തിരുവനന്തപുരം: രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരത്തിന്റെ പേരുമാറ്റി മേജര്‍ ധ്യാന്‍ ചന്ദ് പുരസ്കാരമാക്കിയ നടപടിയെ വിമര്‍ശിച്ച കോണ്‍ഗ്രസിനെതിരേ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്. ഖേല്‍രത്ന പുരസ്കാരത്തിന്റെ പേര് മാറ്റിയതിന് പിന്നാലെ ഗുജറാത്തിലെ മോദി സ്റ്റേഡിയത്തിന്റെ പേര് മാറ്റാന്‍ തയ്യാറുണ്ടോയെന്ന ചോദിച്ച കോണ്‍ഗ്രസുകാര്‍ക്ക് നെഹ്രു കുടുംബത്തിന്റെ പേരിലുള്ള വിവിധ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ പട്ടിക നിരത്തിയാണ് ഗോപാലകൃഷ്ണന്റെ മറുപടി.
മോദി ഇടുന്ന ചൂണ്ടയില്‍ കൃത്യമായി പോയി കൊത്തുമെന്നതാണ് കോണ്‍ഗ്രസിന്റെ പ്രത്യേകത. 449 സ്ഥാപനങ്ങള്‍, പദ്ധതികള്‍, സ്റ്റേഡിയങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവ നെഹ്രു കുടുംബത്തിന്റെ പേരില്‍ മാത്രമായി ഇന്ത്യയിലുണ്ട്. ഒരു നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ പേര് മാറ്റുന്നതിനോടൊപ്പം ഈ 449 എണ്ണത്തിന്റേയും കൂടി പേര് മാറിയാല്‍ എങ്ങനിരിക്കുമെന്നും അദ്ദേഹം ചോദിച്ചു. ഏഴു വര്‍ഷം കഴിഞ്ഞിട്ടും നിങ്ങള്‍ക്ക് മോദിയെ മനസ്സിലായിട്ടില്ല എന്നതില്‍ സഹതാപം മാത്രമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോള്‍ തായ്വേര് നഷ്ടപ്പെട്ട നെഹ്രു കുടുംബം ഇതോടെ ഇന്ത്യയില്‍ വിസ്മൃതിയിലാകുമെന്നതില് സംശയമില്ല. അതിന്റെ തുടക്കമാണ് ഈ പേര് മാറ്റവും കോണ്‍ഗ്രസ്സിന്റെ വെല്ല് വിളിയും. ഇനി വിലപിക്കാനെ കോണ്‍ഗ്രസ്സിന് കഴിയുവെന്നും അദ്ദേഹം പറഞ്ഞു.
ഗോപാലകൃഷ്ണന് നിരത്തിയ പട്ടിക
64 കേന്ദ്ര/സംസ്ഥാന ഗവണ്മെന്റ് പദ്ധതികള്‍
28 ടൂര്‍ണമെന്റ്കള്‍/ ട്രോഫികള്‍
15 സ്കോളര്‍ഷിപ്പുകള്‍/ഫെലോഷിപ്പുകള്‍
19 സ്റ്റേഡിയങ്ങള്‍
39 ആശുപത്രികള്‍
78 കെട്ടിടങ്ങള്‍/റോഡുകള്‍
5 വിമാനത്താവളങ്ങള്‍/തുറമുഖങ്ങള്‍
98 സര്‍വ്വകലാശാലകള്‍/വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
15 മ്യൂസിയങ്ങള്‍/നാഷണല്‍ പാര്‍ക്കുകള്‍
51 അവാര്‍ഡുകള്‍
37 ഇന്‍സ്റ്റിറ്റിയൂഷന്‍സ്/ചെയറുകള്‍
content highlights: b gopalakrishnan comments against congress