍ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ വിലയിരുത്തുകയും ചെയ്തു.
പ്രശ്നങ്ങള്‍ക്ക് ചര്‍ച്ചകളിലൂടെ പരിഹാരിക്കാനും ശാശ്വതപരിഹാരം കണ്ടെത്താനും കൂടിക്കാഴ്ചയില്‍ തീരുമാനമെടുത്തിരുന്നു. ഇതു സംബന്ധിച്ച സംയുക്ത പ്രസ്താവനയില്‍ ഇരുസംസ്ഥാനങ്ങളും ഒപ്പു വെച്ചിരുന്നു. എന്നാല്‍ ഇതിന് പിറകേയാണ് വെള്ളിയാഴ്ച രാത്രി വീണ്ടും അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടായത്.
Content Highlights: four mizoram-bound trucks vandalised in assam