കോഴിക്കോട്: കുഞ്ഞാലിക്കുട്ടിയുടെ ആധിപത്യം ലീഗില്‍ അവസാനിക്കുകയാണെന്ന് കെ.ടി ജലീല്‍ എം.എല്‍.എ. ലീഗ് നേതൃയോഗത്തിനുശേഷം മുസ്ലിം ലീഗ് നേതാക്കള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് തൊട്ടുപിന്നാലെയാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശവുമായി ജലീല്‍ രംഗത്തെത്തിയത്.
‘ലീഗ് നേതാക്കള്‍ നടത്തിയ വാര്‍ത്താ സമ്മേളനം മാതൃകാപരമായിരുന്നു. കുഞ്ഞാലിക്കുട്ടി വായ തുറക്കാത്ത ലീഗിന്റെ ചരിത്രത്തിലെ ആദ്യ വാര്‍ത്താ സമ്മേളനമാണ് ഇന്ന് കോഴിക്കോട് നടന്നത്. സ്വാദിഖലി ശിഹാബ് തങ്ങള്‍ക്ക് സ്വസ്ഥമായി കാര്യങ്ങള്‍പറയാന്‍ പറ്റി. പി.എം.എ സലാം സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതിനു ശേഷം അദ്ദേഹത്തിന് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കാന്‍ സാധിച്ചു. ഇ.ടി മുഹമ്മദ് ബഷീറിന് പറയാന്‍ ഉദ്ദേശിച്ചതൊക്കെ പറയാന്‍ സാധിച്ചു. ആരും മൈക്ക് തട്ടിപ്പറിച്ചില്ല. വളരെ അച്ചടക്കത്തോടെയുള്ള വാര്‍ത്താ സമ്മേളനമാണ് ഇന്ന് നടന്നത്. കുഞ്ഞാലിക്കുട്ടിയുടെ ആഥിപത്യം ലീഗില്‍ അവസാനിക്കുകയാണെന്ന് പറഞ്ഞത് ഇതെല്ലാം മുന്‍നിര്‍ത്തിയാണ് – കെ ടി ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ലീഗില്‍ ശുദ്ധികലശം നടത്തേണ്ടി വരും. എന്താണോ കേരളത്തിലെ ജനാധിപത്യ സമൂഹം ആഗ്രഹിച്ചത്, അതാണ് ഇപ്പോള്‍ നടന്നത്. മാഫിയ രാഷ്ട്രീയത്തിന് എതിരായിട്ടുള്ള ശക്തമായ ഒരു താക്കീത് തന്നെയാണ് ഇന്നത്തെ ലീഗ് നേതൃ യോഗത്തില്‍ ഉണ്ടായിട്ടുള്ളത്. കുഞ്ഞാലിക്കുട്ടി യുഗം ലീഗില്‍ അവസാനിക്കുകയാണ്. ബ്ലാക്ക് മെയില്‍ രാഷ്ട്രീയത്തിന്റെ ആശാനാണ് കുഞ്ഞാലിക്കുട്ടി. അത് കൊണ്ടാണ് അദ്ദേഹത്തോട് അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കണമെന്ന് തോന്നിയത്.
സേഠിനെ പുറത്താക്കിയതും പിഎം അബൂബക്കര്‍, യു.എ ബീരാന് എന്നിവരെയും പുറത്താക്കാന്‍ നേതൃത്വം നല്കിയതും കുഞ്ഞാലിക്കുട്ടിയാണ്. അദ്ദേഹത്തിനും ഒരു പുറത്ത് പോകല്‍ അനിവാര്യമാണ്. പാണക്കാട് കുടുംബത്തിന്റെ മേസ്തിരിപ്പണി ആരെയും ഏല്‍പ്പിച്ചിട്ടില്ല എന്നാണ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞത്. അത് കുഞ്ഞാലിക്കുട്ടിയെക്കുറിച്ചാണ് പറഞ്ഞത് എന്ന് തന്നെയാണ് കരുതേണ്ടതെന്നും കെ.ടി ജലീല്‍ പറഞ്ഞു.
Content Highlights: kt jaleel talking about kunhalikutty after the League leadership meeting