ആദ്യമായാണ് ഇന്ത്യ ഒളിംപിക്സില്‍ ഏഴ് മെഡല്‍ നേടുന്നത്
Tokyo Olympics 2020: നീരജ് ചോപ്രയുടെ സ്വര്‍ണ നേട്ടം ഇന്ത്യയിലെ 130 കോടിയിലധികം വരുന്ന ജനങ്ങളുടെ ഹൃദയം കീഴടക്കി. പലരും സന്തോഷം കാരണം കണ്ണീരണിഞ്ഞു. ഇന്ത്യയുടെ ദേശീയ ഗാനം പ്രധാന വേദിയില്‍ മുഴങ്ങി കേട്ടപ്പോള്‍ അത് മറ്റൊരു ചരിത്രം കൂടിയായി.
ടോക്കിയോയിലെ ഇന്ത്യയുടെ അവസാന ഇവന്റ് ആയിരുന്നു ജാവലിന്‍ ത്രോ. സ്വര്‍ണമണിഞ്ഞാണ് നീരജ് ചോപ്ര ഇന്ത്യയുടെ പോരാട്ടം അവസാനിപ്പിച്ചത്. ഏഴ് മെഡലുകള്‍, ഒരു സ്വര്‍ണം, രണ്ട് വെള്ളി, നാല് വെങ്കലം. സ്വര്‍ണത്തിന്റെ അത്ര തിളക്കമുണ്ടായിരുന്നു ഓരോന്നിനും.
1. മീരാബായി ചാനു ( വെള്ളി, ഭാരോദ്വഹനം)
മീരാബായി ചാനുവാണ് ടോക്കിയോയിലെ ഇന്ത്യയുടെ മെഡല്‍ പട്ടികയിലേക്ക് ആദ്യ സംഭാവന നടത്തിയത്. 49 കിലോഗ്രാം ഭാരോദ്വഹനത്തില്‍ വെള്ളിയുമായി. രണ്ട് റൗണ്ടുകളിലുമായി 202 കിലോ ഗ്രാമാണ് മീരാബായി ഉയര്‍ത്തിയത്. 21 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്ക് മഡല് നേട്ടം. ഒളിംപിക്സ് ചരിത്രത്തില്‍ തന്നെ ആദ്യ ദിനത്തില്‍ ഇന്ത്യ മെഡല്‍ പട്ടികയിലെത്തുകയും ചെയ്തു മണിപ്പൂരില്‍ നിന്നെത്തിയ 26 കാരിയുടെ പ്രകടനം കൊണ്ട്.
2. പി.വി സിന്ധു (വെങ്കലം, ബാഡ്മിന്റണ്‍)
ബാഡ്മിന്റണില്‍ തുടര്‍ച്ചയായ രണ്ടാം ഒളിംപിക്സിലും മെഡല്‍ നേട്ടവുമായി സിന്ധു തിളങ്ങി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയും, രണ്ടാമത്തെ ഇന്ത്യന്‍ അത്ലീറ്റ് ആകാനും സിന്ധുവിനായി. ചൈനയും ഹി ബിങ് ജിയാവോയെ 21-13, 21-15 എന്ന സ്കോറില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഹൈദരബാദുകാരി പരാജയപ്പെടുത്തിയത്.
3. ലവ്ലിന ബോർഗോഹൈൻ (വെങ്കലം, ബോക്സിങ്)
വിജേന്ദര്‍ സിങ്ങിനും മേരി കോമിനും ശേഷം ഒളിംപിക്സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ബോക്സറാണ് ലവ്ലിന. ചൈനീസ് തായ്പെയുടെ നെയിന് ചിന് ചെന്നിനെ ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയാണ് ലവ്ലിന മെഡല്‍ ഉറപ്പിച്ചത്. സെമി ഫൈനലില്‍ നിലവിലെ ലോക ചാമ്പ്യയായ ബുസെനാണ് സുര്‍മെനെലിയോട് പരാജയപ്പെട്ടു. 23 കാരിയായ ലവ്ലിന അസാം സ്വദേശിയാണ്.
4. രവി കുമാര്‍ ദഹിയ (വെള്ളി, ഗുസ്തി)
തന്റെ ആദ്യ ഒളിംപിക്സില്‍ തന്നെ 57 കിലോ ഗ്രാം വിഭാഗം ഫ്രീസ്റ്റൈലില്‍ മെഡല്‍ നേട്ടം. വ്യക്തിഗത വിഭാഗത്തില്‍ വെള്ളി നേടുന്ന ഏഴാമത്തെ ഇന്ത്യക്കാരന്. സോനിപത്തില്‍ ജനിച്ചു വളര്‍ന്ന രവി കുമാര്‍ ഫൈനലില്‍ ലോക ചാമ്പ്യനായ റഷ്യയുടെ സവുര്‍ ഉഗേവിനോടാണ് പരാജയപ്പെട്ടത്.
5. ഹോക്കി (വെങ്കലം, പുരുഷ വിഭാഗം)
41 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഹോക്കിയില്‍ ഇന്ത്യയ്ക്ക് മെഡല്‍. വെങ്കല മെഡല്‍ മത്സരത്തില്‍ ജര്‍മനിയോട് 5-4 എന്ന സ്കോറിനാണ് വിജയം. 1-3 എന്ന നിലയില്‍ പിന്നില്‍ നിന്ന ശേഷം അതിശയകരമായ തിരിച്ചു വരവിലൂടെയായിരുന്നു ചരിത്രം കുറിച്ചത്. ടോക്കിയോയിലെ ഇന്ത്യയുടെ അഞ്ചാം മെഡലായിരുന്നു ഹോക്കിയിലൂടെ നേടിയത്.
6. ബജ്രംഗ് പൂനിയ (വെങ്കലം, ഗുസ്തി)
ടോക്കിയോയിലെ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്നു ബജ്രംഗ് പൂനിയ. ഗോദയില്‍ നിന്ന് പൂനിയ സ്വര്‍ണ കൊണ്ടു വരുമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഖസാക്കിസ്ഥാന്റെ ഡൗലറ്റ് നിയാസ്ബെക്കോവിനെ 8-0 എന്ന സ്കോറിനാണ് വെങ്കല പോരാട്ടത്തില്‍ താരം കീഴടക്കിയത്.
7. നീരജ് ചോപ്ര (സ്വര്‍ണം, ജാവലിന്‍ ത്രോ)
ഇന്ത്യയുടെ ഒളിംപിക് ചരിത്രത്തില്‍ അത്ലറ്റിക്സിലെ ആദ്യ മെഡല്‍, അതും സ്വര്‍ണം. അഭിനവ് ബിന്ദ്രയ്ക്ക് ശേഷം വ്യക്തിഗത വിഭാഗത്തിലെ ആദ്യ സ്വര്‍ണ നേട്ടം. ജാവലിന്‍ ത്രോയില്‍ 87.58 മീറ്റര്‍ എറിഞ്ഞാണ് നീരജ് ഇന്ത്യയ്ക്കായി പുതിയ ചരിത്രം കുറിച്ചത്.
ഇത് ആദ്യമായാണ് ഇന്ത്യ ഒളിംപിക്സില്‍ ഏഴ് മെഡല്‍ നേടുന്നത്. 69 ഇനത്തിലായി 126 അത്ലീറ്റുകളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ടോക്കിയോയില്‍ മത്സരിച്ചത്.
Also Read: Tokyo Olympics: ‘ആ ചിരിയില്‍ എല്ലാമുണ്ട്’; നീരജിനെ ചേര്‍ത്ത് പിടിച്ച് ശ്രീജേഷ്