വരിസംഖ്യയുടെ പണം അടക്കം കാണാനില്ല
കാണാതായത് നാലുകോടിയിലധികം രൂപ
മലപ്പുറം: ചന്ദ്രിക ദിനപ്പത്രം കേന്ദ്രീകരിച്ച് കോടികളുടെ സാമ്പത്തിക തിരിമറി നടന്നുവെന്ന് ചൂണ്ടിക്കാട്ടി ചന്ദ്രിക ജീവനക്കാർ മുസ്ലീം ലീഗ് നേതാക്കൾക്ക് കത്തുനൽകി. വരിസംഖ്യയായി പിരിച്ച പണം അടക്കം വലിയ തുക കാണാതായി എന്നു തുടങ്ങി ഗുരുതര ആരോപണങ്ങൾ കത്തിലുണ്ട്.
ചന്ദ്രിക വിവാദത്തിന്റെ ആദ്യഘട്ടത്തിൽ കെ.ടി ജലീൽ ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
“ചന്ദ്രികയുടെ നവീകരണത്തിനായി ഖത്തർ കെ.എം.സി.സി നൽകിയ നാലു കോടി രൂപ, വരിസംഖ്യയായി പിരിച്ച പണം, പരസ്യ റവന്യൂ തുടങ്ങി വിവിധ ഇനത്തിലായി കോടിക്കണത്തിന് രൂപ കാണാനില്ല. 2013-14 കാലത്ത് 85,600 രൂപ മാത്രമായിരുന്നു ചന്ദ്രികയുടെ നഷ്ടം. ഇന്ന് അത് നാലുകോടിയോളം രൂപയിൽ എത്തി. സാമ്പത്തിക പ്രശ്നം ചൂണ്ടിക്കാട്ടി ജീവനക്കാരെ പുറത്താക്കുന്ന നടപടി വരെ കാര്യങ്ങൾ എത്തി. പി.എം.എ സമീർ സാമ്പത്തിക ഡയറക്ടർ ചുമതലയേറ്റശേഷമാണ് ചന്ദ്രിക പൂർണമായും തകർച്ചയിലേക്ക് കൂപ്പുകുത്തിയത്.” ജീവനക്കാർ നൽകിയ കത്തിൽ പറയുന്നു.
മാധ്യമ മേഖലയുമായി യാതൊരുവിധ ബന്ധവുമില്ലാത്ത വ്യക്തിയാണ് പി.എം.എ സമീർ എന്നും ഇയാൾ ‘ആഷിക് സമീർ’ എന്ന സ്വകാര്യ കമ്പനി വഴിയാണ് ചന്ദ്രികയുടെ രേഖകളും മറ്റും കൈകാര്യം ചെയ്തിരുന്നത് എന്നും കത്തിൽ ആരോപിക്കുന്നു. ആഷിക് സമീർ എന്ന സ്വകാര്യ കമ്പനിക്ക് ചന്ദ്രികയുടെ ഫണ്ടിൽ നി്ന്ന് ശമ്പളം നൽകിയതിനെയും കത്തിൽ ചോദ്യം ചെയ്യുന്നു.
ചന്ദ്രികയ്ക്കെതിരെ ഗുരുതര സ്ഥലമിടപാട് ആരോപണങ്ങളും കത്തിലുണ്ട്. കോഴിക്കോട്, കൊച്ചി തുടങ്ങിയ സ്ഥലത്ത് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമി ചന്ദ്രികയുടെ പേരിൽ ഉണ്ടായിരുന്നെന്നും അത് മറിച്ചുവിറ്റെന്നും ആ പണമിടപാടുകളുടെ കണക്കുകൾ എവിടെയും വ്യക്തമാക്കിയിട്ടില്ലെന്നും ജീവനക്കാർ ആരോപിക്കുന്നു.
വരുംദിവസങ്ങൾ മുസ്ലീംലീഗിനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്ന ആരോപണങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
Content Highlights: Grave allegations against Chandrika newspaper by its employees