Tokyo Olympics 2020: കസാഖിസ്താന്റെ ദൗലത്ത് നിയാസ്ബെക്കോവിനെ 8–0 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ബജ്രംഗിന്റെ മെഡൽ നേട്ടം
Tokyo Olympics 2020: ടോക്കിയോ ഒളിംപിക്സ് പുരുഷന്മാരുടെ 65 കിലോ ഫ്രീസ്റ്റൈൽ വിഭാഗം ഗുസ്തി മത്സരത്തിൽ ഇന്ത്യയുടെ ബജ്രംഗ് പൂനിയക്ക് വെങ്കല മെഡൽ. മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരത്തിൽ കസാഖിസ്താന്റെ ദൗലത്ത് നിയാസ്ബെക്കോവിനെയാണ് ബജ്രംഗ് പൂനിയ 8–0 എന്ന സ്കോറിന് പരാജയപ്പെടുത്തിയത്. ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയുടെ ആറാം മെഡൽ നേട്ടമാണിത്.
ക്വാര്‍ട്ടറില്‍ ഇറാൻ താരം മൊര്‍ത്തേസ ഗിയാസിയെ തോൽപിച്ചാണ് ഇന്ത്യൻ താരം സെമിയിലെത്തിയത്. എന്നാൽ സെമിയിൽ പരാജയപ്പെട്ട താരം മൂന്നാം മെഡലിനായുള്ള പോരാട്ടത്തിലേക്ക് എത്തുകയായിരുന്നു.
സെമിഫൈനലിൽ റിയോ ഒളിംപിക്സിൽ വെങ്കല മെഡല്‍ നേടിയ അസര്‍ബൈജാന്റെ ഹാജി അലിയായിരുന്നു ബജ്റംഗ് പൂനിയയുടെ എതിരാളി.
Read More: Tokyo Olympics: ചരിത്ര മെഡല്‍ അദിതിക്ക് നഷ്ടം; അവസാന റൗണ്ടില്‍ നാലാം സ്ഥാനം
ഇതിനകം ഇന്ത്യ രണ്ട് വെള്ളിയും മൂന്ന് വെങ്കലവും നേടിയിരുന്നു. മീരാബായ് ചാനു, രവി ദഹിയ എന്നിവർ വെള്ളിയും, പി.വി.സിന്ധു, ലവ്ലിന ബോർഗോഹെയ്ൻ, ഇന്ത്യൻ പുരുഷ ഹോക്കി ടീം എന്നിവർ വെങ്കലവും നേടി. ഇപ്പോൾ ബജ്രംഗ് പൂനിയയുടെ മെഡൽ നേട്ടത്തോടെ മെഡലുകളുടെ എണ്ണത്തിൽ 2012 ലണ്ടൻ ഒളിംപിക്സിലെ ആറ് മെഡലുകൾ എന്ന റെക്കോർഡ് നേട്ടത്തോടൊപ്പമെത്താൻ ടോക്കിയോയിൽ ഇന്ത്യക്ക് കഴിഞ്ഞു.
Read More: ‘നമ്മുടെ സ്വപ്നമായിരുന്നു ഇത്’; ഇന്ത്യയുടെ ചരിത്ര വിജയം ആഘോഷിച്ച് മുന്‍ കേരള ഹോക്കി താരങ്ങള്‍
ടോക്കിയോയിൽ മെഡൽ പട്ടികയിൽ ഇന്ത്യ നിലവിൽ 66-ാം സ്ഥാനത്താണ്. ശനിയാഴ്ചയോടെ ഇന്ത്യൻ താരങ്ങൾ പങ്കെടുക്കുന്ന മത്സരങ്ങൾ എല്ലാം പൂർത്തിയാവും. ഒളിംപിക്സ് സമാപന ചടങ്ങ് ഞായറാഴ്ച നടക്കും. സമാപന ചടങ്ങിൽ ബജ്രംഗ് ഇന്ത്യയുടെ പതാക വഹിക്കും.